നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 10

Spread the love

സൂര്യകാന്തി

രാവേറെ ചെന്നിട്ടും സൂര്യനാരായണൻ ഉറങ്ങിയിരുന്നില്ല..അക്ഷമനായി ഇടയ്ക്കിടെ കൈയിലെ മൊബൈലിലേക്ക് നോട്ടമയച്ച് ഇരുട്ടിൽ ജനലരികെ നിൽക്കുകയായിരുന്നു അയാൾ… തുറന്നിട്ട ജനലിലൂടെ രാവിൽ വിടരുന്ന പൂക്കളുടെ സുഗന്ധം അവിടമാകെ പരന്നിരുന്നെങ്കിലും അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.. നിരാശ്ശ മനസ്സിനെ വലയം ചെയ്യാൻ തുടങ്ങിയ നിമിഷമാണ് മൊബൈൽ ശബ്ദിച്ചത്.. ഡിസ്പ്ലേയിൽ തെളിഞ്ഞത് അയാൾ ആഗ്രഹിച്ച പേര് തന്നെയായിരുന്നു.. നിശാഗന്ധി കാളിങ്.. അവസാനത്തെ റിങ്ങിലാണ് അയാൾ കോൾ എടുത്തത്..

ഫോണും ചെവിയിൽ വെച്ച് ഒന്നും പറയാതെ നിൽക്കവേ കെട്ടു.. “പിണക്കമാണോ..?സോറി… സോറി.. ഒരു നൂറു വട്ടം ..” അയാൾ ഒന്നും മിണ്ടിയില്ല.. പക്ഷെ ചെവിയിലെത്തിയ ശബ്ദത്തിന് പരിഭവങ്ങളെ അലിയിച്ചു കളയാനുള്ള കഴിവുണ്ടായിരുന്നു.. “ഹേയ് എഴുത്തുകാരാ.. പിണങ്ങാതെ.. വിളിക്കാൻ പറ്റിയില്ല്യ… സോറി പറഞ്ഞില്ലേ..” അപ്പുറത്ത് നിന്നാ ശബ്ദം ചിണുങ്ങി.. അയാളുടെ ചുണ്ടിൽ ചിരി തെളിഞ്ഞു തുടങ്ങി… “അല്ലെങ്കിലും തനിക്ക് ഇഷ്ടമുള്ളപ്പോൾ വിളിക്കും.. ഇഷ്ടമുള്ളപ്പോൾ സംസാരിക്കും അതാണല്ലോ പതിവ്.. വർഷങ്ങളായില്ലേ നിശാഗന്ധി വിരിയുന്നതു കാണാനുള്ള എന്റെ കാത്തിരിപ്പ് തുടങ്ങിയിട്ട്…”

അയാളുടെ ശബ്ദത്തിലെ പരിഭവം തിരിച്ചറിഞ്ഞതും അപ്പുറത്ത് നിന്നും മുത്തുമണികൾ കിലുങ്ങുന്നത് പോലൊരു ചിരി കേട്ടു… “ദേ പെണ്ണേ പാതിരയ്ക്ക് മനുഷ്യനെ വട്ടാക്കി കളിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി.. ഒരു ദിവസം തന്നെ എന്റെ കൈയിൽ കിട്ടും…” “ചൂടിലാണല്ലോ മാഷേ…?” “പിന്നല്ലാണ്ട്.. എത്ര സമയമായി ഞാൻ വെയിറ്റ് ചെയ്യുന്നു…” അറിയാതെയാണ് വാക്കുകൾ പുറത്തു വന്നു പോയത്… “ഹേയ് എന്താ ഇപ്പൊ പറഞ്ഞേ…?” “എന്ത്‌…?” “അല്ലാ.. എന്തോ വെയിറ്റ് ചെയ്ത കാര്യമൊക്കെ കേട്ടത് പോലെ…” “അത്‌.. അത്‌ എന്തായാലും താൻ എന്നെ വിളിക്കും.. എത്ര ലേറ്റ് ആയാലും.. എന്നാൽ പിന്നെ അത്‌ കഴിഞ്ഞു ഉറങ്ങാന്ന് വെച്ചു..” സൂര്യന്റെ പറഞ്ഞതും അപ്പുറത്ത് വീണ്ടും മുത്തുമണികൾ കിലുങ്ങി..

