Novel

നാഗമാണിക്യം: ഭാഗം 28 – അവസാനഭാഗം

Pinterest LinkedIn Tumblr
Spread the love

എഴുത്തുകാരി: സൂര്യകാന്തി

അനന്തൻ വൈശാഖന്റെ ചുമലിൽ കൈ വെച്ചു. “അനന്തൻ പറഞ്ഞു തന്ന കഥകളേ എനിക്കറിയാവൂ.. സത്യത്തിൽ അന്ന് താൻ ഞാൻ വരച്ച ചിത്രം കണ്ട്, അതിനെപ്പറ്റി ചോദിച്ചപ്പോൾ മാത്രമാണ് അത് നാഗകളിമഠത്തിന്റേതാണെന്ന് ഞാൻ തിരിച്ചറിയുന്നത്. വരയ്ക്കാൻ തുടങ്ങുമ്പോൾ വിരൽത്തുമ്പിലേക്കെത്തുന്നതാണ് ചിത്രങ്ങളൊക്കെയും.. അനന്തൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ, പലതും എപ്പോഴൊക്കെയോ കണ്ടു മറന്ന സ്വപ്‌നങ്ങൾ പോലെ തോന്നി.. ഇടയ്ക്കിടെ കണ്ടിരുന്ന ഒരു സ്വപ്നമുണ്ടായിരുന്നു.

സുന്ദരിയായ ഒരു പെൺകുട്ടി.. അലങ്കാരങ്ങളൊന്നുമില്ലാത്ത മുഖം, നെറ്റിയിലെ പാതിമാഞ്ഞ ചന്ദനക്കുറി.. പക്ഷേ അവളുടെ നീണ്ടു വിടർന്ന കണ്ണുകൾ നിറഞ്ഞിരുന്നു.. എപ്പോഴും… അവൾ പക്ഷേ ഇന്ന് ഞാൻ കണ്ട ഭദ്രയെ പോലെ ആയിരുന്നില്ല.. ” വൈശാഖൻ പറഞ്ഞു.. “വൈശാഖൻ ഇപ്പോൾ കണ്ടത് ഭദ്ര സ്വീകരിച്ച ഒരു ശരീരം മാത്രമായിരുന്നു. മരണപ്പെട്ടാൽ വീണ്ടുമൊരു പുനർജ്ജന്മമോ ശക്തികളോ ഉണ്ടാവില്ലെന്ന് അറിയാമായിരുന്നത് കൊണ്ട് ഭൈരവൻ ചെയ്ത നീചകർമ്മം.. പരകായ പ്രവേശം… ” പത്മയെ ഒന്ന് നോക്കി അനന്തൻ പറഞ്ഞു.. “ഒരു തരത്തിൽ വൈശാഖനെ പോലെ തന്നെയാണ് പത്മയും..

അവൾക്കും കഴിഞ്ഞ ജന്മത്തെ പറ്റിയുള്ള ഓർമ്മകൾ വലുതായൊന്നും ഇല്ലെന്ന് തന്നെ പറയാം.. കഴിഞ്ഞു പോയ കാലത്തിന്റെ ചില അവശേഷിപ്പുകളാണ് നമ്മെ പലതും ഓർമ്മിപ്പിക്കുന്നത്…” അനന്തൻ വൈശാഖനോടായി പറഞ്ഞു. “അന്ന് ആ ആർട്ട്‌ ഗാലറിയിൽ വെച്ച് നാഗക്കാവിന്റെ ചിത്രകാരനെ കണ്ടപ്പോഴേ എനിക്കൊരു സംശയം തോന്നിയതാണ്…ഇവിടെ വന്നപ്പോൾ പത്മയ്ക്ക് വൈശാഖനോട്‌ ഒരു അടുപ്പം തോന്നിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ എന്റെ സംശയം ബലപ്പെടുകയായിരുന്നു.. സുഭദ്രയ്ക്ക് ദേവനോളം പ്രിയപ്പെട്ടവൻ തന്നെയായിരുന്നു ആദിത്യനും… അങ്ങനെയാണ് ഞാൻ വീണ്ടും വൈശാഖനെ കാണാനെത്തിയത്.. പക്ഷെ ഉറപ്പിക്കാൻ എന്റെ ഓർമ്മയിൽ ആദിത്യന്റെ മുഖം ഇല്ലായിരുന്നു..

ദിവസങ്ങൾക്കു മുൻപേ ഒരു പാതിരാത്രിയിൽ മഠത്തിലെ, മണിച്ചിത്രത്താഴിട്ട് പൂട്ടിയ ആ അറവാതിൽ എനിക്ക് മുൻപിൽ തുറക്കുന്നത് വരെ.. പക്ഷേ വൈശാഖന് ആദിത്യന്റെ നേരിയ ഒരു മുഖച്ചായ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും ഭദ്രയ്ക്ക് ആദിത്യനെ അറിയാൻ കഴിയുമായിരുന്നു ..ആദിത്യന്റെ വാക്കുകൾക്ക് മാത്രമേ അവളുടെ പക ഇല്ലാതാക്കാൻ കഴിയുമായിരുന്നുള്ളൂ.. ” “പക്ഷേ… ഭദ്ര.. അവൾ.. ഈ ജന്മം മറക്കാനാവില്ല അവളെ.. ” വൈശാഖൻ ഒന്ന് തിരിഞ്ഞു നോക്കി… “കുട്ടിക്കാലം മുതലേ കേട്ടു വളർന്നതുകൊണ്ടാവാം, എന്റെ മനസ്സിൽ പലപ്പോഴും കഴിഞ്ഞു പോയ ജന്മത്തിലെ രംഗങ്ങൾ പലതും തെളിഞ്ഞത്.. അറിഞ്ഞതും… ” അനന്തൻ പറഞ്ഞു.. “നാഗകാളി മഠത്തിന്റെ ശാപങ്ങളെല്ലാം ഒഴിഞ്ഞു പോയി.. പഴയതെല്ലാം മറന്നു സമാധാനത്തോടെ ജീവിക്ക്യ എല്ലാരും… ”

അവരുടെ അരികിലെത്തിയ ഭദ്രൻ തിരുമേനി പറഞ്ഞു. അനന്തൻ അദ്ദേഹത്തെ തലയുയർത്തി നോക്കി.. “മനപ്പൂർവം വരാതിരുന്നതാടോ, അവളുടെ മുൻപിലേക്ക്, അങ്ങനെയൊരു അവസ്ഥയിൽ കാണാൻ വയ്യായിരുന്നു അവളെ.. അവളും അതാഗ്രഹിച്ചു കാണില്ല്യ.. ” അദ്ദേഹം പറഞ്ഞു.. അരുൺ അനന്തനരികിലേക്ക് എത്തി.. “അനന്തു.. അവരെല്ലാരും ഇപ്പോഴെത്തും.. വിനയ് ബാലനങ്കിളിനെ വിവരമറിച്ചിട്ടുണ്ട്. വിഷം തീണ്ടിയതാണെന്നാണ് പറഞ്ഞിരിക്കുന്നത്.. ” അനന്തൻ മണ്ഡപത്തിൽ കിടക്കുന്ന മൃതദേഹങ്ങളിലേക്ക് നോക്കി.. താൻ അന്വേഷിച്ചു കൊണ്ടിരുന്ന ഭദ്രയേയും ഭൈരവനെയും തിരിച്ചറിഞ്ഞ നിമിഷം അവൻ ഓർത്തു.. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവരാവുമെന്ന്..

