നാഗമാണിക്യം: ഭാഗം 24

Spread the love

എഴുത്തുകാരി: സൂര്യകാന്തി

അന്ന് രാത്രിയിൽ അനന്തന്റെ കരവലയത്തിൽ ഉറങ്ങുമ്പോൾ പത്മയുടെ സ്വപ്നത്തിൽ വിഷ്ണുവും സുഭദ്രയുമായിരുന്നു.. പ്രണയസല്ലാപങ്ങൾ നടത്താതെ, എന്തിന്, എത്രത്തോളം ഇഷ്ടം മനസ്സിൽ ഉണ്ടെന്ന് പോലും പരസ്പരം പറയാതെ, ജീവനായി തന്നെ കരുതി സ്നേഹിച്ച, അവരുടെ നിമിഷങ്ങൾ പത്മയുടെ കിനാവിൽ തെളിഞ്ഞു വന്നു.. അനന്തന്റെ സ്വപ്നത്തിലപ്പോൾ ആദിത്യനും ഭദ്രയുമായിരുന്നു.. ഇടയിലെപ്പോഴോ വാഴൂരില്ലത്ത് നിന്നും പടിയിറങ്ങി വന്ന ആദിത്യന്റെ രൂപം കണ്ടതും അനന്തൻ ഞെട്ടിയുണർന്നു… ആദിത്യന്റെ ആ മുഖം അവൻ മറ്റാരിലോ കണ്ടിട്ടുണ്ടായിരുന്നു.. പത്മ ഉറക്കത്തിൽ തന്നെയായിരുന്നു.

അവളെ ഉണർത്താതെ നെഞ്ചോടു ചേർത്ത് പിടിച്ചു, ചിന്തകളിൽ അലഞ്ഞു തിരിഞ്ഞു എപ്പോഴോ അനന്തനും ഉറങ്ങിപ്പോയി… രാവിലെ പത്മ കുളി കഴിഞ്ഞെത്തി തട്ടി വിളിച്ചപ്പോഴാണ് അനന്തൻ ഉണർന്നത്.കൈയിൽ പിടിച്ചു വലിച്ചടുപ്പിക്കാൻ അവൻ ശ്രമിച്ചതും പത്മ ഒഴിഞ്ഞു മാറി.. “കാവിൽ വിളക്ക് വെച്ചിട്ടില്ല.. വേഗം കുളിച്ചു വാ..” അവളെ നോക്കി ഒന്ന് കണ്ണിറുക്കി കാട്ടി അനന്തൻ എഴുന്നേറ്റിരുന്നു.. അവൻ കുളിച്ചു വന്നതും അവർ ഒരുമിച്ചു നിലവറയിലേക്കാണ് ആദ്യം പോയത്.. താഴേയ്ക്കുള്ള ഗോവണി പടികൾ ഇറങ്ങുമ്പോഴേ കെടാവിളക്കിലെ തിരിയുടെ വെട്ടം കണ്ടു.

നേരിയ പ്രകാശം നിലവറയിലെ കരിങ്കൽ തൂണുകളിലെ കൊത്തു പണികളിൽ തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു.. നിലവറയിലേക്ക് ഇറങ്ങിയതും അനന്തൻ പത്മയുടെ വലതു കൈയിൽ പിടിച്ചു കരിങ്കൽ ശിലകൾ കൊണ്ടു കമാനാകൃതിയിൽ തീർത്തിരിക്കുന്ന ചുമരിനരികെ എത്തി. പത്മയെ ഇടതു ഭാഗത്തു നിർത്തി, ഇടം കൈ കൊണ്ടു അവളുടെ വലത് കൈയിൽ പിടിച്ചു, എന്നിട്ടവൻ തന്റെ വലതു കൈ നെഞ്ചിൽ ചേർത്തു പിടിച്ചു.. അവന്റെ ചുണ്ടുകൾ ഏതോ മന്ത്രം ജപിക്കുന്നുണ്ടായിരുന്നു. ഇത്തിരി കഴിഞ്ഞതും അവർക്ക് മുൻപിൽ താഴിട്ട് പൂട്ടിയ ഒരു വാതിൽ പ്രത്യക്ഷപ്പെട്ടു.