“ഓ അങ്ങനെ…” “ഹാ അങ്ങനെ തന്നെ..” “അല്ലാണ്ട് മാഷ് എൻ്റെ വിളിക്കായി കാത്ത് നിന്നതല്ല…” “എന്റെ കൊച്ചേ ആരെന്നോ ഏതെന്നോ അറിയാതെ ഈ ശബ്ദം ഞാൻ കേട്ട് തുടങ്ങിയിട്ട് വർഷങ്ങളായി.. ബോറടിച്ചു തുടങ്ങിയെന്നേ…” അപ്പുറത്ത് നിശബ്ദതയായിരുന്നു…സൂര്യനും ഒന്നും പറഞ്ഞില്ല.. ചിലപ്പോൾ അവൾ അങ്ങനെയാണ്.. ഫോണിലാണെങ്കിലും ചിലപ്പോൾ നിമിഷങ്ങൾ മൗനമായി കടന്നു പോവും.. ചിലപ്പോഴൊക്കെ ഫോണിലൂടെ ആ നിശ്വാസം ഒരു താരാട്ടായി സൂര്യനാരായണനെ ഉറക്കാറുമുണ്ട്.. തെല്ലു കഴിഞ്ഞാണ് അയാൾ വിളിച്ചത്.. “എടോ..” “ഉം..” നേർത്തൊരു മൂളലായിരുന്നു തിരികെ കിട്ടിയത്..

“എന്ത്‌ പറ്റി…?” “ഒന്നുല്ല്യ..” “അല്ലാലോ.. എന്തോ ഉണ്ട്..” “മാഷ്ക്കു ശരിക്കും ബോറടിച്ചു തുടങ്ങിയോ എന്റെ ശബ്ദം…?” ആ വാക്കുകൾ ചെറുതായൊന്നു ഇടറിയത് പോലെ തോന്നി.. സൂര്യൻ വീണ്ടും ചിരിച്ചു.. “പിന്നല്ലാതെ.. വർഷം കുറെയായില്ലേ ഒരു പൂവിൽ ഒളിഞ്ഞിരുന്നു എന്നെ പറ്റിയ്ക്കാൻ തുടങ്ങിയിട്ട്… ഒരു മാത്ര പോലും കണ്ണിൽ തെളിയാതെ …” “അത്‌.. അത്‌.. ഞാൻ.. എനിക്ക് ധൈര്യമില്ല്യാ …” “എന്തിന്…?തനിക്കെന്നെ പേടിയാണോ ഇപ്പോഴും..?” “ഉം…” “എന്തിന്… അത്രയ്ക്ക് ഭീകരനാണോടോ ഞാൻ…” “മാഷിന്റെ മുന്നിൽ വരാൻ എനിക്ക് പേടിയാ.. അതുമല്ല..” “പിന്നെന്താ…?” “വന്നാൽ..

വന്നാൽ കാണുമ്പോൾ എന്നെ ഇഷ്ടായില്ലെങ്കിലോ…?” നിഷ്കളങ്കമായ ആ വാക്കുകൾ സൂര്യനിൽ നിറഞ്ഞു നിന്നിരുന്ന പ്രണയത്തെ ഉണർത്തിയെങ്കിലും അയാൾ പറഞ്ഞു.. “കണ്ടിട്ട് ഇഷ്ടമാവാൻ ഞാൻ തന്നെ കല്യാണം കഴിക്കാനൊന്നും പോവുന്നില്ലല്ലോ..?” മറുവശത്തു വീണ്ടും നിശബ്ദത… “എന്റെ പെണ്ണിനെ പറ്റി എനിക്കുള്ള സങ്കല്പങ്ങളൊക്കെ ഞാൻ പറഞ്ഞിട്ടില്ലേ…?” മറുപടി ഒന്നും കിട്ടിയില്ല.. അടുത്ത നിമിഷം കോൾ കട്ടായി.. ചിരിയോടെ സൂര്യൻ തിരിച്ചു വിളിച്ചെങ്കിലും അപ്പുറത്ത് കോൾ അറ്റൻഡ് ചെയ്തില്ല.. ഒരിക്കൽ കൂടെ വിളിച്ചിട്ടും പ്രതികരണം ഒന്നുമില്ലാതെ ആയപ്പോൾ അയാൾ ഫോണും പിടിച്ചു കിടക്കയിലേക്ക് മലർന്നു കിടന്നു കണ്ണുകൾ അടച്ചു..

