നാഗമാണിക്യം: ഭാഗം 27

Spread the love

എഴുത്തുകാരി: സൂര്യകാന്തി

പുലർച്ചെ ആരോ വാതിലിൽ തട്ടുന്നത് കേട്ടാണ് അനന്തൻ കണ്ണു തുറന്നത്.അരികിൽ പത്മയെ കണ്ടില്ല. എഴുന്നേറ്റു നടക്കുമ്പോഴാണ് എന്തിലോ ചവിട്ടിയത്.. നിലത്ത് നിറയെ മുല്ലപ്പൂക്കൾ. അറിയാതെ ഒരു പുഞ്ചിരി അനന്തന്റെ ചുണ്ടിലെത്തി. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്. അനന്തൻ വാതിൽ തുറന്നു.. അരുന്ധതി.. “എഴുന്നേൽക്കാൻ ലേറ്റ് ആയത് കൊണ്ട് വിളിച്ചതാണ്. നാഗപഞ്ചമി അല്ലേ..തിരുമേനി കാത്ത് നിൽക്കും.. നിലവറയിൽ പൂജയല്ലേ.. ” “ഓ.. ഞാൻ, പെട്ടെന്ന് റെഡി ആവാം…” “പത്മ..? ”

“അവൾ കുളിക്കുകയാണ്.. ” “എന്നാൽ വേഗം വന്നേക്കണേ.. ” പോകാൻ തിരിഞ്ഞ അരുന്ധതി മുറിയിലേക്ക് നോക്കിയത് കണ്ടാണ് അനന്തൻ ശ്രെദ്ധിച്ചത്. നിലത്ത് വീണു കിടക്കുന്ന മുല്ലപ്പൂക്കൾക്കൊപ്പം ചിതറി കിടക്കുന്ന ബുക്ക്സും മറ്റു സാധനങ്ങളും.. ഇന്നലെ ടേബിളിൽ നിന്നും വീണതാണ്… അനന്തനെ ഒന്ന് നോക്കി,ചിരിയടക്കിക്കൊണ്ട് അമ്മ പോയതും അനന്തൻ തലയ്ക്കടിച്ചു. “ഛേ.. ” അപ്പോഴാണ് പത്മ കുളിച്ചിറങ്ങി വന്നത്. “ഡോ തനിക്ക് ഇതൊക്കെയൊന്ന് പെറുക്കി വെച്ചൂടായിരുന്നോ..? ”

“അതിന് ഞാനല്ലല്ലോ അതൊന്നും താഴെ തട്ടിയിട്ടത്..’ കണ്ണാടിയ്ക്ക് മുൻപിലേക്ക് നിന്നുകൊണ്ട് തല തുവർത്തുന്നതിനിടെ പത്മ പറഞ്ഞു. “ആഹാ അപ്പോൾ കൊച്ചിന്റെ സംസാരശേഷിയൊക്കെ തിരിച്ചു കിട്ടിയല്ലേ..” പത്മ അനന്തനെ നോക്കാതെ, ശബ്ദമില്ലാതെ ചിരിച്ചു. “അമ്മ വന്നിരുന്നു.. വേഗം ചെല്ലാൻ പറഞ്ഞു. നാഗപഞ്ചമിയ്ക്ക് കാവിൽ മാത്രമല്ല നിലവറയിൽ കുടിയിരുത്തിയ നാഗദേവതകൾക്കും പ്രത്യേക പൂജകളുണ്ട്.. ” “അനന്തേട്ടൻ വേഗം കുളിച്ചിട്ട് വാ.. ”

“ആദ്യം ഞാൻ ഇതൊക്കെ ഒന്ന് ഒതുക്കി വെക്കട്ടെ, അമ്മ വന്നു കണ്ടു. ഇനി വേറെ ആരേലും കൂടെ കാണണ്ട.. ” പത്മ ചിരിച്ചു. “എന്താടി ചിരിക്കുന്നേ..? ” പത്മ മിണ്ടിയില്ല. “ഈ ചിരി നിർത്തിക്കാൻ എനിക്കറിയാം.. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതിരുന്നാൽ പത്മദേവിയ്ക്ക് കൊള്ളാം.. ” അവൾ ഒന്നും പറയാതെ മുടി കെട്ടി. അനന്തൻ ഷെൽഫിൽ നിന്നും ഡ്രസ്സ്‌ എടുത്തു. കണ്മഷി കൈയിലെടുത്തു എഴുതാൻ തുടങ്ങുന്നതിനിടെയാണ് പത്മ ഡ്രെസ്സും കൈയിൽ പിടിച്ചു കണ്ണാടിയിലൂടെ തന്നെ നോക്കുന്ന ആളെ കണ്ടത്.

ആ കള്ളച്ചിരി കണ്ടതും പത്മയുടെ മുഖം തുടുത്തു. “രാവിലെ തന്നെ കൊഞ്ചാൻ നിൽക്കാതെ പോയി കുളിച്ചിട്ട് വാ ചെറുക്കാ.. ” പറഞ്ഞിട്ട് അവനെ നോക്കാതെ മേശമേൽ ഊരി വെച്ചിരുന്ന വള എടുത്തു കൈയിൽ ഇട്ടു പത്മ. ചമ്മൽ മാറ്റാനാണ് അവളത് പറഞ്ഞതെന്ന് അറിയാവുന്നത് കൊണ്ടാണ് അനന്തൻ വീണ്ടും ചിരിച്ചത്. ഒന്ന് മൂളിക്കൊണ്ട്, അവളെ നോക്കി അർത്ഥം വെച്ചൊരു മൂളിപ്പാട്ടും പാടി അനന്തൻ ബാത്റൂമിലേക്ക് കയറി. “എടോ, താനങ്ങു ചെല്ല്, ഞാൻ പെട്ടെന്ന് വന്നോളാം.. ”