ഭദ്രയുടെയും ഭൈരവന്റെയും പുതിയ രൂപങ്ങളെ പറ്റി പത്മയോട് പറയേണ്ടെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.. പക്ഷെ അവളുടെ രക്ഷയെ കരുതിയാണ് എല്ലാം പറഞ്ഞത്.. എല്ലാം അറിഞ്ഞു കൊണ്ടാണ് അവൾ ഇവിടെ എത്തിയത്..ഒന്നിനെയും പേടിയില്ലെന്ന് മാത്രമല്ല എടുത്തുചാട്ടത്തിന് ഒരു കുറവുമില്ല പെണ്ണിന്.. തക്കസമയത്ത് താൻ വൈശാഖനോടൊപ്പം എത്തിയില്ലായിരുന്നുവെങ്കിൽ… അനന്തൻ പത്മയെ രൂക്ഷമായി ഒന്ന് നോക്കി.. ആ നോട്ടത്തിന്റെ അർത്ഥം തിരിച്ചറിയാവുന്നത് കൊണ്ട് പത്മ മുഖം കുനിച്ചു.. “അയ്യോ.. ഇതെന്താ പറ്റിയത്… ” അങ്ങോട്ട്‌ വന്നവർക്കിടയിൽ നിന്നും മൈഥിലി കരച്ചിലോടെ മണ്ഡപത്തിലേക്ക് ഓടിക്കയറി. അഞ്ജലി ഞെട്ടലോടെ നോക്കി നിന്നു..

വള്ളികൾ പടർന്നു കയറിയ ആ മണ്ഡപത്തിൽ മരിച്ചു കിടക്കുന്ന ശ്രീദയും ഭർത്താവ് രവി ശങ്കറും… അഞ്ജലി പത്മയെ നോക്കി.. കാവിൽ വെച്ച് വീണയ്ക്ക് എന്തോ ഒരു അസ്വസ്ഥത തോന്നിയത് കൊണ്ടാണ് അവളോടൊപ്പം അഞ്ജലിയും പത്മയും തിരികെ മഠത്തിലേക്ക് പോയത്. പത്മ വീണ്ടും കാവിലേക്കിറങ്ങിയപ്പോൾ ശ്രീദയും കൂടെ ഇറങ്ങി.. പത്മയോടൊപ്പമായിരുന്നല്ലോ ചിറ്റ കാവിലേക്ക് പോയത്.. അഞ്ജലിയുടെ മനസ്സിലെ ചോദ്യം മനസ്സിലായത് പോലെ പത്മ പതിയെ അവളോടായി പറഞ്ഞു. “ഞാനും ചിറ്റയും കാവിലേക്ക് പോവുമ്പോൾ താമരക്കുളത്തിനരികെ വെച്ച് അരുണിനെയും രവി അങ്കിളിനെയും കണ്ടു.. അവർ രണ്ടുപേരും ഈ മണ്ഡപം കാണണമെന്ന് പറഞ്ഞു ഇങ്ങോട്ട് വന്നു.

ഞാനും അരുണും അവിടെ സംസാരിച്ചു നിന്നു. കുറെ കഴിഞ്ഞിട്ടും അവരെ കാണാതിരുന്നപ്പോഴാണ് ഞങ്ങൾ ഇവിടെ വന്നു നോക്കിയത്.. ഇവിടെ കണ്ട കാഴ്ച്ച ഇതായിരുന്നു… ” അനന്തനും അരുണും പറഞ്ഞു കൊടുത്ത വാക്കുകൾ പത്മ ഉരുവിടുകയായിരുന്നു.. അവരെ കൂടാതെ വിനയ്‌ക്കും ഗൗതമിനും മാത്രമേ അവിടെ നടന്ന കാര്യങ്ങളുടെ പൂർണ രൂപം അറിയുമായിരുന്നുള്ളൂ.അത് അങ്ങനെ തന്നെ മതിയെന്ന് നിർദ്ദേശിച്ചത് ഭദ്രൻ തിരുമേനി ആയിരുന്നു.. അവർക്കൊന്നും തന്നെ കണ്ട കാഴ്ചകളുടെ ഞെട്ടൽ മാറിയിരുന്നില്ല. അനന്തൻ പറഞ്ഞിട്ടും ആരും പൂർണ്ണമായും കഥകളൊന്നും വിശ്വസിച്ചിട്ടില്ലായിരുന്നു..

പക്ഷേ കണ്മുന്നിൽ അരങ്ങേറിയ സംഭവവികാസങ്ങൾ അവരുടെ വിശ്വാസങ്ങളെ തന്നെ മാറ്റി മറിച്ചിരുന്നു.. “അനന്തൻ പത്മയെയും കൂട്ടി ഇല്ലത്തേക്ക് ചെന്നോളൂ. എന്ത് വന്നാലും കാവിലെ ചടങ്ങുകൾ മുടക്കരുത്. വർഷങ്ങളേറെയായി നാഗപഞ്ചമി പൂജ മുടങ്ങിയിട്ട്.. ” തിരുമേനി പറഞ്ഞത് കേട്ട് അനന്തൻ പത്മയെ നോക്കി.. “തിരുമേനി പറഞ്ഞത് ശരിയാണ്.. നീ അവളെയും കൂട്ടി പൊയ്ക്കോ.. ഇവിടുത്തെ കാര്യങ്ങളൊക്കെ ഞങ്ങൾ നോക്കിക്കോളാം..ബാലനങ്കിളും ഉണ്ടല്ലോ.. ” വിനയ് പറഞ്ഞു. സുധർമ്മ വന്നു പത്മയുടെ കൈയിൽ പിടിച്ചു. അരുന്ധതി അവരോട് നടന്നോളാൻ പറഞ്ഞിട്ട് മണ്ഡപത്തിന്റെ പടികളിൽ ഇരുന്നു കരയുന്ന മൈഥിലിയുടെയും അഞ്ജലിയുടെയും അരികിലെത്തി..