അനന്തൻ കൈ നീട്ടിയതും വാതിൽ പാളികൾ മലർക്കെ തുറന്നു.. നിലവറയിലെ നേർത്ത ഇരുളിലേക്ക് അതിനുള്ളിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരന്നു.. പത്മയുടെ കൈ പിടിച്ചു കൊണ്ടു അനന്തൻ അകത്തേക്ക് കയറിയതും കാവലായി നിന്ന സ്വർണനാഗം ഇഴഞ്ഞു മാറി നീങ്ങി.. നാഗകാളി മഠത്തിലെ മുഴുവൻ സമ്പത്തും ആ അറയിലുണ്ടെന്ന് ചുറ്റും നോക്കിയ പത്മയ്ക്ക് മനസ്സിലായി.. താലങ്ങളിൽ അതിവിശിഷ്ടങ്ങളായ രത്നങ്ങളും ആഭരണങ്ങളും സ്വർണ്ണനാണയങ്ങളും കൂമ്പാരം കൂടി കിടന്നിരുന്നു… ചുറ്റും തെളിഞ്ഞു കത്തുന്ന എണ്ണമറ്റ തൂക്കു വിളക്കുകളിൽ നിന്നുള്ള പ്രഭയിൽ നടുത്തളത്തിൽ വെച്ചിരിക്കുന്ന പീഠത്തിൽ പട്ടിൽ പൊതിഞ്ഞ താളിയോല ഗ്രന്ഥങ്ങൾ പത്മ കണ്ടു….

അതിനടുത്തായുള്ള ചുവന്ന പട്ടു വിരിച്ച പീഠത്തിൽ വെച്ച രണ്ടു കനക ചിലമ്പുകൾ.. “നാഗചിലമ്പ്… ” പത്മയുടെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു.. അവൾ തെല്ലു സംശയത്തോടെ അനന്തനെ നോക്കി. അവന്റെ കണ്ണുകൾ നിറയെ തിരിയിട്ട നിലവിളക്കിന്റെ പ്രകാശത്തിൽ വെട്ടി തിളങ്ങുന്ന നാഗരാജാവിന്റെ സ്വർണ്ണ ശിലയിലായിരുന്നു.. ആദിശേഷൻ… നാഗരാജാവ്.. ആയിരം തലയുള്ള അനന്തനാഗം… അനന്തനും പത്മയും കണ്ണടച്ചു പ്രാർത്ഥിച്ചു… അവർ തിരികെ ഇറങ്ങിയതും ആ വാതിൽ അടഞ്ഞു.. പത്മ തിരിഞ്ഞു നോക്കിയതും അങ്ങനെയൊരു അറവാതിൽ അവിടെ ഉണ്ടായിരുന്ന യാതൊരു ലക്ഷണങ്ങളും കണ്ടില്ല..

നിലവറയിലെ കെടാവിളക്കിൽ എണ്ണ പകർന്നു രണ്ടു പേരും നാഗശിലകളുടെ മുൻപിൽ കണ്ണടച്ച് തൊഴുതു നിന്നു.പത്മ കണ്ണു തുറന്നതും ശിലയിൽ ഒരു പ്രകാശം കണ്ടു.. നല്ല വലുപ്പമുള്ളൊരു കറുത്ത നാഗം നാഗരാജാവിന്റെ ശിലയിൽ ചുറ്റി കിടക്കുന്നു.. പത്തി വിടർത്തി നിൽക്കുന്ന അതിന്റെ ശിരസ്സ് പതിയെ ആടുന്നുണ്ടായിരുന്നു.. നീലക്കണ്ണുകൾ തിളങ്ങുന്നത് പത്മ കണ്ടു… അവൾ പകപ്പോടെ അനന്തനെ നോക്കി.. “വാസുകി …സർപ്പരാജാവ്… ” അനന്തൻ മെല്ലെ പറഞ്ഞു. പിന്നെ കൈകൾ കൂപ്പി നാഗത്തിനെ വണങ്ങി. പത്മയും അതുപോലെ ചെയ്തു.. അനന്തനിൽ നിന്നും വന്ന നാഗസ്തുതികൾ പത്മയും ഏറ്റു ചൊല്ലി..