ബാത്‌റൂമിൽ നിന്നാണ് വിളിച്ചു പറഞ്ഞത്.. പത്മ ഹാളിലെത്തിയപ്പോൾ അരുന്ധതിയും സുധയും അവിടെ ഇരിപ്പുണ്ടായിരുന്നു. “അവനെവിടെ..? ” അരുന്ധതി ചോദിച്ചു. “ഇപ്പോ വരും അമ്മേ, കുളിക്കുകയാണ്.. ” അനന്തൻ വന്നിട്ടാണ് ഭദ്രൻ തിരുമേനിയെ വിളിച്ചത്.. താഴേയ്ക്കുള്ള പടവുകൾ ഇറങ്ങുമ്പോൾ അനന്തൻ അദ്ദേഹത്തിന്റെ കൈ പിടിക്കാൻ ശ്രെമിച്ചുവെങ്കിലും തിരുമേനി അത് നിരസിച്ചു.. തിരുമേനിയുടെ നിർദേശാനുസരണം പത്മയും അനന്തനും ചേർന്നാണ് ദീപം തെളിയിച്ചതും പൂജകൾ ചെയ്തതും….

നിലവറയ്ക്കുള്ളിലെ അറയിൽ സൂക്ഷിച്ച നാഗച്ചിലമ്പിലും നാഗമന്ത്രങ്ങളുരുവിട്ട് തുളസിയും തെച്ചിപ്പൂക്കളും അർപ്പിച്ചു.. കാവിലേക്ക് നടക്കുമ്പോൾ സുധയ്ക്കും അരുന്ധതിയ്ക്കും ഒപ്പമായിരുന്നു പത്മ.. അവിടത്തെ ചടങ്ങുകൾ കഴിഞ്ഞു അനന്തനൊപ്പം പുറത്തേക്ക് നടക്കുമ്പോൾ ചെമ്പകക്കൊമ്പിൽ കുഞ്ഞു നാഗത്തെ കണ്ടു. “നിക്ക് ഓർമ്മ വെച്ച കാലം മുതൽ ഈ കറുമ്പൻ ന്റെ കൂടെയുണ്ട്.. ഇവൻ തന്നെയാരുന്നിരിക്കുമോ മഠത്തിലെ കാവിലമ്മമാരുടെയെല്ലാം സംരക്ഷകൻ.. ”

“ഓരോ കാവിലമ്മമാർക്കുമൊപ്പം ഒരു കുഞ്ഞു കരിനാഗം നാഗക്കാവിൽ ജന്മമെടുക്കും.. കാവിലമ്മമാരോടൊപ്പം തന്നെയാവും അതിന്റെ അന്ത്യയാത്രയും.. അങ്ങനെയാണ് പറയാറ്.. മരണശേഷം നാഗകാളി മഠത്തിലെ കാവിലമ്മമാർക്ക് ചിതയൊരുക്കുമ്പോൾ ഒപ്പം മറ്റൊരു ചിതയും കൂടെ ഉണ്ടാവും.. കാവിലമ്മയെ ചിതയിലേക്ക് എടുക്കുമ്പോൾ ആ കരിനാഗം തൊട്ടടുത്ത ചിതയിലേക്ക് തനിയെ വന്നു കയറും.. ” പത്മ ഞെട്ടലോടെ അനന്തനെ നോക്കി. “അപ്പോൾ ഇവൻ… ”

“എന്നെ പോലെ തന്നെ തന്നിൽ അവകാശമുള്ളവൻ… ” അനന്തൻ ചിരിച്ചു. കുഞ്ഞുനാഗം ശിരസ്സുയർത്തി നോക്കുന്നുണ്ടായിരുന്നു.. “പക്ഷെ പുള്ളിക്കാരൻ ആളിത്തിരി പൊസ്സസ്സീവ് ആണെന്ന് തോന്നുന്നു.. ” അനന്തൻ അവളെ നോക്കി കണ്ണിറുക്കി.. പത്മ തിരിഞ്ഞു നോക്കിയപ്പോൾ കുഞ്ഞു നാഗത്തെ കണ്ടില്ല.. അർദ്ധരാത്രിയിലാണ് നാഗക്കാവിലെ ചടങ്ങുകൾ.. കളം വരപ്പും പുള്ളോർപാട്ടും എല്ലാമുണ്ട്. വൈകുന്നേരം ആവുമ്പോഴേക്കും അതിനുള്ള ഒരുക്കങ്ങൾ കാവിൽ തുടങ്ങും.

പ്രാതൽ കഴിഞ്ഞു അനന്തൻ നല്ല തിരക്കിലായിരുന്നു. ഓരോരോ കാര്യങ്ങൾക്കായി ഓടി നടക്കുമ്പോഴും, കൈയിലെ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത് പത്മ കണ്ടു.തെല്ലകലെയാണെങ്കിൽ പോലും അനന്തന്റെ കണ്ണുകൾ പത്മയിൽ എത്തി ചേരുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ കൈമാറിയ നോട്ടങ്ങളിൽ പ്രണയം നിറഞ്ഞിരുന്നു… അടുക്കളയിൽ നിന്നും വരുമ്പോൾ ഹാളിലെ സോഫയിൽ, അഞ്ജലിയും ശ്രീദയും ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു.

അഞ്ജലിയുടെ വിവാഹം ഉറപ്പിച്ചതോടെ മൈഥിലി ഒന്നടങ്ങിയിട്ടുണ്ടെന്ന് പത്മയ്ക്ക് തോന്നിയിരുന്നു. നാളെ രാവിലെ പൂജ കഴിയുന്നതോടെ എല്ലാവരും തിരിച്ചു പോവും. അഞ്ജലിയുടെ അച്ഛനും അങ്കിളുമൊക്കെ വൈകുന്നേരം വരും. വീണ അവർക്കൊപ്പം പോവുമെന്ന് പറഞ്ഞിരുന്നു. അരുണും വിനയും ഗൗതമും നാളെ വൈകുന്നേരമേ പോവുകയുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്. ഒന്ന് ചിരിച്ച് അവർക്കരികിലൂടെ നടന്നു പോവാൻ ശ്രെമിച്ച പത്മയെ അഞ്ജലി കൈയിൽ പിടിച്ചു സോഫയിൽ ഇരുത്തിച്ചു.