കരിമഷിയെഴുതിയ കണ്ണുകൾ നിറഞ്ഞു തുളുമ്പാറായത് മനസ്സിൽ തെളിഞ്ഞതും അയാൾ ഫോണിൽ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു.. ആള് ഓൺലൈനിൽ ഉണ്ട്.. “സോറി പെണ്ണേ.. ഒരു നൂറു നൂറു വട്ടം…” മെസ്സേജ് ടൈപ്പ് ചെയ്തു നിശാഗന്ധിയെന്ന പേരിൽ സേവ് ചെയ്തിരിക്കുന്ന നിശാഗന്ധിയുടെ ഡിപി ഇട്ടിരിക്കുന്ന നമ്പറിലേക്ക് സെന്റ് ചെയ്തു.. കണ്ടെങ്കിലും പ്രതികരണം ഒന്നുമില്ല.. “എനിക്ക് ഉറക്കം വരണില്ലെടോ..” മെസ്സേജ് അയച്ചു നീലവരകൾ തെളിഞ്ഞതിന്റെ അടുത്ത നിമിഷം വീണ്ടും സൂര്യന്റെ ഫോൺ ശബ്ദിച്ചു…

അയാൾ ചിരിയോടെ അക്‌സെപ്റ്റ് പ്രെസ്സ് ചെയ്തു മൊബൈൽ ചെവിയിൽ ചേർത്തു.. “ഉം.. എന്തേ പിണക്കമൊക്കെ തീർന്നോ..?” “എനിക്ക് പിണക്കമൊന്നുമില്ല്യ …” “സത്യം…?” മറുപടിയില്ല… “എത്രനാളായി ഞാൻ എന്റെ മുന്നിൽ ഒരു വട്ടമെങ്കിലും ഒന്ന് വരാൻ പറയുന്നു.. അതിനൊരു മറുപടി പോലും തരണില്ല..കാലം കുറെയായില്ലേ ഇങ്ങനെ കാണാമറയത്തിരിക്കുന്നു ..” “ഇടയ്ക്ക് മാഷ് വല്യ വെല്ലുവിളിയൊക്കെ നടത്തിയിരുന്നല്ലോ.. എന്നെ കണ്ടുപിടിച്ചു എൻ്റെ മുന്നിൽ വന്നു നിൽക്കുമെന്നോ മറ്റോ..?” “വന്നു നിന്നാൽ..?” ഒരു നിമിഷം കഴിഞ്ഞാണ് മറുപടി കേട്ടത്.. “നിന്നാൽ…?”

“പിന്നെ ഈ നിശാഗന്ധി പൂവ് എന്റെ സ്വന്തമാണ്.. എന്റേത് മാത്രം..ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നുമില്ലാതെ…” മറുഭാഗത്തൊരു ഞെട്ടൽ ഉണ്ടായതു അറിഞ്ഞതും സൂര്യൻ ചിരി അടക്കി പിടിച്ചു.. “സമ്മതമാണോ…?” “മാഷിന് എന്നെ ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ല്യാ..” പക്ഷെ ആ വാക്കുകൾക്ക് പണ്ടത്തേത് പോലെ ദൃഢതയില്ലെന്ന് സൂര്യൻ അറിയുന്നുണ്ടായിരുന്നു.. “അത്രയ്ക്ക് ഉറപ്പാണോ…?” “ഉം…” നേർത്ത മൂളൽ കേട്ടതും സൂര്യൻ പൊട്ടിച്ചിരിച്ചു… “നമുക്ക് കാണാം… ഒരു കാര്യം.. മുൻപിൽ വന്നു നിൽക്കുമ്പോൾ പിന്നെ വാക്ക് മാറരുത്…” മറുപടി ഒന്നുമില്ല.. “ഡോ…?” “ഉം…” “മൂങ്ങയെ പോലെ മൂളാതെ വായ തുറന്നു മറുപടി പറ പെണ്ണേ…സമ്മതമാണോ…? പിന്നെയും ഒന്ന് രണ്ടു നിമിഷങ്ങൾ കഴിഞ്ഞു മറുപടി കേൾക്കാൻ…