കോർത്തു വെച്ച തിളങ്ങുന്ന കറുത്ത മുത്തുകൾ ചേർത്തത് പോലുള്ള ശരീരവും ശിരസ്സിനൊപ്പം പതിയെ ഇളകുന്നുണ്ടായിരുന്നു.. അനന്തൻ സ്തുതി പാടി അവസാനിപ്പിച്ചു വണങ്ങിയപ്പോൾ അതിന്റെ നീലക്കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.. അടുത്ത നിമിഷം പടികളിലൊന്നിൽ വെച്ചിരുന്ന തളികയിൽ നിന്നും സിന്ദൂരച്ചെപ്പ് താഴെ വീണു ഉരുണ്ട് അനന്തന്റെ കാൽച്ചുവട്ടിലെത്തി.. അനന്തൻ അതെടുത്തു നിവർന്നതും ആ നാഗം അപ്രത്യക്ഷമായി.. അനന്തൻ കൈയിലെ ചെപ്പിലേക്ക് ഒന്ന് നോക്കി പത്മയോടായി ചോദിച്ചു.. “സീമന്തരേഖയിൽ ഈ സിന്ദൂരം ചാർത്തുന്നത് എന്തിനാണെന്ന് അറിയാമോ…? ”

“ദീർഘ സുമംഗലി ആയിരിക്കാൻ.. ഭർത്താവിന്റെ ദീർഘായുസിനായി… ശരീരത്തിലെ ഊർജ്ജകേന്ദ്രങ്ങളിലൊന്നായ ഇവിടെ സിന്ദൂരം ചാർത്തുന്നത് ആരോഗ്യ പരമായും നല്ലതാണെന്നു കേട്ടിട്ടുണ്ട്.. ” “ശരിയാണ്.. അതിലുപരി ഒരു പുരുഷൻ സ്ത്രീയുടെ സീമന്ത രേഖയിൽ ചാർത്തുന്ന സിന്ദൂരം ഒരു വാഗ്ദാനം കൂടെയാണ്.. ദേവിമാരുടെ പൂജാവസ്തുവായ കുങ്കുമം ചാർത്തുന്നത് ബഹുമാനസൂചകമായി കൂടെയാണ്.. നിരവധി അർത്ഥങ്ങൾ അതിനുണ്ടെങ്കിലും അവളുടെ കന്യകാത്വത്തിന് ഒരാവകാശി ഉണ്ടായെന്നും അവൾ ഭർതൃമതിയാണെന്നും സീമന്ത രേഖയിലെ സിന്ദൂരം സൂചിപ്പിക്കുന്നു.. ” പത്മ ഒന്നും പറയാതെ മുഖം താഴ്ത്തി… “പത്മ, ഇപ്പോൾ സംഭവിച്ചത് ഒരു അടയാളമാണ്… ”

പറഞ്ഞിട്ട് അനന്തൻ ആ ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം അവളുടെ നെറ്റിയിലിട്ടു.. പത്മ നെഞ്ചിൽ കൈ വെച്ചു പ്രാർത്ഥിച്ചു.. ഗോവണിയ്ക്കരികിലേക്ക് നടക്കുന്നതിനിടെ പത്മ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി, കെടാവിളക്കിലെ തിരി തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു.. നിലവറയിൽ നിന്നും പുറത്തേക്ക് നടക്കവേ അനന്തൻ പതിയെ പത്മയുടെ കൈയിൽ കൈ കോർത്തു.. “തനിക്ക് തോന്നുന്നുണ്ടോ ഞാൻ നമ്മുടെ വിവാഹത്തിൽ ശാരീരിക ബന്ധത്തിന് അമിത പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന്…? ” ” ഇല്ല്യ.. എല്ലാരും അനന്തേട്ടനെ പോലെ കാത്തിരിക്കണമെന്നില്ല്യ .. ” “അങ്ങനെയല്ലെടോ.. ആദ്യം മനസ്സുകൾ തമ്മിലാണ് കൂടിച്ചേരേണ്ടത് എന്നാണ് എന്റെ വിശ്വാസം..