സംസാരത്തിനിടെ പെട്ടെന്നാണ് അഞ്ജലി പറഞ്ഞത്.. “പത്മ എന്നോട് ദേഷ്യം മനസ്സിൽ വെക്കരുത്. അമ്മ ഓരോന്ന് പറയുന്നത് കേട്ട് ഞാൻ വെറുതെ.. ” “അന്നേ ഞാൻ ഇവളോട് പറഞ്ഞതാണ്.. അഭിഷേകിന്റെ പ്രൊപോസൽ അക്‌സെപ്റ്റ് ചെയ്യാൻ… ” ശ്രീദ പറഞ്ഞു “ചിറ്റ പറഞ്ഞതായിരുന്നു ശരി..ഞാൻ സ്നേഹിച്ചത് അഭിയെ ആയിരുന്നു.. അനന്തുവിന്റെ പുറകെ നടക്കാൻ തുടങ്ങിയതിലും എത്രെയോ മുൻപേ എന്റെ മനസ്സിൽ കേറി പോയതാ അഭി.. ” “സാരമില്ല ഇനി അതൊന്നും ഓർക്കേണ്ട ”

പത്മ പറഞ്ഞത് കേട്ട് അഞ്ജലി ചിരിച്ചു. “ഒന്നുമില്ലെങ്കിലും വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രണയിച്ച ആളെ തന്നെ സ്വന്തമാക്കിയ ചിറ്റയുടെ വാക്കുകൾ ഞാൻ അനുസരിക്കേണ്ടതായിരുന്നു.. ” പത്മ തെല്ലതിശയത്തോടെ ശ്രീദയെ നോക്കി. “സത്യമാടോ.. ഒരു വിപ്ലവപ്രണയകഥയിലെ നായികയാണ് ഈ ഡോക്ടർ ശ്രീദ രവിശങ്കർ..” “ഈ പെണ്ണിന്റെ ഒരു കാര്യം…നാക്കിന് എല്ലില്ല ” ശ്രീദ അഞ്ജലിയുടെ തലയ്ക്കിട്ട് കൊട്ടി. ഇതൊക്കെ കണ്ടു കൊണ്ട് അങ്ങോട്ട്‌ വന്ന മൈഥിലിയുടെ മുഖത്ത് വലിയ തെളിച്ചം ഇല്ലായിരുന്നു.

പത്മ പതിയെ അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്ക് നടന്നു.. എന്തോ എടുക്കാനായി റൂമിലേക്ക് വന്നപ്പോഴാണ് അനന്തൻ കട്ടിലിൽ ഇരുന്നിരുന്ന പത്മയെ കണ്ടത്. ചിരിയോടെ അവൾക്കരികെ ഇരുന്നു മെല്ലെ ചുമലിൽ തട്ടി. “എന്തു പറ്റിയെടോ…? ” “ഒന്നുമില്ല്യ അനന്തേട്ടാ ” പറഞ്ഞതും അവൾ അവന്റെ ചുമലിൽ തല ചായ്ച്ചിരുന്നു. “പിന്നെ…? ” “നിക്കെന്തോ ഒരു ടെൻഷൻ പോലെ.. ” അവളെ ചേർത്ത് പിടിച്ചാണ് പറഞ്ഞത്.. “എന്തിന്..? ഞാനില്ലേ കൂടെ.. ഈ ജന്മം ആർക്കും ഞാൻ വിട്ടു കൊടുക്കില്ലെടോ.. ”

അനന്തൻ അവളുടെ നെറുകയിൽ ചുംബിച്ചു. പത്മ ഒന്നും പറയാതെ അവന്റെ കൈക്കുള്ളിൽ ഒതുങ്ങി ഇരുന്നതേയുള്ളൂ.. വൈകുന്നേരമാവുന്നതിന് മുൻപേ തന്നെ അനന്തൻ കാവിലേക്ക് പോയിരുന്നു. അരുന്ധതിയും സുധയും പത്മയുടെ കൂടെ തന്നെയായിരുന്നു. അനന്തൻ അവരെ പറഞ്ഞേൽപ്പിച്ചിട്ടുണ്ടെന്ന് പത്മയ്ക്ക് മനസ്സിലായിരുന്നു. കാവിലേക്ക് എല്ലാവരും എത്തിയിരുന്നു. അപ്പോഴും പത്മയുടെ ഇടതും വലതും സുധയും അരുന്ധതിയും ഉണ്ടായിരുന്നു. പതിവ് പോലെ അനന്തനും പത്മയും ഒരുമിച്ചാണ് തിരി തെളിയിച്ചത്.