അഞ്ജലി അവളുടെ അമ്മയെക്കാൾ ഇഷ്ടപെട്ടിരുന്നത് ചിറ്റയെ ആയിരുന്നു.. പത്മ സുധയോടൊപ്പം ഇല്ലത്തേക്ക് നടന്നു.അനന്തൻ അവിടെ തന്നെ സംസാരിച്ചു നിൽക്കുന്നത് തിരിഞ്ഞു നോക്കിയപ്പോൾ പത്മ കണ്ടിരുന്നു.. കുളിയൊക്കെ കഴിഞ്ഞു അടുക്കളയിൽ നിൽക്കുമ്പോഴാണ് അനന്തൻ വിളിക്കുന്നുവെന്ന് സുധ വന്നു പറഞ്ഞത്. ഇടനാഴിയിലൂടെ റൂമിലേക്ക് നടക്കുമ്പോൾ പത്മ ഓർത്തു.. സത്യത്തിൽ എന്തു ധൈര്യത്തിലാണ് അവർ വിളിച്ചപ്പോൾ താൻ ആ മണ്ഡപത്തിലേക്ക് പോയത്.. അനന്തേട്ടൻ പറഞ്ഞതാണ് ശ്രീദയെയും രവി അങ്കിളിനെയും സംശയം ഉള്ള കാര്യം.. എന്നിട്ടും.. ആൾ ആരെന്ന് പറഞ്ഞില്ലെങ്കിലും, ആദിത്യൻ ആരെന്ന് മനസ്സിലായിയെന്നും സമയമാവുമ്പോൾ അയാൾ ഇല്ലത്തെത്തുമെന്നും അനന്തേട്ടൻ പറഞ്ഞിരുന്നു..

ശ്രീദയുടെയും രവിശങ്കറിന്റേയും രൂപത്തിൽ ഭൈരവനെയും ഭദ്രയേയും കണ്ടപ്പോൾ ഉള്ളിൽ ഭയമായിരുന്നു.. പക്ഷെ അനന്തേട്ടൻ എത്തുമെന്ന് ഉറപ്പുണ്ടായിരുന്നു… ദേഹത്ത് തെളിഞ്ഞ നാഗചിഹ്നത്തിന്റെ ശക്തിയാലാണ് ഭദ്രയ്ക്ക് തന്നെ സ്പർശിക്കാൻ കഴിയാതിരുന്നതെന്ന് അപ്പോഴാണ് മനസ്സിലായത്.. റൂമിലെത്തിയപ്പോൾ ആരോടോ ഫോണിൽ സംസാരിച്ച് കാൾ കട്ട്‌ ചെയ്യുകയായിരുന്നു അനന്തൻ.. അവളെ നോക്കിയ മുഖം കനത്തിരുന്നു.. അടുത്തെത്തിയതും കൈ വീശി ഒറ്റ അടിയായിരുന്നു.. പത്മയ്ക്ക് തല കറങ്ങി പ്പോയി.. “ആരാണെന്നാടീ നിന്റെ വിചാരം.. എന്തു ധൈര്യത്തിലാണ് അവരോടൊപ്പം പോയത്.പറഞ്ഞതല്ലേ ഞാൻ സൂക്ഷിക്കണമെന്ന്… അവർ സാധാരണ മനുഷ്യരല്ലെന്ന് അറിയാവുന്നതല്ലേ, എന്നിട്ടും.. ”

അടികിട്ടിയ കവിൾ പൊത്തി പിടിച്ചു മുഖം താഴ്ത്തി നിൽക്കുകയായിരുന്നു പത്മ.. “എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ.. കൃത്യസമയത്ത് വൈശാഖൻ എത്തിയില്ലായിരുന്നെങ്കിൽ.. എന്റെ അവസ്ഥയെ പറ്റി ഒരു നിമിഷം ഓർത്തോ നീ.. ” അനന്തൻ വായിൽ വന്നതെല്ലാം വിളിച്ചു പറയുന്നതിനിടയിൽ പതിയെയാണ് പത്മ പറഞ്ഞത്.. “അനന്തേട്ടൻ ന്നെ തേടി വരുമെന്ന് ഉറപ്പുണ്ടായിരുന്നു… ” അനന്തൻ അവളുടെ മുഖം പിടിച്ചുയർത്തി.. ആ കണ്ണുകൾ നിറഞ്ഞിരുന്നു. “തന്നെ കാണാനില്ലെന്നറിഞ്ഞപ്പോളുള്ള എന്റെ അവസ്ഥ.. അതും ശ്രീദയുടെ കൂടെയാണ് താൻ കാവിലേക്ക് പോയിരിക്കുന്നതെന്ന് അഞ്ജലി പറഞ്ഞപ്പോൾ..

തന്റെ അടുത്ത് എത്തുന്നതിനു മുൻപേ ഹൃദയം നിലച്ചു പോവുമെന്ന പേടിയായിരുന്നു എനിക്ക്.. ” പത്മ ഒന്നും പറയാതെ അനന്തനെ കെട്ടിപിടിച്ചു.. ആ നെഞ്ചിൽ മുഖം ചേർത്തു നിന്നു.. അവളുടെ കവിളിൽ പതിയെ തൊട്ടു കൊണ്ട് അവൻ ചോദിച്ചു. “ഒത്തിരി നൊന്തോ.. ” “പിന്നെ നോവാതെ.. ഒരു പല്ലിളകിയോന്ന് നിക്ക് സംശയം ഉണ്ട്.. ” അനന്തൻ ചിരിച്ചു.. “കുരുത്തക്കേടു കാണിച്ചിട്ടല്ലേ.. ” “ഹും.. ” “ഇപ്പോൾ എന്താ ഈ മനസ്സിൽ പറഞ്ഞത് എന്ന് ഞാൻ പറയട്ടെ.. ” “ന്താ.. ” “ടാ പൊന്നുമോനെ എന്നെ അടിച്ചതിനു തിരിച്ചൊരു പണി ഞാനും തന്നിരിക്കും ന്നല്ലേ.. ” കള്ളച്ചിരിയോടെ പത്മ ചോദിച്ചു.. “എങ്ങനെ മനസ്സിലായി..? ” “ഒരു മടിയുമില്ലാതെ മനസ്സ് എനിക്കിങ്ങു തരുമ്പോൾ ആലോചിക്കണമായിരുന്നു.. ”