എന്തൊക്കെ പറഞ്ഞാലും നമ്മൾ തികച്ചും അപരിചിതരായിരുന്ന രണ്ടു വ്യക്തികളായിരുന്നു… ” അനന്തൻ പത്മയുടെ കൈയിൽ മൃദുവായി ഒന്നമർത്തി.. പിന്നെ പറഞ്ഞു… “നമ്മുടെ ബന്ധത്തിൽ ഒരു പാട് കാര്യങ്ങൾ കെട്ടു പിണഞ്ഞു കിടക്കുന്നുണ്ട്.. നാഗകാളി മഠത്തിലെ കാവിലമ്മമാർക്ക് നാഗരാജാവായ ആദിശേഷന്റെ പ്രത്യേക അനുഗ്രഹമുണ്ട്.. എന്നിരുന്നാലും അവരിൽ ചിലർ സാക്ഷാൽ ആദി ശേഷന്റെ മാനസ്സപുത്രിമാരാണ്… കാവിലമ്മ, വേളി കഴിഞ്ഞു നാഗപഞ്ചമി നാളിൽ നാഗച്ചിലമ്പിട്ട് നാഗക്കളത്തിലാടി പതിയോടൊപ്പം പ്രാർത്ഥിച്ചാൽ അനന്ത നാഗം അവർക്ക് മുൻപിൽ പ്രത്യക്ഷനാവും..

ആ ദർശനഭാഗ്യം സിദ്ധിച്ചാൽ പിന്നെ വരുന്ന ജന്മങ്ങളിലെല്ലാം അവർക്ക് ഒരുമിക്കാം…” “അത് കൂടാതെ പ്രത്യേക പൂജാവിധികളോടെ നാഗമാണിക്യം ദർശിച്ചാൽ അപൂർവസിദ്ധികൾ വേറെയുമുണ്ട്.. ആയിരം ജന്മങ്ങൾ ജരാനരകൾ ബാധിക്കാതെ കടന്നു പോവുന്നതടക്കം.. പക്ഷെ ജനിച്ചാലൊരിക്കൽ മരിക്കണമെന്ന പ്രകൃതി നിയമങ്ങൾ അനുസരിക്കുന്ന, സത്കർമ്മങ്ങൾ ചെയ്യുന്നവരാരും അതിന് മുതിരാറില്ല.. ” “ആദിശേഷന്റെ മാനസപുത്രിമാരിൽ ഒരാളായിരുന്നു രേവതി തമ്പുരാട്ടി.. ഭൈരവന്റെ അമ്മ.. അതിന് വേണ്ടിയാണ് വാഴൂരില്ലത്തെ അഗ്നിശർമ്മൻ അവരെ വശീകരിച്ചു സ്വന്തമാക്കിയതെന്ന് പറയപ്പെടുന്നു.