അർദ്ധ രാത്രിയിൽ തുടങ്ങുന്ന ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴും. ഓരോ നിമിഷത്തിലും അനന്തന്റെ കണ്ണുകൾ പത്മയെ തിരഞ്ഞെത്തി. ആ കരുതൽ അവൾ അറിയുന്നുണ്ടായിരുന്നു. വീണയ്ക്കും അഞ്ജലിയ്ക്കുമിടയിൽ ആൽത്തറയുടെ അരികിലായിരുന്നു അവൾ.. കെട്ടി വെച്ച കൂവളമാല ഭദ്രൻ തിരുമേനിയുടെ കൈയിലേക്ക് കൊടുത്തു തിരിഞ്ഞപ്പോഴാണ് അനന്തൻ വീണ്ടും പത്മയെ നോക്കിയത്. അവൾ നിന്നിടം ശൂന്യം…

അഞ്ജലിയും വീണയും അവിടെ ഇല്ലായിരുന്നു. അനന്തന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി. ഒരു കുതിപ്പിന് അരുന്ധതിയുടെ അടുത്തെത്തി അവൻ. അവർ പറഞ്ഞത് മുഴുവൻ കേൾക്കാൻ നിൽക്കാതെ ഒരോട്ടമായിരുന്നു അവൻ കാവിനു പുറത്തേക്ക്.. കൈയിലെ ഫോണിൽ സംസാരിക്കുന്നതിനിടയിലും ചുറ്റും നോക്കുകയായിരുന്നു അനന്തൻ. “ശരി.. വേഗം.. പ്ലീസ്.. ” ഫോണിൽ നിന്നും വന്ന മറുപടിയ്ക്ക് കാക്കാതെ അവൻ മനയ്ക്കലേക്കോടി. പൂമുഖത്ത് കയറിയപ്പോഴേ ഹാളിൽ നിന്നും സംസാരം കേട്ടു. അഞ്ജലിയും വീണയും മാത്രം.. പത്മ ഇല്ല. അഞ്ജു പത്മ എവിടെ..? ”

“ഓ ഒരു നിമിഷം പോലും കാണാതിരിക്കാൻ പറ്റുന്നില്ല ല്ലേ അവളെ.. ” “അഞ്ജു നീ കാര്യം പറ… ” “എന്ത് പറ്റി അനന്തൂ നീ ഇങ്ങനെ ടെൻഷൻ ആവാൻ മാത്രം കാര്യം എന്താ… ” “അഞ്ജു.. ” അലറുകയായിരുന്നു അനന്തൻ. അഞ്ജലിയും വീണയും പേടിച്ചു പോയി “അത്.. പത്മ… ” താൻ പറയുന്നത് മുഴുവനും ശ്രെദ്ധിക്കാതെ ധൃതിയിൽ പുറത്തേക്കോടിയ അനന്തനെ നോക്കി അഞ്ജലി അന്തം വിട്ടു നിന്നു. അനന്തൻ താമരക്കുളത്തിന് അരികെ എത്തുമ്പോഴേക്കും അവർ എത്തി കഴിഞ്ഞിരുന്നു.. അനന്തന്റെ കൂട്ടുകാർ.. അവർക്കൊപ്പം അയാളും…

അപ്പോഴും മുൻപിൽ കാണുന്ന കാഴ്ച്ച വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു പത്മ.. താമരക്കുളത്തിനപ്പുറത്തെ മണ്ഡപത്തിലായിരുന്നു അവർ.. തന്നെ പകയോടെ നോക്കി നിൽക്കുന്നവളെ തെല്ലമ്പരപ്പോടെയാണ് പത്മ നോക്കിയത്.. ഒരിക്കലും ഒരു സൂചന പോലും കിട്ടിയിരുന്നില്ല.. ഒരു നോട്ടം കൊണ്ടു പോലും സംശയം തോന്നിയിട്ടില്ല.. അവൾക്കരികെ അയാളും.. ആ ചുവപ്പ് രാശി കലർന്ന കണ്ണുകളിൽ വിജയച്ചിരിയോടൊപ്പം അവളോടുള്ള മോഹം കൂടെ തെളിഞ്ഞു നിന്നിരുന്നു..

കറുപ്പ് നിറം കലർന്ന സാരിയിൽ സുന്ദരിയായിരുന്നു. അവൾ… അംഗലാവണ്യങ്ങളിൽ സർപ്പസൗന്ദര്യം നിറഞ്ഞു നിന്നു. അഴിച്ചിട്ട, കാറ്റിൽ പാറിപ്പറക്കുന്ന നീണ്ട മുടിയിഴകളും ചന്ദ്രക്കലപോലുള്ള നെറ്റിത്തടത്തിൽ തെളിഞ്ഞ കറുത്ത നാഗത്തിന്റെ രൂപവും നീണ്ടു വിടർന്ന നീലക്കണ്ണുകളും ആ സൗന്ദര്യത്തിന് മാറ്റ് കൂട്ടി.. “ഭദ്ര…. ” പത്മ മെല്ലെ പറഞ്ഞു. “അതെ ഭദ്ര.. നാഗകാളി മഠത്തിലുള്ളവർ ചതിച്ചു കൊന്ന ആദിത്യന്റെ പെണ്ണ്… ” വെറുപ്പ് കലർന്ന ചിരിയോടെ ഭദ്ര പറഞ്ഞു..

തൊട്ടരികിൽ ആ ഭാവങ്ങൾ കണ്ടിട്ടും ഒട്ടും പേടി തോന്നിയില്ല പത്മയ്ക്ക്. “അല്ല… ഭൈരവന്റെ ആജ്ഞകൾക്കനുസരിച്ച് തുള്ളുന്ന വെറും കളിപ്പാവ.. ” മൂർച്ചയുണ്ടായിരുന്നു പത്മയുടെ വാക്കുകൾക്ക്. ഭദ്ര അത് പ്രതീക്ഷിച്ചിരുന്നില്ല. ഭൈരവന്റെ മുഖം മാറി. “കണ്മുൻപിൽ കണ്ടതാണ് ഞാൻ, അനുഭവിച്ചറിഞ്ഞതാണ് നിന്റെ വിഷ്ണു നാരായണന്റെ ക്രൂരത… ” ഭദ്ര അട്ടഹസിക്കുകയായിരുന്നു… “എപ്പോഴെങ്കിലും നീ ആലോചിച്ചിട്ടുണ്ടോ നീ കണ്ടതും അറിഞ്ഞതുമായിരുന്നോ സത്യമെന്ന്?