“ശോ.. പ്രശ്നമായോ.. ” “ആയി.. ഈ കുരുട്ടുബുദ്ധിയിൽ ഉരുത്തിരിഞ്ഞു വരുന്നതെല്ലാം എനിക്കിപ്പോൾ മനസ്സിലാവാൻ തുടങ്ങി.. ” പത്മ ചിരിച്ചു. “അതേയ് ഇങ്ങനെ നിന്നാൽ പറ്റില്ല.. അവിടെ ചടങ്ങ് തുടങ്ങാറായി.. ” “നിക്ക് ന്തോ പോലെ.. ഇങ്ങനെയൊക്കെ നടന്നിട്ടും.. ഇത് വേണോ..? ” ” പത്മ ഇത് വെറുമൊരു ചടങ്ങ് മാത്രമല്ല. ഒരർത്ഥത്തിൽ നാഗക്കാവിന്റെയും നാഗകാളി മഠത്തിന്റെയും ഉയിർത്തെഴുന്നേൽപ്പ് കൂടെയാണ്.. ” പത്മയുടെ കണ്ണിലേക്കു നോക്കി അനന്തൻ പറഞ്ഞു. “താൻ ആ നാഗച്ചിലമ്പിട്ടാടുന്നത് കാണണം എനിക്ക്.. ഒടുവിൽ ആദി ശേഷൻ പ്രത്യക്ഷനാവുമ്പോൾ ഇനിയുള്ള ജന്മങ്ങളിലും ഒന്ന് ചേരാൻ അനുഗ്രഹം വാങ്ങണ്ടേ നമുക്ക്..ഭദ്രയ്ക്ക് കൊടുത്ത വാക്ക്…

ആദിത്യനോടൊത്തുള്ള ഒരു ജീവിതം..അവൾക്ക് വേണ്ടി അപേക്ഷിക്കണ്ടേ നമുക്ക്..” “വേണം അനന്തേട്ടാ… ഭദ്ര എന്നുമൊരു നോവാണ്.. ആ നിമിഷങ്ങളിൽ നിക്ക് പലതും മനസ്സിൽ തെളിഞ്ഞിരുന്നു..സുഭദ്രയും ഭദ്രയും..” നാഗക്കാവിൽ നിറയെ ദീപങ്ങൾ തെളിഞ്ഞിരുന്നു.. കർപ്പൂരത്തിന്റേയും മഞ്ഞൾ പ്രസാദത്തിന്റെയും സുഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു.. നാഗത്തറയിലെ ദീപങ്ങൾ തെളിഞ്ഞു കത്തി. ഭദ്രൻ തിരുമേനിയുടെ മന്ത്രോച്ചാരണങ്ങൾ കഴിഞ്ഞു നൂറും പാലും നേദിച്ചതിന് ശേഷമായിരുന്നു പത്മ നാഗക്കളത്തിൽ ഇരുന്നത്.. അഷ്ടനാഗക്കളമായിരുന്നു വരച്ചിരുന്നത്…

മുടിയഴിച്ചിട്ട്, ചുവന്ന പട്ടണിഞ്ഞു, നെറ്റിയിൽ വലിയ ചുവന്ന വട്ടത്തിൽ സിന്ദൂരപൊട്ട് കുത്തി, സീമന്ത രേഖയിൽ നിറയെ കുങ്കുമം ചാർത്തിയ പത്മ കാലിൽ നാഗച്ചിലമ്പണിഞ്ഞിരുന്നു.. പുള്ളോർക്കുടം മീട്ടി തുടങ്ങിയപ്പോഴേ അവളുടെ മിഴികളുടെ നിറം മാറി തുടങ്ങിയിരുന്നു. പാട്ടിന്റെ താളത്തിൽ ശിരസ്സ് പതിയെ ആടി തുടങ്ങിയിരുന്നു. ദീപങ്ങളുടെ പ്രഭയിൽ അവളുടെ കാലിലണിഞ്ഞ നാഗച്ചിലമ്പിനോടൊപ്പം, മൂക്കിലെ വെള്ളക്കൽ മൂക്കുത്തിയും വെട്ടി തിളങ്ങി… കരി നീല മിഴികളിലെ ഭാവം മാറി തുടങ്ങിയിരുന്നു… അങ്ങകലെ, കാവിനുള്ളിലെ നാഗരാജാവിന്റെ കരിങ്കൽ മണ്ഡപത്തിലെ ദീപങ്ങൾ തനിയെ തെളിഞ്ഞിരുന്നു. താന്നി മരത്തിലും കൽമണ്ഡപത്തിലും, ശിരസ്സമർത്തി കിടന്നിരുന്ന നാഗങ്ങൾ പതിയെ തലയുയർത്തി..

നാഗപഞ്ചമി നാളിന്റെ അവസാനയാമങ്ങൾ എത്തി ചേരുകയായിരുന്നു.. വാസുകി പ്രതിഷ്ഠയ്ക്ക് മുൻപിൽ കിടന്നിരുന്ന കുഞ്ഞു കരിനാഗം ഞെട്ടിയെന്ന പോലെ ശിരസ്സുയർത്തി.. പിന്നെയത് ഒരു മിന്നൽ പിണറിന്റെ വേഗത്തിൽ നാഗത്തറയ്ക്കരികിലേക്ക് എത്തി.. കളത്തിൽ പത്മ ആടി തുടങ്ങിയിരുന്നു.. കുഞ്ഞു നാഗം അവൾക്കരികെ എത്തി ശിരസ്സ് പതിയെ ആട്ടി ആടിയിളകി.. അനന്തന്റെ കണ്ണുകൾ പത്മയിൽ മാത്രമായിരുന്നു..സുഭദ്രയുടെയും വിഷ്ണുവിന്റെയും കഥ കേട്ടപ്പോൾ, ഒരാൾക്ക് ഇത്രയും മറ്റൊരാളെ സ്നേഹിക്കാൻ കഴിയുമോ എന്ന അവന്റെ സംശയം എന്നേ ഇല്ലാതായതാണ്.. തന്റെ ഹൃദയമിടിപ്പുകൾ പോലും അവൾക്ക് വേണ്ടിയാണെന്ന് അനന്തൻ ഓർത്തു.

നാഗക്കാവിലെ ദേവദാരുവിൽ ചാരി നിൽക്കുന്ന വൈശാഖനെ അനന്തൻ കണ്ടു.. അയാളുടെ മിഴികൾ നനഞ്ഞിരുന്നു.. പുള്ളോർ പാട്ടിന്റെ അവസാനമായപ്പോഴേക്കും പത്മ രൗദ്ര ഭാവത്തിലായിരുന്നു.. അവളുടെ ശരീരത്തിൽ നാഗകാളി ആവേശിച്ചിരുന്നു.. ഇടയ്ക്കിടെ നാവു പുറത്തേക്കിട്ട് മിഴികൾ ചിമ്മിയടച്ചു കൊണ്ട് പത്മ കളം മായ്ക്കുമ്പോൾ കുഞ്ഞു നാഗവും അവൾക്കൊപ്പമുണ്ടായിരുന്നു. പാട്ട് അവസാനിച്ചതും പത്മ ശിരസ്സ് നിലത്തമർത്തി കമിഴ്ന്നു കിടന്നു.. അനന്തനൊഴികെ മറ്റെല്ലാവരും കാവിന് പുറത്തേക്ക് നടന്നു.. അനന്തൻ അവൾക്കരികെ കൈകൾ കൂപ്പി നിന്നു. ഇത്തിരി കഴിഞ്ഞു പത്മ പതിയെ തല ഉയർത്തി.