പക്ഷേ സ്വന്തം കർമ്മങ്ങൾ കൊണ്ടു തന്നെ അവർക്ക് ആ അനുഗ്രഹങ്ങൾ നഷ്ടമായി…പിന്നെ വന്നത് സുഭദ്രയാണ്.. പക്ഷെ അവളും.. ” പത്മ മുഖമുയർത്തി അവനെ നോക്കി.. “ആദിശേഷന് തന്റെ അനുഗ്രഹമുള്ള മഠത്തിലുള്ളവരെ നശിപ്പിച്ചവരോട് തീർത്താൽ തീരാത്ത പകയുണ്ട്.. അവരെ നശിപ്പിക്കാനായി ജന്മമെടുത്തവരാണ് അനന്തപത്മനാഭനും പത്മയും. .. സാക്ഷാൽ ആദിശേഷന്റെ അംശം നമ്മളിൽ കുടി കൊള്ളുന്നുണ്ട്.. അതാണ് തന്റെയും എന്റെയും ശരീരത്തിൽ കാണുന്ന നാഗരൂപങ്ങൾ.. ” “നേരിട്ട് ഭൈരവന് നമ്മളെ ഒന്നും ചെയ്യാനാവില്ല.. നാഗങ്ങൾ കാവലുണ്ടാവും..

പക്ഷെ നാഗങ്ങൾ ഉപവാസത്തിലാവുന്ന നാഗ പഞ്ചമി നാളിലെ ഏതാനും നാഴികകൾ.. അതാണവൻ കാത്തിരിക്കുന്നത്.. പക്ഷെ താൻ കഴുത്തിൽ അണിഞ്ഞിരിക്കുന്ന നാഗത്താലി ഉള്ളിടത്തോളം ഭൈരവന് പത്മയെ തൊടാനാവില്ല..ചതി…അതാണ്‌ ഭൈരവന്റെ വജ്രായുധം.. അതിനാണ് അവൻ നാഗകന്യയായ ഭദ്രയെ കൂടെ കൂട്ടിയിരിക്കുന്നത്. അവൾക്ക് ആ നാഗത്താലിയിൽ സ്പർശിക്കാനാവും .. ” അവളെ ചേർത്ത് പിടിച്ചു കൊണ്ടു അനന്തൻ പറഞ്ഞു.. “സൂക്ഷിക്കണം പത്മ .. കന്യകയായ പത്മയെ ആണ് അവൻ മോഹിക്കുന്നത്.. നാഗകാവിലമ്മയുടെ മനസ്സും ശരീരവും ചതിയിൽ അവൻ സ്വന്തമാക്കിയാൽ പിന്നെ അവൾ ഭൈരവന്റെ മാത്രമാവും എല്ലാ ജന്മങ്ങളിലും.. ”

“പക്ഷേ കാവിലമ്മ കന്യകയല്ലെങ്കിൽ പിന്നെ ഭൈരവന്റെ പദ്ധതികളൊന്നും നടക്കില്ല.. പക്ഷെ അത് തന്റെ ജീവന് ആപത്താണ്.. കന്യകയല്ലാത്ത കാവിലമ്മയെ അപായപ്പെടുത്തി വീണ്ടും പുനർജ്ജന്മത്തിനായി കാത്തിരിക്കേണ്ടി വരും ഭൈരവൻ.. ” “മരിക്കാൻ നിക്ക് പേടിയൊന്നുല്ല്യ അനന്തേട്ടാ , പക്ഷെ അനന്തേട്ടനെയല്ലാതെ മറ്റൊരാളെ നിക്ക് സങ്കൽപ്പിക്കാൻ കൂടെ വയ്യ.. ഒരു ജന്മത്തിലും… ” പത്മയുടെ സ്വരം ഇടറി, കണ്ണുകൾ നിറഞ്ഞതും ഒരു ചിരിയോടെ അത് തുടച്ചു അനന്തൻ.. “അയ്യേ ഇത്രേയുള്ളൂ എന്റെ പെൺപുലി.. ആർക്കും വിട്ടു കൊടുക്കില്ല പെണ്ണേ ഞാൻ…” ആ നുണക്കുഴികൾ തെളിഞ്ഞതും പത്മയുടെ ചുണ്ടിലും ഒരു ചിരി തെളിഞ്ഞു..