“സമ്മതം….” നേർത്തതെങ്കിലും ഉറപ്പുള്ള ശബ്ദം.. “എങ്കിൽ പോയി ഉറങ്ങിക്കോ…” “ഉറക്കം വരണില്ലെന്ന് പറഞ്ഞു…?” “ഇപ്പോൾ വന്നു..” മുത്തുമണികൾ വീണ്ടും കിലുങ്ങി.. “കിണുങ്ങാതെ പോയി കിടന്നുറങ്ങാൻ നോക്ക് കൊച്ചേ…” “ഗുഡ് നൈറ്റ്‌..” “ഗുഡ് നൈറ്റ്‌…” ഫോൺ ബെഡിലേക്കിട്ട് തലയിണയെടുത്ത് മാറോട് ചേർത്ത് പിടിച്ചു കിടക്കുമ്പോൾ സൂര്യനാരായണന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു… അടച്ചു വെച്ച മിഴികളിൽ തെളിഞ്ഞത് അവളായിരുന്നു… ശ്രീ രുദ്ര… വർഷങ്ങൾക്ക് മുൻപ് തന്റെ മൂന്നാമത്തെ പുസ്തകം പ്രസിദ്ധീകരിച്ച ആ ദിവസം.. രാത്രിയിൽ വൈകി ക്ഷീണത്തോടെ കിടക്കാൻ തുടങ്ങുമ്പോഴാണ് ഫോൺ റിങ് ചെയ്തത്…ആദ്യം എടുക്കേണ്ടെന്ന് കരുതിയെങ്കിലും അവസാനറിങ്ങിൽ അറ്റൻഡ് ചെയ്തു…

“ഹലോ…” “സൂര്യനാരായണൻ…?” നേർത്തൊരു ശബ്ദം… “അതെ… നിങ്ങൾ ആരാണ്…?” “ഞാൻ.. ഞാൻ മാഷിന്റെ ഒരു ആരാധികയാണ്.. മാഷിന്റെ എഴുത്ത്..” പൂർത്തിയാക്കാൻ താൻ അനുവദിച്ചില്ല… “തനിക്ക് കോമൺ സെൻസ് എന്നൊന്നില്ലെടോ..പാതിരാത്രിയ്ക്ക് ഒരാളെ ആദ്യമായി വിളിച്ചു ഇങ്ങനെയൊക്കെ പറയാൻ…?” ദേഷ്യം വന്നിരുന്നു വാക്കുകളിൽ… “അത്‌… ഞാൻ.. സോറി…” അടുത്ത നിമിഷം കോൾ കട്ടായി.. ഇത്തിരി കടുത്ത് പോയോ..?..ഇല്ല.. ആരാധികമാരും പ്രണയങ്ങളുമൊക്കെ മടുത്തു തുടങ്ങിയിരുന്നു.. അടുത്ത നിമിഷം ഒരു ബീപ് ശബ്ദം കേട്ടു.. മെസ്സേജ്.. “സോറി മാഷേ..ഗുഡ് നൈറ്റ്‌….”

തൊട്ടടുത്തെത്തിയ ഉറക്കം പിടി തരാതെ കിടന്ന നിമിഷത്തിലെപ്പോഴോ തിരിച്ചയച്ചു… “ഹൂ ഈസ്‌ ദിസ്‌…?” “ഞാൻ… ഞാൻ.. നിശാഗന്ധി…” സൂര്യൻ അറിയാതെ ഒന്ന് പുഞ്ചിരിച്ചു.. നിശാഗന്ധി… തന്റെ ആദ്യപുസ്തകം… അതായിരുന്നു തുടക്കം.. പക്ഷെ ആ ശബ്ദത്തിൽ ഒരു പ്രത്യേകതയുണ്ടായിരുന്നു.. ആരാധനയ്ക്കപ്പുറം ഒരിക്കലും പുറത്ത് വരാതെ തടഞ്ഞു നിർത്താൻ ശ്രെമിച്ചിരുന്ന പ്രണയത്തെ കൂടാതെ മറ്റൊന്ന് കൂടെ ആ ശബ്ദത്തിലൂടെ താനറിഞ്ഞു… പേടി… തന്നോടുള്ള അന്ധമായ ആരാധനയൊന്നു കൊണ്ട് മാത്രം ഉണ്ടായ ആ ഫോൺവിളികൾക്കപ്പുറം ആ ശബ്ദത്തിന്റെ ഉടമ മൗനത്തെ സ്നേഹിക്കുന്നവളാണെന്ന് എപ്പോഴോ തിരിച്ചറിഞ്ഞു… പിന്നെ അതൊരു പതിവായി..