അനന്തൻ നീട്ടിയ കൈയിൽ പിടിച്ചു എഴുന്നേൽക്കുമ്പോഴും പത്മ കിതയ്ക്കുന്നുണ്ടായിരുന്നു… കൈകൾ കൂപ്പി കണ്ണടച്ച് നിൽക്കുന്ന അനന്തനോടും പത്മയോടുമൊപ്പം കരിനാഗവും ഉണ്ടായിരുന്നു.. കാവിനുള്ളിൽ പുതിയൊരു പ്രകാശം പരന്നു.. നാഗങ്ങളുടെ സീൽക്കാരശബ്ദം കേട്ടാണവർ കണ്ണു തുറന്നത്.. നാഗശിലകൾക്ക് മുകളിൽ വിടർന്നു നിൽക്കുന്ന സ്വർണ്ണവർണ്ണത്തിലുള്ള ഫണങ്ങളാണ് ആദ്യം പത്മയുടെ കണ്ണുകളിലുടക്കിയത്.. സാക്ഷാൽ ആദിശേഷൻ.. ശിരസ്സിന്റെ മധ്യഭാഗത്തായി ഇളം നീല നിറത്തിൽ കണ്ണഞ്ചിപ്പിക്കുന്നൊരു വെളിച്ചം… നാഗമാണിക്യം.. പത്മയ്ക്കും അനന്തനും ആ പ്രകാശത്തിനു നേരേ നോക്കാൻ പോലും കഴിയുന്നില്ലായിരുന്നു..

ആ ഫണങ്ങൾ പതിയെ ആടുന്നുണ്ടായിരുന്നു.. പത്മയും അനന്തനും മനസ്സുരുകി പ്രാർത്ഥിക്കുകയായിരുന്നു… ഇനിയുള്ള എല്ലാ ജന്മങ്ങളിലും അവരെ ചേർത്ത് വെയ്ക്കാനായി… കൂടെ ഭദ്രയേയും ആദിത്യനെയും.. അവരോടൊപ്പം കുഞ്ഞു നാഗവും തല കുനിച്ചു വണങ്ങി.. അടുത്ത നിമിഷം ആ വെളിച്ചത്തോടൊപ്പം ആ കാഴ്ച്ചയും മാഞ്ഞു പോയിരുന്നു.. നാഗത്തറയിലാകവേ നിറഞ്ഞ മഞ്ഞൾ പൊടിയ്ക്ക് മുകളിൽ പാലപ്പൂക്കൾ വീണു കിടന്നിരുന്നു.. അനന്തൻ പത്മയെ ചേർത്തു പിടിച്ചു പുറത്തേക്ക് നടന്നു.. അവർക്ക് തൊട്ടു പിന്നിലായി കുഞ്ഞു കരിനാഗവും.. ****——————————*****

“അനന്തേട്ടാ എനിക്ക് ഇനിയും സംശയങ്ങൾ ഉണ്ട്.. ” എയർപോർട്ട് റോഡിൽ നിന്നും വണ്ടി വളയ്ക്കുന്നതിനിടെ ശ്രീക്കുട്ടൻ പറഞ്ഞു.. “എന്തുവാടെ, നിന്റെ സ്ക്രിപ്റ്റ് റൈറ്റിങ് ഇത് വരെ കഴിഞ്ഞില്ലേ.. “? “ഇല്ല അനന്തേട്ടാ.. ഇനിയും കുറച്ചു കാര്യങ്ങൾ കൂടെ അറിയാനുണ്ടെനിക്ക്.. ” “നിന്റെ ചേച്ചിയോട് ചോദിക്കായിരുന്നില്ലേ..? ” ഫോണെടുത്തു നോക്കുന്നതിനിടെ അനന്തൻ ചോദിച്ചു. “ഹോ.. ഒന്നാമതെ ആള് കലിപ്പിലാണ്.. അനന്തേട്ടനെ കാണാത്തതിലുള്ള സങ്കടം.. അപ്പോ കഥയും ചോദിച്ചു ചെന്നാൽ എന്നെ പിടിച്ചു, ആ താമരക്കുളത്തിൽ തള്ളും.. ” അനന്തൻ ചിരിച്ചു.. ഫോണിലെ ഫോട്ടോയിൽ ആയിരുന്നു അപ്പോഴും കണ്ണ്..

“എന്താണ് അനന്തേട്ടാ.. വല്ല മദാമ്മമാരും ആണോ..? ” “എടാ കുഞ്ഞളിയാ വന്നു വന്നു നീ എനിക്കിട്ട് പണിയാൻ തുടങ്ങിയോ? അറിയാലോ നിന്റെ ചേച്ചിയെ.. അവളുടെ പേരിൽ മാത്രമേ ആ ശാലീനതയുള്ളൂ, കലി കയറിയാൽ ഭദ്രകാളിയാ..” “ആ ഭദ്രകാളിയെ വരച്ച വരയിൽ നിർത്താൻ അനന്തേട്ടന് മാത്രമേ കഴിയൂ, പിന്നെ എന്റെയാ കൊച്ചു കാന്താരിയ്ക്കും.. ” അനന്തന്റെ കണ്ണുകൾ അപ്പോഴും ആ ഫോട്ടോയിലായിരുന്നു. “അതേയ് അനന്തേട്ടാ, ഏതായാലും നമ്മളിത് സിനിമയാക്കാൻ തീരുമാനിച്ചു, അപ്പോൾ പിന്നെ അനന്തേട്ടന് തന്നെ ഇതിലെ നായകവേഷം ചെയ്തൂടെ..? ”

“മോനെ ശ്രീനാഥ് മാധവാ.. നിന്റെ ഒടുക്കത്തെ സിനിമാ പ്രാന്ത് കാരണമാണ് ഞാനിതിന് സമ്മതിച്ചത്. അറിയാലോ, നിന്റെ ചേച്ചിയ്ക്ക് ഇതൊന്നും ഒട്ടും പിടിച്ചിട്ടില്ല.. ഇനി നീ ഇതെങ്ങാനും അവളുടെ മുൻപിൽ വെച്ച് പറഞ്ഞാൽ അവൾ താമരക്കുളത്തിൽ താഴ്ത്തുന്നത് എന്നെയാവും.. ” ശ്രീക്കുട്ടൻ ചിരിച്ചു. അത്ഭുതം തോന്നിയിട്ടുണ്ട് പലപ്പോഴും, ചേച്ചിയുടെയും അനന്തേട്ടന്റെയും പ്രണയം കണ്ടിട്ട്.. ഒരു നോട്ടം കൊണ്ട് പോലും മറ്റേയാളുടെ മനസ്സറിയുന്നതും പ്രണയമെന്ന മായാജാലം കൊണ്ടാണോ ആവോ.. അവരുടെ കഥയിൽ അവരോളം ഭംഗിയുള്ളവർ തന്നെ വേണം അഭിനയിക്കാൻ..