നിന്റെ കൂടെയുണ്ടായിരുന്ന ഈ കൺകെട്ട് വിദ്യക്കാരനായ മായാജാലക്കാരനെ ഒരിക്കൽ പോലും സംശയിക്കാൻ തോന്നിയിട്ടില്ല്യേ ഭദ്രേ നിനക്ക്? ” പത്മ ചോദിച്ചു. ഭദ്രയുടെ കണ്ണിൽ നേരിയ ഒരു ഭാവവ്യത്യാസം പത്മ കണ്ടു. പക്ഷെ ഭൈരവൻ അപ്പോഴേക്കും പറഞ്ഞു തുടങ്ങിയിരുന്നു. “കൊള്ളാമല്ലോ അനന്തപത്മനാഭന്റെ പ്രിയതമ. അടവുകൾ എല്ലാം അവൻ പഠിപ്പിച്ചിട്ടുണ്ടല്ലേ.. തമ്മിൽ തല്ലിച്ച് തോൽപ്പിക്കാനാണോ ഉദ്ദേശം.. നടക്കില്ല തമ്പുരാട്ടി.. ഭദ്രയിപ്പോൾ വെറുമൊരു പൊട്ടി പെണ്ണല്ല… ”

“അതെ, ഭദ്ര ഇപ്പോൾ ആ പൊട്ടിപ്പെണ്ണിൽ നിന്നും മാറി പകയെന്ന അന്ധകാരത്തിൽ കാഴ്ച്ച നഷ്ടപെട്ടവളാണ്.. ” പത്മയുടെ വാക്കുകൾ ഉറച്ചതായിരുന്നു. ഭദ്രയുടെ കണ്ണുകളിൽ വീണ്ടും ദേഷ്യം വന്നു നിറഞ്ഞു.. “സുഭദ്ര തന്നെ.. ആപത്ത് വന്നു തൊട്ടരികെ നിൽക്കുമ്പോഴും കാണിക്കുന്ന ഈ ധൈര്യം.. ” ഭദ്ര പല്ലുകൾ ഞെരിച്ചു. ചിരിയായിരുന്നു പത്മയുടെ മുഖത്ത്. “ഭദ്ര പറഞ്ഞത് സത്യമാണ്. തെറ്റ് ചെയ്തില്ലെന്ന് ഉറപ്പുള്ളവർക്ക് ഭയക്കേണ്ട കാര്യമില്ല്യ.. പിന്നെ ന്റെ രക്ഷയ്ക്ക് ഞാൻ തിരി വെക്കുന്ന നാഗത്താന്മാരും ന്റെ ഭർത്താവുമുണ്ട് .

” ഭദ്ര പൊട്ടിച്ചിരിച്ചു. “ഭർത്താവ്… അവൻ കാണും അവന്റെ പെണ്ണ് ഭൈരവന്റേതാവുന്നത്.. ഈ ജന്മത്തിൽ മാത്രമല്ല വരും ജന്മങ്ങളിലും… എന്നാലേ എന്റെ മനസ്സിലെ തീയണയൂ… ” “എന്നാൽ അതിന് ഇനി ഭദ്ര കാത്തിരിന്നിട്ട് കാര്യമില്ല്യ.. പത്മ എന്നേ അനന്തന്റെതായി മാറിക്കഴിഞ്ഞിരിക്കണൂ… മനസ്സു കൊണ്ടും ശരീരം കൊണ്ടും… ” പത്മയുടെ സ്വരത്തിൽ പരിഹാസമായിരുന്നു. ഭൈരവനും ഭദ്രയും ഞെട്ടുന്നത് പത്മ വ്യക്തമായി കണ്ടു. പത്മയുടെ വാക്കുകൾ ഭൈരവനെ തളർത്തിയിരുന്നു.

“നീ… ” ഭദ്ര പത്മയ്ക്ക് നേരേ ചീറിയടുത്തു. അവളുടെ കഴുത്തിലെ നാഗത്താലിയിലേക്കായിരുന്നു ഭദ്രയുടെ കൈകൾ നീണ്ടത്. പക്ഷെ പത്മയുടെ ശരീരത്തിൽ സ്പർശിച്ചതും വൈദ്യുതാഘാതമേറ്റത് പോലെ ഭദ്ര ഒന്ന് ഞെട്ടി. “ന്ത് പറ്റി, മേലേരിയിലെ നാഗകന്യയ്ക്ക് ന്നെ സ്പർശിക്കാൻ ആവുന്നില്ല്യേ?.. ഈ നാഗത്താലി അഴിച്ചു മാറ്റിയാലും നിങ്ങൾക്കെന്നെ തൊടാൻ കഴിയില്ല്യ.. കാരണം നാഗങ്ങളുടെ ശക്തി ഈ താലിയിലല്ല, ഈ കാവിലമ്മയുടെ ദേഹത്താണ്.. ” “ഭദ്രാ അവൾ നിന്നെ വെറുതെ ഭയപ്പെടുത്തുകയാണ്.. നീ വിഷകന്യയാണ്..സ്പർശനമാത്രയിൽ മരണം നൽകാൻ കഴിവുള്ളവൾ.