ആരാണെന്നതിന് ഒരിക്കലും ഒരു സൂചന പോലും തരാതിരുന്നപ്പോൾ വാശിയായി.. പക്ഷെ അന്വേഷണങ്ങൾ വഴിമുട്ടി നിന്നു.. അന്വേഷണം ആരംഭിച്ചത് അറിഞ്ഞത് കൊണ്ടാണോ എന്തോ ഇടയ്ക്കെപ്പോഴോ ആ ശബ്ദം നിലച്ചു.. ആ നിശബ്ദത ഭ്രാന്ത് പിടിപ്പിച്ച ദിവസങ്ങളിലെന്നോ ആ ശബ്ദത്തിന്റെ ഉടമയ്ക്ക് മനസ്സ് കൊടുത്ത സ്ഥാനം തിരിച്ചറിഞ്ഞു.. പേരറിയാത്ത അസ്വസ്ഥത നിറഞ്ഞു നിന്നിരുന്ന മാസങ്ങൾക്കൊടുവിൽ വീണ്ടും ആ ശബ്ദം തന്നെ തേടി വന്നു.. വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞിട്ടും തിരിച്ചൊരു പരാതിയും പറഞ്ഞില്ല…അതിൽ പിന്നെ ഇന്ന് വരെ ഒരു ദിവസം പോലും മുടങ്ങാതെ കൂടെയുണ്ട്..

ആ ശബ്ദം.. ഒടുവിൽ തികച്ചും യാദൃശ്ചികമായി ആ ശബ്ദത്തെ തിരിച്ചറിഞ്ഞപ്പോൾ ഞെട്ടലായിരുന്നു… നാഗകാളി മഠത്തിൽ അനന്തന്റെയും പത്മയുടെയും മകളാണ് തന്റെ നിശാഗന്ധിയെന്ന് തിരിച്ചറിഞ്ഞ നിമിഷം… അതും ആരോടും അധികം സംസാരമൊന്നും ഇല്ലാതെ ആ മനയ്ക്കുള്ളിലും കാവിലുമൊക്കെയായി ജീവിക്കുന്നൊരു പെൺകുട്ടി.. ഒരിക്കലും പ്രതീക്ഷിച്ചില്ല… ആ നിശാഗന്ധിപൂവ് ജീവിതത്തിൽ വന്നു ചേരുന്നതിനും ഒത്തിരി മുൻപേ തന്നെ നാഗകാളി മഠത്തെ പറ്റി അറിയുന്നവന് ഇവിടെ എത്താൻ ഇതിലും നല്ലൊരു കാരണം വേണ്ടായിരുന്നു… പക്ഷെ അവൾ… രുദ്ര..

തന്റെ നിശാഗന്ധി.. തിരിച്ചറിഞ്ഞുവെന്ന് ഒരു സൂചന പോലും കൊടുത്തിട്ടില്ല.. തന്നെ കുറേ വട്ട് കളിപ്പിച്ചതല്ലേ തമ്പുരാട്ടി… കണ്ണുകൾ പതിയെ അടയുമ്പോഴും സൂര്യനാരായണന്റെ മനസ്സിൽ തുളസിക്കതിരിന്റെ നൈർമല്യം നിറഞ്ഞ ആ തമ്പുരാട്ടിയായിരുന്നു.. ശ്രീ രുദ്ര… നാഗകാളി മഠത്തിലെ അറയ്ക്കകത്ത് ചുറ്റും തിങ്ങിയ ഇരുട്ടിലേക്ക് കണ്ണുകൾ തുറന്നു വെച്ച് കിടക്കവേ പതിയെ രുദ്രയുടെ ചുണ്ടിലെ ചിരി മാഞ്ഞു… ഫോണിലൂടെ കേട്ട ആ ശബ്ദത്തിന്റെ മാസ്മരികത മാഞ്ഞില്ലെങ്കിലും ഉള്ളിലെവിടെയോ ഒരു പേടി കട്ട പിടിച്ചു തുടങ്ങിയിരുന്നു.. താൻ അതിരു വിട്ട് തുടങ്ങിയിരിക്കുന്നു..ഇതു വരെ ഉള്ളത് പോലെയല്ല..

സൂര്യനാരായണൻ തൊട്ടരികെ എത്തിയിരിക്കുന്നു.. തന്നെ കണ്ടു പിടിച്ചാൽ… ചെറുപ്പം മുതലേ അക്ഷരങ്ങളോട് പ്രണയമായിരുന്നു..പ്ലസ് ടു വിനു പഠിക്കുമ്പോൾ യാദൃശ്ചികമായാണ് ആ എഴുത്ത് കണ്ണിൽ പെട്ടത്.. അനാഥബാല്യത്തിന്റെ വേദന തുളുമ്പുന്ന വാക്കുകൾ ഉള്ളുലച്ചു.. പിന്നെയാണ് ആ പേര് ശ്രെദ്ധിച്ചു തുടങ്ങിയത്.. സൂര്യനാരായണൻ.. ആ അക്ഷരങ്ങളോടുള്ള പ്രണയം കൂടി വരുന്നതിനിടെ ഒരിക്കൽ ലൈബ്രറിയിൽ തിരഞ്ഞു കൊണ്ടിരിക്കുന്ന പുസ്തകങ്ങൾക്കിടെ ആ മുഖം കണ്ടെത്തിയപ്പോൾ വിശ്വസിക്കാനായില്ല.. കട്ടിയേറിയ കൂട്ടുപുരികങ്ങൾക്ക് താഴെയുള്ള തീക്ഷണത നിറഞ്ഞ കണ്ണുകൾക്കൊപ്പം മനോഹരമായ പുഞ്ചിരിയും മനസ്സ് കവർന്നു…