നാഗക്കാവിലെ നേർത്ത വെളിച്ചത്തിലേക്ക് പുലർകാലത്തെ തണുപ്പ് അലിഞ്ഞു ചേർന്നിരുന്നു.. വള്ളിപടപ്പുകളിൽ വിരിഞ്ഞു കിടന്നിരുന്ന പല വർണ്ണങ്ങളിലുള്ള പൂങ്കുലകളിലെ ദളങ്ങളിലാകെ മഞ്ഞു തുള്ളികൾ തങ്ങി നിന്നു..കൂട് വിട്ടു തീറ്റ തേടി ഇറങ്ങിയ കിളികളുടെ കളകൂജനങ്ങൾ കാവിലാകെ മാറ്റൊലി കൊണ്ടിരുന്നു.. ഇടക്കിടെ വീശിയ മന്ദമാരുതൻ ഇലഞ്ഞി പൂക്കളുടെ സുഗന്ധം പരത്തി… നിറയെ ചെമ്പകപ്പൂക്കൾ വീണ, മഞ്ഞൾ പൊടി പടർന്നു കിടന്ന നാഗത്തറയും, നാഗശിലകളും, കാവിന്റെ ഉൾഭാഗത്തേക്ക്, നേർത്ത പുകപടലം പോലെയുള്ള മഞ്ഞു മൂടിയ,

വഴിത്താരയിൽ പടർന്നു കിടന്ന കുറ്റി ചെടികളും വന്മരങ്ങളും, നാഗങ്ങളെ പോലെ കെട്ടു പിണഞ്ഞു കിടന്നിരുന്ന കൂറ്റൻ വള്ളികളും എല്ലാം ഏതോ ചിത്രകാരന്റെ ക്യാൻവാസിലെ ജീവസ്സുറ്റ ചിത്രത്തെ പോലെ തോന്നിപ്പിച്ചു… തിരി തെളിയിച്ചു മുഖമുയർത്തിയതും പത്മ പതിയെ അനന്തന്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു. എന്തെയെന്ന് അവൻ പുരികമുയർത്തിയതും കണ്ണുകൾ ചിമ്മി കാണിച്ചു കൊണ്ടു അവൾ നാഗത്തറയ്ക്ക് നേരേ കൈ കൂപ്പി.. ഒരു നിമിഷം അവളെ നോക്കി നിന്ന് അനന്തനും ഒരു പുഞ്ചിരിയോടെ കൈകൾ കൂപ്പി വണങ്ങി.. പുറത്തേക്കിറങ്ങുമ്പോൾ അനന്തൻ ചോദിച്ചു. “എന്തായിരുന്നു ഒരു പുഞ്ചിരി..? ”

“അവിടെ വെച്ച് അനന്തേട്ടനുമായി വഴക്കിട്ടതൊക്കെ ഓർമ്മ വന്നു… ” അനന്തൻ പുഞ്ചിരിച്ചു… “ഈ ചിരിയ്ക്ക് മുൻപിൽ തോറ്റു പോവുമോ എന്ന പേടിയായിരുന്നു നിക്ക്.. ” “എന്നേ തോറ്റതല്ലേ പെണ്ണേ.. ഞാനതറിഞ്ഞതുമാണ്.. ” അനന്തൻ കള്ളച്ചിരിയോടെ പറഞ്ഞു.. “വേണ്ടാ വേണ്ടാ…അത് വേണ്ടാ മിസ്റ്റർ അനന്ത്.. ഒന്ന് താഴ്ന്ന് തന്നപ്പോൾ.. ഉം.. ” പത്മ അവനെ നോക്കി കണ്ണുരുട്ടി. “പൊന്നുമോളെ, ഇന്നലത്തെ കുറുമ്പുകളും വീരവാദങ്ങളുമൊന്നും ഞാൻ മറന്നിട്ടില്ല.. ഇന്നലെ രാത്രി തിരുമേനിയുടെ അടുത്ത് നിന്നും വന്നപ്പോൾ തന്റെ മനസ്സ് അസ്വസ്ഥമാണെന്ന് മനസ്സിലായത് കൊണ്ടാണ്.. ഇന്ന് തമ്പുരാട്ടി ആ ഇളവ് പ്രതീക്ഷിക്കണ്ട ട്ടാ ”