ജീവിതത്തിലെ ഏറ്റവും വലിയ മോഹമാണ് സഫലമാവാൻ പോവുന്നത്… “അനന്തേട്ടന് അന്ന് എങ്ങിനെയാണ് ഡോക്ടർ ശ്രീദയും ഭർത്താവുമാണ് ഭദ്രയും ഭൈരവനുമെന്ന് മനസ്സിലായത്..? ” പെട്ടെന്നായിരുന്നു ശ്രീക്കുട്ടൻ ചോദിച്ചത്. “സത്യത്തിൽ അത് തികച്ചും യാദൃശ്ചികമായിരുന്നു. ശ്രീദ ആന്റിയുടെ പ്രണയകഥ ഞാൻ മുൻപേ കേട്ടിട്ടുള്ളതായിരുന്നു. അവരുടെ കൂടെ കോളേജിൽ പഠിച്ച ആളായിരുന്നു രവിശങ്കർ. താഴ്ന്ന ജാതിയിൽ പെട്ട ആളാണെന്ന കാരണത്താൽ ആന്റിയുടെ അച്ഛൻ വിവാഹത്തിന് സമ്മതിച്ചില്ല.അവർ വേറെ വിവാഹത്തിന് സമ്മതിച്ചതുമില്ല. രവിശങ്കർ ലണ്ടനിലേക്ക് പോയി.. പിന്നെ അവർ തമ്മിൽ ബന്ധമൊന്നും ഇല്ലായിരുന്നു.

ഒരു രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞു തിരികെ വരുന്നതിനിടയിൽ ആന്റിയ്ക്ക് ഒരു ആക്സിഡന്റ് ഉണ്ടായി.രക്ഷപ്പെടില്ല എന്ന് കരുതിയിട്ടും അവർ ജീവിതത്തിലേക്ക് തിരികെ വന്നു.. അധികം വൈകാതെ ലണ്ടനിൽ നിന്നും തിരിച്ചെത്തിയ രവിശങ്കറുമായി ശ്രീദയുടെ വിവാഹം നടന്നു… ” അനന്തൻ ഒന്ന് നിർത്തി ശ്രീക്കുട്ടനെ നോക്കി തുടർന്നു.. “ഞാൻ മഠത്തിൽ വരുന്നതിന് മുൻപേ നമ്മുടെ ഒരു വില്ലാ പ്രൊജക്റ്റിലെ ഒരു പ്രീമിയം വില്ല ഒരാൾ ബുക്ക് ചെയ്തു.. ലണ്ടനിൽ നിന്നും തിരിച്ചെത്തിയ ഒരു ഡോക്ടർ രവിശങ്കർ.. ചില സംശയങ്ങൾ എനിക്ക് തോന്നിയിരുന്നു.

ബാലനങ്കിളിനോട്‌ സംസാരിക്കണമെന്ന് ഞാൻ കരുതിയിരുന്നു. പിന്നെ മഠത്തിൽ വന്നു ഇവിടുത്തെ പ്രശ്നങ്ങളിൽ പെട്ടതോടെ ഞാനത് മറന്നു. പിന്നെ ഇവിടെ വെച്ച് അഞ്ജലിയുടെയും അഭിയുടെയും കല്യാണം തീരുമാനിക്കുന്നതിനിടെ ഞാൻ അവരുടെ ഭർത്താവ് രവിശങ്കറിനെ കണ്ടു. അപ്പോൾ എനിക്ക് ആ കാര്യം ഓർമ്മ വന്നു. പൂജയുടെ അന്നാണ് എനിക്ക് ആ വിവരം ലഭിച്ചത്. ഡോക്ടർ ശ്രീദ വിവാഹം കഴിച്ചത് അവർ സ്നേഹിച്ച, അത്രയും കാലം കാത്തിരുന്ന ഡോക്ടർ രവിശങ്കറെ അല്ല.. മറിച്ച് ഭാര്യ മരിച്ചു പോയ, മറ്റു ബന്ധുക്കളൊന്നുമില്ലാത്ത പണക്കാരനായ മറ്റൊരു രവിശങ്കറെ ആണ്.. ”

“എന്തായിരിക്കും അന്ന് സംഭവിച്ചിട്ടുണ്ടാവുക? ” “ഡോക്ടർ ശ്രീദ ആക്‌സിഡന്റ് പറ്റി മരിച്ചു, ആ ജീവൻ ശരീരത്തിൽ നിന്നും വേർപെട്ട നിമിഷം ഭൈരവൻ പരകായപ്രവേശം വഴി ഭദ്രയുടെ ആത്മാവിനെ ശ്രീദയുടെ ശരീരത്തിൽ പ്രവേശിപ്പിച്ചു. പറ്റിയൊരാളെ ഒത്തു കിട്ടിയപ്പോൾ ഭൈരവനും അത് തന്നെ ചെയ്തു. രണ്ട് പേർക്കും ഒരുമിച്ച് കാര്യങ്ങൾ നടത്താൻ വിവാഹവും കഴിച്ചു.. ” “അപ്പോൾ ശ്രീദ യഥാർത്ഥത്തിൽ സ്നേഹിച്ച ഡോക്ടർ രവിശങ്കർ…? ” “അയാൾ ഇപ്പോഴും വിവാഹമൊന്നും കഴിച്ചിട്ടില്ല, ശ്രീദ വേറെ വിവാഹം കഴിച്ചത് അയാൾക്ക് ഒരു ഷോക്കായിരുന്നു.. ” “എന്റീശ്വരാ, ഈ കാര്യങ്ങളൊക്കെ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ..

ഇപ്പോഴും എനിക്ക് തന്നെ പൂർണ്ണമായും ഇതൊന്നും ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല.. ” “യാഥാർഥ്യം ചിലപ്പോൾ അങ്ങിനെയാണ് ശ്രീക്കുട്ടാ, ചിലപ്പോൾ നമ്മുടെയൊക്കെ വിശ്വാസത്തിനും അതീതമായ കാര്യങ്ങളും ഈ ഭുമിയിലുണ്ടാവും… ‘ അനന്തന്റെ ഫോൺ റിംഗ് ചെയ്തു.അനന്തൻ സംസാരിക്കുന്നത് കേട്ടപ്പോൾ, വിളിച്ചത് അരുണാണെന്ന് ശ്രീക്കുട്ടന് മനസ്സിലായി.കോൾ കട്ട്‌ ചെയ്തപ്പോൾ അനന്തൻ പറഞ്ഞു. “അടുത്താഴ്ച അവരൊക്കെ വരുന്നുണ്ട്.. അരുണും കൃഷ്ണയും, ഗൗതമും വീണയും അഞ്ജലിയും അഭിഷേകും, വിവേകും ശ്രുതിയും, പിന്നെ വിനയും ഭാര്യ ഗായത്രിയും.. ഒരുപാട് കാലമായി പ്ലാൻ ചെയ്യുന്നു.. ഇപ്പോഴാണ് എല്ലാം ഒത്തു വന്നത്.. ” “അരുണേട്ടന്റെ കസിൻ അല്ലേ വിവേകേട്ടൻ ശ്രുതി ചേച്ചിയുടെ ഭർത്താവ്..? ”