ഇത്രയും കാലം കൊണ്ട് നീ കരുതി വെച്ച പക മാത്രം മതി എല്ലാം നശിപ്പിക്കാൻ… ” ഭൈരവന്റെ ആക്രോശം ഭദ്രയെ വീണ്ടും ഉന്മത്തയാക്കി. അവൾ പുലമ്പി.. “വർഷങ്ങൾ കൊണ്ട് ഞാൻ കൂട്ടി വെച്ച പക.. എന്റെ ആദിയേട്ടനെ ഇല്ലാതാക്കിയതിനുള്ള, ഞങ്ങളുടെ ജീവിതം ഇല്ലാതാക്കിയതിനുള്ള ശിക്ഷ.. അത് നിങ്ങൾ അനുഭവിക്കും.. ” ഭദ്ര വീണ്ടും പത്മയുടെ നേരേ തിരിഞ്ഞു.. . ഭൈരവൻ മനസ്സിൽ കണക്ക് കൂട്ടലുകൾ നടത്തുകയായിരുന്നു. “ശിക്ഷ അത് അർഹിക്കുന്നവർക്ക് അല്ലേ കൊടുക്കേണ്ടത് ഭദ്രാ… ”

പതിഞ്ഞതെങ്കിലും ദൃഢമായിരുന്നു ആ ശബ്ദം..മിന്നലേറ്റ പോലെ ഭദ്ര തിരിഞ്ഞു. ആ ശബ്ദം തിരിച്ചറിയാൻ അവൾക്ക് ആളെ കാണേണ്ടിയിരുന്നില്ല.. “ആദിയേട്ടൻ…. ” ഭദ്ര വൈശാഖനെ നോക്കിയതും അനന്തൻ പത്മയെ കരവലയത്തിൽ ഒതുക്കിയിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളുടെ ഞെട്ടലിൽ നിന്നും ഭൈരവൻ അപ്പോഴും മോചിതനായിരുന്നില്ല. നിമിഷങ്ങളോളം വൈശാഖനും ഭദ്രയും നോക്കി നിന്നു. “ഭദ്രാ ഇത് മായക്കാഴ്ചയാണ്.. ഇവരെല്ലാം ചേർന്നു നിന്നെ പറ്റിക്കുകയാണ്.. ”

ഭൈരവൻ വെപ്രാളത്തോടെ പറഞ്ഞത് ഭദ്ര കേട്ടില്ല.. മിഴികൾ ചിമ്മാതെ വൈശാഖനെ തന്നെ നോക്കി നിൽക്കുകയായിരുന്നു ഭദ്ര. ഭൈരവൻ ഭദ്രയ്ക്കരികിലേക്കെത്തി, അവളെ തൊടാൻ ശ്രെമിച്ചതും വൈശാഖൻ കൈ ഉയർത്തി. “ഭൈരവാ.. നിന്റെ നാടകത്തിന് അവസാനമായി ..നിന്റെ ആജ്ഞാനുവർത്തിയാക്കി നീ ഈ പാപങ്ങൾ അത്രയും ചെയ്യിച്ച ഗന്ധർവ്വൻ നാഗക്കാവിലെ കാഞ്ഞിരമരത്തിനരികെ ബന്ധനസ്ഥനാണ്.. ഇനി നിന്റെ ഊഴമാണ്.. സ്വന്തം ചോരയെ അപമൃത്യുവിനിരയാക്കിയതിന്.. ഒരു നിഷ്കളങ്കയായ പെൺകുട്ടിയെ കൊണ്ട് മഹാപാപങ്ങൾ ചെയ്യിപ്പിച്ചതിന്….നീ അനുഭവിച്ചേ മതിയാവൂ.. ”

ഭദ്ര വൈശാഖനെയും ഭൈരവനേയും മാറി മാറി നോക്കി. “ഈ നീചജന്മമാണ്, ആദിത്യന്റെയും ഭദ്രയുടെയും, വിഷ്ണുവിന്റെയും സുഭദ്രയുടെയും സ്വപ്‌നങ്ങൾ തകർത്തത്.. ഇവനാണ് വിഷ്ണുവിന്റെ രൂപത്തിൽ നൃപനെന്ന ഗന്ധർവ്വനെകൊണ്ട് ആദിത്യനെ അപായപ്പെടുത്തിയത്.. പിന്നെ നിന്നെ… ” വൈശാഖന് അത് പറയാൻ കഴിഞ്ഞില്ല.. ഭദ്രയുടെ കണ്ണുകൾ നിറയുന്നത് അയാൾ കണ്ടു. ഒന്ന് തൊടാൻ, ചേർത്തു പിടിക്കാൻ ഭദ്ര കൊതിക്കുന്നുണ്ടെന്ന് അറിയാവുന്നത് കൊണ്ടാണ് വൈശാഖൻ കൈ നീട്ടിയത്. ഭദ്ര ഒരു ചുവട് പിന്നിലേക്ക് വെച്ചു. “അരുത്.. എന്നെ തൊടരുത്.. എനിക്ക് അതിനുള്ള യോഗ്യതയില്ല..

അയാളെ പോലെ തന്നെ നീചജന്മമാണ് ഞാനും.. വിഷകന്യ.. സ്പർശനമാത്രയിൽ മരണം നൽകാൻ കഴിവുള്ളവൾ… ഇനി എനിക്ക് അതിൽ നിന്നും പുറത്തു വരാനാവില്ല.. ” “ഭദ്രാ.. ” വൈശാഖൻ വിളിച്ചതും ഭദ്ര മിഴികൾ താഴ്ത്തി. “ഒരു പാട് കൊതിച്ചിട്ടുണ്ട്, ഒരിക്കലെങ്കിലും ഒന്ന് കാണാൻ, വെറുതെ ഒന്ന് കാണാൻ.. വർഷങ്ങളേറെയായി ഈ ഭൂമിയിൽ… പലപ്പോഴും കണ്ണുകൾ തേടിയിട്ടുണ്ട് ഈ മുഖം.. ഈ ശബ്ദം ഒന്ന് കേൾക്കാനായി.. ദൂരെ നിന്നെങ്കിലും ഒന്ന് കാണാനായി.. ” ഭൈരവൻ നെഞ്ചിൽ കൈ വെച്ച് മന്ത്രങ്ങൾ ഉരുവിടുന്നത് കണ്ടതും അനന്തൻ അയാളെ ചവിട്ടി വീഴ്ത്തി. താഴെ വീണ അയാളുടെ നെഞ്ചിൽ ചവിട്ടാനായി അനന്തൻ കാലുയർത്തിയതും വൈശാഖൻ തടഞ്ഞു.. ”