അക്ഷരങ്ങളുടെ ഉടമയോടുള്ള ഭ്രാന്തമായ ആരാധന ഭദ്രയോട് മറച്ചു വെക്കാനായില്ല.. അല്ലെങ്കിലും തന്റെ മനസ്സ് തന്നേക്കാൾ അറിഞ്ഞിരുന്നത് അവളായിരുന്നു.. നമ്പർ അന്വേഷിച്ചു കണ്ടെത്തി തന്നതും സിം ഒപ്പിച്ചു തന്നതും ഒരിക്കലും കണ്ടുപിടിക്കില്ലെന്ന് ഉറപ്പ് തന്നതും ഭദ്രയായിരുന്നു.. പക്ഷെ വെറുമൊരു ആരാധനയ്ക്കപ്പുറം തന്റെ മനസ്സ് വഴുതി പോവുന്നത് അറിഞ്ഞാവും അവൾ സൂര്യനെ പറ്റി കൂടുതൽ അന്വേഷിച്ചത്.. കേട്ടതൊന്നും ഭദ്രയ്ക്ക് ആശ്വാസം നൽകുന്നതായിരുന്നില്ല.. താന്തോന്നിയായ എഴുത്തുകാരൻ.. അനാഥൻ.. ഉണ്ടായിരുന്ന ഉയർന്ന ജോലി വലിച്ചെറിഞ്ഞു എഴുത്തിലേക്ക് തിരിഞ്ഞവൻ..

നിരവധി ഗോസിപ്പുകൾ ഭദ്ര തനിക്ക് മുൻപിൽ നിരത്തി.. ഒന്നും പൂർണ്ണമായും വിശ്വസിക്കാൻ മനസ്സനുവദിച്ചില്ല.. അതിനിടയിലായിരുന്നു ഇടിത്തീ പോലെ അച്ഛനും അമ്മയും പിരിഞ്ഞത്.. തങ്ങളുടെ ലോകം ഇല്ലാതായിപ്പോയ ദിവസങ്ങൾ.. തന്റേടിയായ ഭദ്ര പോലും തകർന്നു പോയ ദിനങ്ങളിൽ മറ്റെല്ലാം മറന്നു പരസ്പരം തുണയായി..പക്ഷെ എപ്പോഴും അച്ഛനോട് ഇത്തിരി ഇഷ്ടക്കൂടുതൽ ഉണ്ടായിരുന്ന ഭദ്ര കൂടി അമ്മയോട് വഴക്കിട്ടു ഇറങ്ങിപ്പോയപ്പോൾ താൻ ശരിക്കും ഒറ്റപ്പെട്ടു.. അച്ഛൻ പോയതോടെ അമ്മയും തന്നിലേക്ക് മാത്രം ഒതുങ്ങി പോയിരുന്നു.. മനസ്സ് പിന്നെയും ഒഴുകിയെത്തിയത് സൂര്യനാരായണനിലേക്കാണ്..

ഇനി ഒരു മോചനം ഇല്ലെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്.. പക്ഷെ ഒരിക്കലും അയാൾക്ക് മുന്നിൽ നിൽക്കാനുള്ള ധൈര്യമില്ല.. തന്നെ തിരിച്ചറിയില്ലെന്ന് ഉറപ്പുണ്ടായിട്ടും ആ സാമീപ്യത്തിൽ മനസ്സ് കൈ വിട്ട് പോവുകയാണ്.. അച്ഛന്റെയും അമ്മയുടെയും സ്നേഹം കാണുമ്പോഴൊക്കെ ഒരാളെ ഇത്രയും ഭ്രാന്തമായി സ്നേഹിക്കാൻ കഴിയുമോ എന്ന് ആലോചിച്ചു പോയിട്ടുണ്ട്.. പക്ഷെ ഇന്നിപ്പോൾ… ഉറക്കം വരാതെ കിടക്കുമ്പോൾ രുദ്രയുടെ മനസ്സിൽ ആ ചിരിയായിരുന്നു.. മനം മയക്കുന്ന പുഞ്ചിരി… രാവിലെ എഴുന്നേറ്റു അടുക്കളയിൽ കയറി ഒരു കാപ്പിയിട്ട് അതുമായി കോലായിലേക്കിറങ്ങുമ്പോഴാണ് നാഗക്കാവിൽ നിന്നുള്ള വഴിയിൽ നിന്നും മുറ്റത്തേക്ക് കയറുന്നയാളെ കണ്ടത് …