“അതെ, അരുണിന്റേയും കൃഷ്ണയുടെയും വിവാഹത്തിനാണ് വിവേക് ശ്രുതിയെ കണ്ടു മോഹിച്ചത്.. രണ്ടുപേരുടെയും ജാതകപ്രകാരം വിവാഹം പെട്ടെന്ന് വേണമെന്നായിരുന്നു. അതുകൊണ്ട് വൈശാഖന് ശ്രുതിയുടെ വിവാഹം കാണാൻ സാധിച്ചു… ” ശ്രുതിയുടെ വിവാഹം കഴിഞ്ഞു ഒരാഴ്ച്ച തികയുന്നതിന് മുൻപേ വൈശാഖൻ വിഷം തീണ്ടി മരിച്ചിരുന്നു..തൊടിയിൽ വീണു കിടക്കുന്നത് കണ്ടത് പാൽക്കാരനായിരുന്നു… “അന്ന് അരുണേട്ടനെ മണ്ഡപത്തിനരികെ ബോധമില്ലാത്ത അവസ്ഥയിൽ കണ്ടെത്തിയിരുന്നില്ലേ? അതെന്തായിരുന്നു സംഭവം..? ” “ആ മണ്ഡപത്തിനടുത്തു നിന്നു നാഗക്കാവിന്റെ അരികിലൂടെ പുറത്തേക്കൊരു വഴിയുണ്ട്..

അതിലൂടെ എത്തിയ രവിശങ്കർ എന്ന ഭൈരവനെ കാണാനായി ശ്രീദ പോവുന്നതാണ് അരുൺ കണ്ടത്.. ശ്രീദയെ തിരിച്ചറിയാതെ പിന്നാലെ പോയ അരുണിനെ അവൾ മോഹനിദ്രയിലാക്കി.. അരുൺ മായാനിദ്രയിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞ നിമിഷം ഞാൻ അപകടം മനസ്സിൽ കണ്ടിരുന്നു.. ആര് എന്നത് മാത്രമായിരുന്നു ചോദ്യം..സത്യത്തിൽ അവളറിയാതെ, അഞ്ജലിയെ കൊണ്ട് പലതും ചെയ്യിപ്പിച്ചത് ശ്രീദയായിരുന്നു.. പത്മയെ കുളത്തിലേക്ക് തള്ളിയിട്ടതടക്കം.. ശ്രീദ മഠത്തിൽ എത്തിയ സമയത്ത് തന്നെ രവിശങ്കറും നാട്ടിലെത്തിയിരുന്നു.. ” കാർ നാഗകാളി മഠത്തിന്റെ പടിപ്പുരയ്ക്കുള്ളിലേക്ക് കയറുമ്പോഴേ അനന്തൻ കണ്ടിരുന്നു, മുറ്റത്തെ മാവിൻ ചുവട്ടിൽ ഒരു വടിയും കൈയിൽ പിടിച്ചു നിൽക്കുന്ന പത്മയെ..

മുറ്റത്തു കാർ നിർത്തി അനന്തൻ ഡോർ തുറന്നതും തേന്മാവിൻ കൊമ്പിൽ നിന്നൊരാൾ ചാടിയിറങ്ങിയതും ഒരുമിച്ചായിരുന്നു.. പാട്ടുപാവാടയിട്ട്, നീണ്ട മുടി അഴിച്ചിട്ട്, മനം മയക്കുന്ന ആ നുണക്കുഴിച്ചിരിയുമായി ഏഴ് വയസ്സുകാരി അമ്മൂട്ടീ… മൂന്നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം അനന്തനും പത്മയ്ക്കും ലഭിച്ച നിധി.. അന്നവർ ആദിശേഷനു മുൻപിൽ വെച്ച അപേക്ഷയായിരുന്നു ആ കാത്തിരിപ്പിന് കാരണമായതെന്ന് അവർക്കറിയില്ലല്ലോ … ചിരിയോടെ അവരെ നോക്കികൊണ്ട് ശ്രീനാഥ് ഉള്ളിലേക്ക് കയറിപ്പോയി.. “കണ്ടില്ലേ അനന്തേട്ടാ, ഈ പെണ്ണ് എപ്പോ നോക്കിയാലും ഏതേലും മരക്കൊമ്പിലാ.. ”

ഓടിയെത്തിയ അമ്മൂട്ടിയെ വാരിയെടുത്തു കൊണ്ട് അനന്തൻ പറഞ്ഞു. “അതിപ്പോൾ അവളുടെ കുറ്റം വല്ലതുമാണോടോ? ” അനന്തന്റെ ചിരി കണ്ടതും പത്മയുടെ മുഖം വീർത്തു. “എന്ന് വെച്ച് എന്റെ കൊച്ചിനെയെങ്ങാനും തല്ലിയാലുണ്ടല്ലോ.. ” “ഹും.. ” കൈയിലെ വടി വലിച്ചെറിഞ്ഞു ചവിട്ടിത്തുള്ളി അകത്തേക്ക് കയറി പോവുന്ന പത്മയെ നോക്കി അനന്തൻ ചിരിയടക്കി.. “കുശുമ്പിപ്പാറു… നിന്റെ അമ്മ..” കണ്ണിറുക്കി കൊണ്ട് അമ്മൂട്ടിയോട് അനന്തൻ പറഞ്ഞു. അവൾ കുടുകുടെ ചിരിച്ചു.. മോളെയുമെടുത്ത് ഉള്ളിലേക്ക് കയറിയ അനന്തൻ, ഹാളിൽ ശ്രീക്കുട്ടനരികെ ഇരിക്കുന്ന അരുന്ധതിയോടായി ചോദിച്ചു.

“എവിടെ പത്മ തമ്പുരാട്ടി..? ” “ദേ ഇപ്പോൾ അകത്തേക്ക് കയറി പോയതേയുള്ളു , മുഖം വീർപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നല്ലൊ.. വന്നു കയറിയപ്പോഴേക്കും തുടങ്ങിയോ രണ്ടും..? ” അരുന്ധതിയെ നോക്കി ചിരിച്ചിട്ട് അനന്തൻ അമ്മൂട്ടിയെ അവർക്കരികെ ഇരുത്തി. അവൾക്കായി കൊണ്ടു വന്ന സാധനങ്ങളടങ്ങിയ കവറുകൾ സോഫയിൽ വെച്ചു.. പ്രതീക്ഷിച്ച പോലെ തന്നെ റൂമിലെ കട്ടിലിൽ മുഖം വീർപ്പിച്ചിരിക്കുന്നുണ്ടായിരുന്നു പത്മ.. “എന്താണ് പ്രശ്നം..?” “അല്ലെങ്കിലും എപ്പോഴും അച്ഛനും മോളും ഒറ്റക്കെട്ടാ, ഞാൻ പുറത്തും ” അനന്തന് ചിരി വന്നു. പത്മ ദേഷ്യത്തോടെ എഴുന്നേറ്റു പോകാൻ ശ്രെമിച്ചതും അനന്തൻ പുറകിലൂടെ ചേർത്ത് പിടിച്ചു കാതോരം ചുണ്ടുകൾ ചേർത്തു.