അനന്തന്റെ കണ്ണുകളിലെ കുസൃതി കണ്ടതും പത്മ ചിരിയോടെ മിഴികൾ താഴ്ത്തി.. താമരക്കുളത്തിന് അരികിൽ എത്തുന്നതിനു മുൻപാണ് പത്മ അനന്തനെ നോക്കിയത്. “ഞാനൊരു കാര്യം ചോദിച്ചോട്ടെ അനന്തേട്ടാ ..? നമ്മുടെ പുനർജ്ജന്മത്തെ കുറിച്ചുള്ള കാര്യങ്ങൾ ഇത്ര കൃത്യമായി മനസ്സിലാക്കിയത് എങ്ങിനെയാ..? “താൻ ആ നിലവറയ്ക്കുള്ളിലെ താളിയോല ഗ്രന്ഥങ്ങൾ കണ്ടില്ലേ.. ബുദ്ധിയുറച്ച പ്രായത്തിൽ ഞാൻ ഹൃദിസ്ഥമാക്കിയതാണതെല്ലാം.. കണ്ണടയും മുൻപേ ഭഗീരഥി തമ്പുരാട്ടി അതിനുള്ള ഏർപ്പാടുകൾ ചെയ്തിരുന്നു.. തന്റെ കാര്യം മുത്തച്ഛനോടും തിരുമേനിയോടും സൂചിപ്പിച്ചതും അവർ തന്നെ ആയിരുന്നു…”

“ഇതിനെല്ലാം പുറമെ തഞ്ചാവൂരിൽ മുത്തച്ഛന് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. തഞ്ചാവൂരിലെ വൈത്തീശ്വരൻ കോവിലിലെ പ്രഗത്ഭനായ നാഡീ ജ്യോതിഷി ശിവസാമി.. അഗസ്ത്യ മുനിയാൽ എഴുതപെട്ടതെന്ന് കരുതപ്പെടുന്ന താളിയോലകളിൽ ഭൂമിയില്‍ ജനിക്കുന്ന എല്ലാ മനുഷ്യരുടേയും ഭൂത, ഭാവി, വര്‍ത്തമാന കാലത്തെക്കുറിച്ച് പരാമർശിക്കപെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു.. അനന്തപത്മനാഭൻ എന്ന എന്റെ പൂർവ്വജന്മത്തെ പറ്റി എഴുതിയ ഓല അദ്ദേഹം വായിച്ചു.. ഏറെ പാട് പെട്ടെങ്കിലും പൂർവ്വജന്മത്തിലെ വിഷ്ണു നാരായണനുമായി ബന്ധപ്പെട്ട ആളുകളുടെ ഓലകളും അദ്ദേഹം കണ്ടെത്തി…. ”

പത്മയുടെ മുഖത്ത് ആകാംഷ നിറഞ്ഞു.. “വിഷ്ണുവിന്റെ പ്രണയിനി സുഭദ്ര തന്നെയാവും ഈ ജന്മത്തിലും അനന്തന്റെ പെണ്ണെന്ന് അദ്ദേഹം പറഞ്ഞു. ആദിത്യനും പുനർജ്ജന്മം എടുത്ത് വിഷ്ണുവിനും സുഭദ്രയ്ക്കുമൊപ്പം ഈ ഭൂമിയിലുണ്ട്… എന്നാൽ ഭദ്രയും ഭൈരവനും മൂന്ന് ജന്മങ്ങളായി ഈ ഭൂമിയിൽ തന്നെയുണ്ട്, മരണം വരിക്കാതെ… ” “എന്ന് വെച്ചാൽ…? ” “വാഴൂരില്ലത്ത് അമൂല്യങ്ങളായ താളിയോല ഗ്രന്ധങ്ങൾ ഉണ്ടായിരുന്നു.. ഭൈരവൻ അവയെല്ലാം ആഭിചാര കർമ്മങ്ങൾക്ക് ഉപയോഗിച്ചു.. സത്കർമ്മികൾ ഒരിക്കലും ചെയ്യാൻ മുതിരാത്ത പരകായ പ്രവേശം പോലും.. ”