സൂര്യന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു.. പതിവ് പോലെ ഇന്നും കറുത്ത കരയുള്ള മുണ്ടും നേര്യേതുമാണ്.. കുളിപ്പിന്നൽ കെട്ടിയ മുടിയിലെ നനവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല..കരിമഷിയെഴുതിയ വിടർന്ന കണ്ണുകൾ ചുറ്റും തിരയുന്നത് കണ്ടാണ് പുറത്തേക്ക് നീങ്ങി നിന്നത്.. “എന്ത്‌ പറ്റി രുദ്രാ…ആരെയോ തിരയുന്നുണ്ടോ…?” ആ മുഖത്ത് മിന്നി മാഞ്ഞ ഭാവങ്ങൾ ആസ്വദിച്ച് കൊണ്ടു തന്നെയാണ് ചോദിച്ചത്.. “ഞാൻ.. ശ്രീ.. ശ്രീ മാമ്മൻ…” സൂര്യൻ ചിരിച്ചു.. “ശ്രീയേട്ടൻ ഇപ്പോഴൊന്നും ഉണരില്ലെന്ന് രുദ്രയ്ക്ക് അറിയില്ലേ..?” സൂര്യന്റെ ചോദ്യത്തിൽ കുസൃതി തെളിഞ്ഞിരുന്നു..

അവൾ പെട്ടെന്ന് തിരിഞ്ഞു നടക്കാൻ തുടങ്ങി.. “ഞാൻ പോണു…” “രുദ്രാ…?” ഒന്നും പറയാതെ തിരിഞ്ഞു നിന്നവളുടെ മുഖത്തൊരു ചോദ്യഭാവം തെളിഞ്ഞിരുന്നു.. കൈയിലെ കോഫി മഗ്ഗുമായി താൻ മുറ്റത്തേക്കിറങ്ങി ചെല്ലുമ്പോൾ ആ മുഖത്തെ പതർച്ച കണ്ടു സൂര്യൻ ചിരിയടക്കി.. “ദേ താൻ അത്‌ കണ്ടോ…?” തൊട്ടരികെ ചെന്നാണ് ചോദിച്ചത്.. “എന്ത്‌…?” ആ നേർത്ത ശബ്ദം… “ആ നിശാഗന്ധി…” രുദ്രയുടെ ഞെട്ടൽ സൂര്യനറിഞ്ഞു.. ഈശ്വരാ ഇതിന് ഇനി അറ്റാക്ക് വല്ലോം വരുമോ .. മനസ്സിൽ പറഞ്ഞു കൊണ്ട് അയാൾ തുടർന്നു.. “ഇന്നലെ രാത്രിയിൽ അത്‌ വിടർന്നു.. ഞാൻ ആ ജനലരികെ നിന്ന് കണ്ടു..”

രുദ്രയുടെ മുഖം വിവർണ്ണമായത് കണ്ടു സൂര്യൻ കൂട്ടിച്ചേർത്തു… “എന്തൊരു ഭംഗിയാണെന്നോ കാണാൻ.. രുദ്രയ്ക്ക് ഇഷ്ടമാണോ നിശാഗന്ധി പ്പൂ..?” മുഖം താഴ്ത്തി നിന്നിരുന്ന രുദ്ര സൂര്യന്റെ മുഖത്തെ ചിരി കണ്ടില്ല… “ഉം…ഞാൻ.. ഞാൻ പൊയ്ക്കോട്ടേ…” തുള്ളൽപനി ബാധിച്ചവരെ പോലെയാണ് ചോദിച്ചത്… “തനിയ്ക്കെന്താടോ തണുക്കുന്നുണ്ടോ..?” ഒരു നിമിഷം അവൾ മുഖമുയർത്തി അയാളെ നോക്കി.. “വിറയ്ക്കുന്നത് പോലെ…” സൂര്യൻ ചിരിച്ചു കൊണ്ടാണ് ചോദിച്ചത്.. “ഹേയ് അങ്ങനെ ഒന്നുമില്ല.. സാർ ..സാറിനു തോന്നിയതാ..ഞാൻ പോണു..” പറഞ്ഞതും അയാളുടെ മറുപടിയ്ക്ക് കാക്കാതെ രുദ്ര തിരിഞ്ഞു നടന്നു… “രുദ്രാ..?” തിരിഞ്ഞു നോക്കിയില്ലെങ്കിലും ആള് നിന്നു..