“വേണ്ട അനന്താ, ഇത് നിങ്ങൾ ചെയ്യണ്ടതല്ല…” വൈശാഖൻ മണ്ഡപത്തിന്റെ പടികളിലേക്ക് കയറാൻ ശ്രെമിക്കുമ്പോഴേക്കും ഭദ്ര കരിങ്കൽ തൂണിൽ പിടിച്ചു എഴുന്നേൽക്കാൻ ശ്രെമിക്കുന്ന ഭൈരവന്റെ അരികിലെത്തിയിരുന്നു. അയാളുടെ നെറ്റിയിലേക്ക് അവൾ മുഖം താഴ്ത്തുന്നതേ എല്ലാവരും കണ്ടുള്ളൂ. ഭൈരവൻ അലറി കരഞ്ഞു.. അയാളുടെ തിരുനെറ്റിയിൽ രണ്ട് അടയാളങ്ങളുണ്ടായിരുന്നു. വീണു കിടന്ന അയാളുടെ നെഞ്ചിൽ കാൽ വെച്ചു കൊണ്ട് ഭദ്ര പറഞ്ഞു. “ഭൈരവാ,.. എന്നോട് ചെയ്ത ക്രൂരതകളുടെ ശിക്ഷയായി ഗതി കിട്ടാതെ അലയുന്ന ആത്മാവായി ആയിരം ജന്മങ്ങൾ നീ ഈ ഭൂമിയിൽ ഉണ്ടാവും.. ആരാലും തിരിഞ്ഞു നോക്കപ്പെടാതെ നിന്റെ വാഴൂരില്ലത്തെ ദ്രവിച്ചു തുടങ്ങിയ പടിപ്പുരക്കുള്ളിൽ നീയെന്ന ദുരാത്മാവ് മോചനം കാത്തു കിടക്കും..

നിന്റെ അലറിക്കരച്ചിൽ ആരുടേയും ചെവികളിൽ എത്തില്ല.. ഇത് മേലേരിയിലെ നാഗകന്യയുടെ ശാപമാണ്.. തീർന്നില്ല നാഗശാപവും ഗന്ധർവശാപവുമടക്കം ഇനിയും പലതും നിന്റെ മേൽ വന്നു പതിക്കാനുണ്ട്.. ” ഭദ്രയുടെ കരിനീല മിഴികളിൽ തീയെരിഞ്ഞു. മുടിയഴിച്ചിട്ടാടുന്ന ഭദ്രകാളിയെ ഓർമ്മ വന്നു പത്മയ്ക്ക്.. ഭൈരവന്റെ കണ്ണുകൾ മിഴിഞ്ഞു.. ദേഹത്ത് നീലനിറം വ്യാപിക്കുന്നുണ്ടായിരുന്നു.. പൊടുന്നനെയാണ് ഭദ്ര പത്മയുടെയും അനന്തന്റെയും കാൽക്കൽ വന്നു വീണത്. “ക്ഷമ ചോദിക്കേണ്ടത് നിങ്ങളോടാണ്.. ” അനന്തൻ അവളെ എഴുന്നേൽപ്പിച്ചു.. ഭദ്ര പത്മയുടെ കൈകൾ കൂട്ടി പിടിച്ചു.

“ഈ ഭൂമിയിൽ എന്നോട് ഇത്തിരിയെങ്കിലും സ്നേഹവും സഹാനുഭൂതിയും കാണിച്ചത് നീയായിരുന്നു സുഭദ്രാ.. എന്നിട്ടും ഞാൻ.. ” “അതെല്ലാം കഴിഞ്ഞില്ല്യേ… എല്ലാം മറക്കണം.. ജീവിക്കണം.. ” ഭദ്ര ഒന്ന് ചിരിച്ചു.. “ജീവിതം.. അത് അന്ന്, ആ രാത്രിയിൽ ഈ മണ്ഡപത്തിൽ വെച്ച് തീർന്നതാണ്.. ” ഭദ്രയുടെ കണ്ണുകൾ വൈശാഖനിലെത്തി.. അവൾ പത്മയോടായി പറഞ്ഞു. “നിങ്ങളോടുള്ള പക മാത്രമാണ് ഇത്രയും കാലം ഭദ്രയെ ജീവിപ്പിച്ചത്.. നാല് ശരീരങ്ങൾ.. ഭദ്രയുടെ ശരീരത്തിൽ നിന്നും സർപ്പ ദംശനമേറ്റ് മരിച്ചൊരു യമുനയെന്ന അദ്ധ്യാപികയിലേക്ക്..ആ ശരീരത്തിന് വാർദ്ധക്യം ബാധിച്ചു തുടങ്ങിയപ്പോൾ പിന്നെയൊരു നർത്തകിയെ ആയിരുന്നു ഭൈരവൻ കണ്ടെത്തിയത്..