“എടോ താനല്ലേ ഞങ്ങളുടെ സെന്റർ ഓഫ് യൂണിവേഴ്‌സ്.. ദേ അമ്മയ്ക്കും മോൾക്കും വാക്ക് തന്നത് പോലെ, എല്ലാം അവസാനിപ്പിച്ചു, എന്റെ ലോകം നാഗകാളി മഠത്തിലേക്ക് മാത്രമാക്കാൻ വന്നിരിക്കയാണ് ഞാൻ…ഇനി നിങ്ങളെ വിട്ടുള്ള യാത്രകളില്ല ” “സത്യം..? ” “ഉം… ” അനന്തൻ മൂളി. പിന്നെ പതിയെ പറഞ്ഞു.. “ഇനി മുഴുവൻ സമയവും ഞാൻ കൂടെയുണ്ടാവുമല്ലോ, അപ്പോൾ നമുക്ക് അമ്മൂട്ടിയുടെ ആ ചെറിയ ആഗ്രഹം അങ്ങ് സാധിപ്പിച്ചു കൊടുത്താലോ..? ” കുസൃതിച്ചിരിയോടെയാണ് അനന്തൻ പറഞ്ഞത്. “ന്ത്‌…? ” “ഒരു കുഞ്ഞനിയൻ വേണമെന്ന ആ ആഗ്രഹം… ” “അയ്യടാ, ആ പൂതി അങ്ങ് മനസ്സിൽ വെച്ചേച്ചാൽ മതി.. അച്ഛനും മോളും.. നിങ്ങളെ രണ്ടിനെയും തന്നെ നിക്ക് കൊണ്ടു നടക്കാൻ പറ്റണില്ല്യ…” പത്മ കുതറി മാറി വാതിൽക്കലേക്ക് നടന്നു. “തിര നുരയും…. ” ആ മൂളിപ്പാട്ടായിരുന്നു ചെവിയിലെത്തിയത്.

പത്മ അറിയാതെ തന്നെ തിരിഞ്ഞു നോക്കി പോയി. ആ നുണക്കുഴികൾ തെളിഞ്ഞതും പത്മയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അനന്തൻ പതിയെ മീശയുടെ അറ്റം കടിച്ചു പിടിച്ചു കൊണ്ട് അവളെ നോക്കി കണ്ണിറുക്കി.. പിന്നെ ഒരു നിമിഷം വൈകിയില്ല, പത്മ ഓടി അരികിലെത്തി അവന്റെ നെഞ്ചിൽ ചേർന്നു നിന്നു. “വർഷങ്ങൾ ഇത്രയും ആയിട്ടും പ്പോഴും ഈ ചിരി ന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു.. ” അനന്തന്റെ പതിഞ്ഞ ചിരി പത്മയുടെ ചെവിയിലെത്തി.. അവന്റെ കൈകൾ കുസൃതികൾ കാണിച്ചു തുടങ്ങിയിരുന്നു…. അച്ഛൻ കൊണ്ടു വന്ന ബാർബി ഡോളിനെയും എടുത്തു അമ്മൂട്ടീ മെല്ലെ മുറ്റത്തേക്കിറങ്ങി.

മാവിൻ ചോട്ടിലെത്തി… പടർന്നു കയറിയ മുല്ലവള്ളികളിൽ നിന്നും മൊട്ടുകൾ ഇറുത്തെടുക്കുമ്പോൾ അരളിച്ചുവട്ടിൽ കിടന്നിരുന്ന കുഞ്ഞു കരി നാഗം ഇഴഞ്ഞു വന്നു മാവിൻ കൊമ്പിലേക്ക് കയറി.. അമ്മൂട്ടി അതിനെ നോക്കി ചിരിച്ചു.. അവളുടെ കുഞ്ഞു നീലക്കണ്ണുകൾ തിളങ്ങി.. അമ്മൂട്ടീയെന്ന ശ്രീഭദ്രയുടെ നീല മിഴികൾ… അവൾക്കായി ആദിത്യനും എവിടെയെങ്കിലും പിറവിയെടുത്തിരിക്കാം… അല്ലേ..?

സ്നേഹത്തോടെ സൂര്യകാന്തി 💕 എന്റെ അഞ്ചാമത്തെ തുടർകഥയായിരുന്നു ഇത്. വലുതായൊന്നും ആലോചിക്കാതെ, (ആലോചിച്ചിരുന്നെങ്കിൽ ഒരു പക്ഷെ എഴുതില്ലായിരുന്നു 🤭) പെട്ടെന്നുള്ളൊരു തോന്നലിൽ എഴുതിയതാണ്. എഴുത്ത് തുടരാനുള്ള കാരണങ്ങളെക്കാൾ കൂടുതൽ എഴുതാതിരിക്കാനുള്ള കാരണങ്ങളാണ്.. എന്നിട്ടും എഴുതുന്നത് അക്ഷരങ്ങളോടുള്ള ഇഷ്ടവും നിങ്ങളുടെ പ്രോത്സാഹനങ്ങളും കാരണമാണ്.. കഥകളിൽ എന്തെങ്കിലും വ്യത്യസ്തത വേണമെന്ന ആഗ്രഹം കൊണ്ട് എഴുതിയ തീം ആയിരുന്നു ഇത്.. പെട്ടു പോയീന്ന് പറഞ്ഞാൽ മതിയല്ലോ, എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു. ഒരു ട്രെയിൻ യാത്രയിൽ കണ്ട ഇടിഞ്ഞു പൊളിഞ്ഞൊരു തറവാട് വീടും,ആ മതിൽ കെട്ടിനുള്ളിലെ മരത്തിൽ കണ്ടൊരു പാമ്പുമാണ് സത്യത്തിൽ ഈ കഥയ്ക്ക് കാരണം 🤭🤭🤭

ഇതിന്റെ രണ്ടാം ഭാഗം നീലമിഴികൾ (നാഗമാണിക്യം 2)രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഈ പേജിലൂടെതന്നെ പോസ്റ്റു ചെയ്യും…

നാഗമാണിക്യം: ഭാഗം 27

Comments are closed.