പതിയെ വീണ്ടും അരികിലെത്തി.. മുഖം താഴ്ത്തിയാണ് നിൽപ്പ്.. “ഈ സാർ വിളി വേണ്ടാ.. ഭയങ്കര ബോറാ..” മറുപടി ഒന്നുമില്ല.. “താൻ എന്നെ.. എന്നെ സൂര്യേട്ടാ എന്ന് വിളിച്ചോ…” അവളെ ഒന്നിടം കണ്ണിട്ട് നോക്കി സൂര്യൻ വീണ്ടും പറഞ്ഞു… “അല്ലെങ്കിൽ വേണ്ടാ… താൻ എന്നെ മാഷേ ന്ന് വിളിച്ചാൽ മതി.. ആ വിളി എനിക്ക് ഒത്തിരി ഇഷ്ടമാണ്..” പ്രേതത്തെ കണ്ടത് പോലെയുള്ള നിൽപ്പാണ്.. പെണ്ണിപ്പോൾ കുഴഞ്ഞു വീഴുമോ.. ചെറിയൊരു പേടി.. പിന്നെയും ചോദിച്ചു.. “എടോ തന്റെ ശ്രീ മാമ്മൻ ഉണരുമ്പോൾ എന്തേലും പറയാണോ.. താൻ വന്നിരുന്നുന്നോ മറ്റോ…” “വേ.. വേണ്ടാ.. ഞാൻ കണ്ടോളാം..”

തിരിഞ്ഞു നടക്കുന്നതിനിടെ രുദ്ര പറഞ്ഞു… ചന്ദനത്തിന്റെയും തുളസിയുടെയും സുഗന്ധം അകന്നു പോവുന്നത് അറിയവേ കൈയിലെ കോഫിമഗ്ഗ് ചുണ്ടോട് ചേർത്തു.. നാഗക്കാവിനരികെ എത്തി രുദ്ര പതിയെ ഒന്ന് തല ചെരിച്ചു നോക്കുമ്പോഴും സൂര്യനാരായണൻ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു.. രുദ്ര നെഞ്ചിൽ കൈ വെച്ചു.. ഹൃദയമിടിപ്പ് ഇപ്പോഴും സാധാരണനിലയിലായിട്ടില്ല… രുദ്ര മനയ്ക്കലെ പറമ്പിലേക്ക് നടന്നകന്നപ്പോഴാണ് സൂര്യൻ ഒഴിഞ്ഞ മഗ്ഗുമായി പൂമുഖത്തേക്ക് കയറാൻ തുനിഞ്ഞത്.. ഒരു സീൽക്കാരം കേട്ടാണ് അയാൾ തിരിഞ്ഞത്..

തൊടിയിലെ പേരമരക്കൊമ്പിൽ പിണഞ്ഞു കിടന്നു പത്തി വിടർത്തുന്നു കരിനാഗം… “ഹാ ആളിവിടെ ഇരിപ്പുണ്ടായിരുന്നോ..?എന്തേ കാണാത്തേന്നോർത്തിരുന്നു ഞാൻ.. തമ്പുരാട്ടി പോയിട്ടു നേരം കുറേ ആയിട്ടും അകമ്പടിക്കാരൻ പോയില്ല്യാലോ.. എന്താണ് കൊട്ടേഷൻ ആണോ മാഷേ…?” സൂര്യൻ അതിനെ നോക്കി കണ്ണിറുക്കി കൊണ്ട് ചോദിച്ചു.. കരിനാഗം ഒട്ടുനേരം അങ്ങനെ തന്നെ നിന്നു.. പിന്നെ പതിയെ താഴെക്കിഴഞ്ഞു വഴിയിലേക്കിറങ്ങി.. രുദ്ര പോയ വഴിയേ. സൂര്യനാരായണന്റെ ചുണ്ടിൽ അപ്പോഴും ആ മനം മയക്കുന്ന പുഞ്ചിരി ഉണ്ടായിരുന്നു.. (തുടരും )

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 9

-

-

-

-

-