മൂന്നാമതാണ് ഈ ദേഹം.. ആക്‌സിഡന്റ് ആയിരുന്നു ഈ ദേഹത്തിന്റെ അവകാശിയ്ക്ക്.. പക്ഷേ ഇതിലൂടെ നാഗകാളി മഠത്തിലേക്ക് എത്തിപ്പെടാനുള്ള വഴി തുറന്നു കിട്ടിയത് യാദൃശ്ചികമായിരുന്നു… ഞാൻ… എനിക്ക്.. ” ഭദ്രയുടെ ശ്വാസം വിലങ്ങി തുടങ്ങിയിരുന്നു. വൈശാഖൻ അവളെ പിടിക്കാൻ തുടങ്ങിയതും ഭദ്ര കൈ ഉയർത്തി അവനെ തടഞ്ഞു. “സാധിക്കില്ല.. എന്നെ സ്പർശിച്ചാൽ മരണമാണ്. അവർക്ക്… ” ഭദ്ര അനന്തനും പത്മയ്ക്കും നേരേ നോക്കി. “അവർക്ക് മാത്രമേ എന്നെ സ്പർശിക്കാൻ ആവുകയുള്ളൂ.. ” ഭൈരവൻ ഒന്ന് ഞരങ്ങി… “അയാളുടെ ആത്മാവ് ശരീരത്തിൽ നിന്നും വേർപെടുന്ന നിമിഷം എന്റെയും മരണം സംഭവിക്കും.. ”

ഭദ്രയുടെ കണ്ണുകൾ വൈശാഖനിലായിരുന്നു. “കൊതിയുണ്ട്.. ഒന്ന് തൊടാൻ.. വെറുതെ ഒന്ന് ചേർന്നു നിൽക്കുവാൻ… പക്ഷെ ദുരാത്മാവാണ് ഞാൻ.. തെറ്റിദ്ധാരണ കൊണ്ടാണെങ്കിലും ചെയ്തു പോയ കർമ്മങ്ങൾക്കുള്ള ശിക്ഷ ഞാനും അനുഭവിച്ചേ മതിയാവൂ.. ” ഭദ്ര വീണ്ടും അനന്തനെയും പത്മയെയും നോക്കി.. “ജീവിക്കണം.. സന്തോഷത്തോടെ.. പ്രണയിച്ച്.. അനേകം ജന്മങ്ങൾ.. നാഗചിലമ്പണിഞ്ഞു കാവിലമ്മയായി ആദിശേഷനെ വണങ്ങി ഇനിയുള്ള ജന്മങ്ങളിലും ഒന്ന് ചേരാൻ പ്രാർത്ഥിക്കണം.. ” “കൂടെ ഒരു പ്രാർത്ഥന കൂടെ ഉണ്ടാവും.. ഭദ്രയെന്ന പ്രിയ കൂട്ടുകാരിയുടെ പുനർജ്ജന്മം.. അവൾ ആഗ്രഹിച്ച പുരുഷനൊപ്പം.. ” പത്മയുടെ വാക്കുകൾ കേട്ട് ഭദ്ര നിറ കണ്ണുകളോടെ വൈശാഖനെ നോക്കി.. “അത്രയും സൗഭാഗ്യമൊന്നും മേലേരിയിലെ ഈ അനാഥ ജന്മം ആഗ്രഹിക്കുന്നില്ല..

ഇത് പോലെ ഇടയ്ക്കൊന്ന് കാണാൻ, ആ ശബ്ദമൊന്ന് കേൾക്കാൻ ഒരു ജന്മം കിട്ടിയാൽ മതി.. സ്വന്തമാക്കണമെന്ന അതിമോഹമൊന്നുമില്ല.. ” വൈശാഖന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഭൈരവൻ അന്ത്യശ്വാസമെടുക്കുകയായിരുന്നു. അതിനിടയിലും പാതിയടഞ്ഞ കണ്ണുകൾക്കിടയിലൂടെ അയാൾ കണ്ടു. അനന്തന്റെയും പത്മയുടെയും പിറകിലായി ശിരസ്സിന് മുകളിൽ ഫണമുയർത്തി നിൽക്കുന്ന സ്വർണ്ണനാഗത്തെ… ആദിശേഷൻ.. ആയിരം തലയുള്ള അനന്ത നാഗം… ഭദ്ര താഴേക്ക് ഊർന്ന് വീഴാൻ തുടങ്ങുന്നത് കണ്ടു വൈശാഖൻ പിന്നെയും മുന്നോട്ടാഞ്ഞു. ഒരു പിടച്ചിലോടെ പുറകോട്ട് മറിയുന്നതിനിടെ അവൾ പിന്നെയും പറഞ്ഞു.. “അരുത്… തൊടരുത്.. മരണമാണ് ഞാൻ.. ”

ഒരു ശബ്ദം കേട്ടാണ് അനന്തൻ മുഖമുയർത്തിയത്. മണ്ഡപത്തിനപ്പുറത്തെ ചെമ്പകമരത്തിനരികെ എല്ലാം കണ്ടു കൊണ്ട് അരുണിനൊപ്പം ഭദ്രൻ തിരുമേനി.. അനന്തൻ പടികളിൽ ഇരിക്കുന്ന വൈശാഖനരികെ ഇരുന്നു, ആ ചുമലിൽ കൈ വെച്ചു…. “ഒന്നും പറയാൻ തോന്നിയില്ല.. എനിക്ക് കഴിഞ്ഞ ജന്മത്തെ പറ്റിയുള്ള ഓർമ്മകൾ ഇല്ലായിരുന്നുവെന്ന് എങ്ങനെ ഞാൻ ഭദ്രയോട് പറയും അനന്താ.. പക്ഷെ അവളെ കണ്ട നിമിഷം എനിക്ക് അറിയാമായിരുന്നു.. അവൾ എന്റെ പെണ്ണായിരുന്നുവെന്ന്… അല്ല ആ ശരീരത്തിലെ ആത്മാവ് എന്നെ ജീവനു തുല്യം സ്നേഹിച്ചവളുടേതായിരുന്നുവെന്ന്…”

(തുടരും ) തിരുത്തിയിട്ടില്ല.. ആദിത്യൻ വൈശാഖൻ തന്നെ ആയിരുന്നു. ഭദ്രയേയും ഭൈരവനെയും പറ്റി അടുത്ത ഭാഗത്തിൽ പറയാം. വിചാരിച്ച പോലെ ഒറ്റ പാർട്ടിൽ അവസാനിപ്പിക്കാൻ കഴിഞ്ഞില്ല..

നാഗമാണിക്യം: ഭാഗം 26

-

-

-

-

-