“ചെയ്തു കൂട്ടിയ ദുഷ്കർമ്മങ്ങൾ നിമിത്തം മരിച്ചു കഴിഞ്ഞാൽ ഇനിയൊരു പുനർജ്ജന്മം എന്തായാലും നല്ല രീതിയിലുള്ളതാവില്ലെന്ന് മനസ്സിലാക്കിയ ഭൈരവൻ ശവപൂജ വഴി പരകായ പ്രവേശം നടത്തി കൂടുതൽ ആരോഗ്യമുള്ളതും ചെറുപ്പവുമായ മറ്റൊരു ശരീരം സ്വന്തമാക്കി.. ഓരോ തവണയും ആരോഗ്യം ക്ഷയിക്കുമ്പോൾ അയാളത് ആവർത്തിച്ചു.. മൂന്ന് തവണ.. കൂടെ ഭദ്രയും.. അയാളും അവളും മുൻപിൽ വന്നു നിന്നാൽ പോലും നമുക്ക് തിരിച്ചറിയാനാവില്ല..പക്ഷെ ഭൈരവന്റെ ക്രൂരതകൾക്ക് ഇനി അധികം ആയുസ്സുണ്ടാവില്ല..” “വരുന്ന നാഗപഞ്ചമിയ്ക്ക് തീർച്ചയായും ഭൈരവനും ഭദ്രയും നമ്മുടെ മുൻപിലെത്തും..

ഭൈരവന് നമ്മളെ ഒന്നും ചെയ്യാനാവില്ല.. പക്ഷേ അന്ന് പകയാൽ കണ്ണുകൾ മൂടപ്പെട്ട ഭദ്രയ്ക്ക് മുൻപിൽ അവൻ വേണം… ആദിത്യൻ… ” “അപ്പോൾ ആ താളിയോലകളിൽ ഇതിനെപറ്റിയൊന്നും ഇല്ല്യേ ..? ” “അതിൽ ചില സൂചനകൾ മാത്രമേ ഉണ്ടാവൂ പത്മ.. പക്ഷെ അവയൊന്നും ശുഭദായകമല്ല ” അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു. “ഈ പക്കാ നാട്ടിൻ പുറത്തുകാരിയുടെ ഉള്ളിലൊരു ഉണ്ണിയാർച്ച ഉണ്ടെന്ന് എനിക്കറിയാം. പേടിച്ചു വിറച്ച് , ആണിന് പിറകിൽ ഒളിച്ചിരിക്കാതെ, എന്തിനെയും നേരിടാൻ ചങ്കുറപ്പുള്ളവൾ..എന്റെ അമ്മയെപ്പോലെ.. അത് തന്നെയാണ് എനിക്ക് തന്നിൽ ഏറ്റവും ഇഷ്ടമുള്ള കാര്യവും..

സുഭദ്രയെപ്പോലെ, കീഴടങ്ങുന്നതിനേക്കാൾ, മരണത്തിലേക്ക് നടക്കുന്നതാണ് നല്ലതെന്ന് കരുതുന്നവൾ തന്നെയാണ് പത്മയും.. ” അവന്റെ കൈ പിടിച്ചു മാറ്റിക്കൊണ്ട് പത്മ പറഞ്ഞു. “മോനെ അനന്തപത്മനാഭാ, ഈ പരിപ്പ് ഇവിടെ വേവില്ല്യ.. ന്നെയിങ്ങനെ തള്ളി മറിച്ചിടേണ്ട.. ” പത്മ മുൻപോട്ടു നടക്കുന്നതിനിടെ അനന്തൻ പൊട്ടിച്ചിരിച്ചു… “താൻ പോടോ.. ” പത്മ കുറുമ്പൊടെ തിരിഞ്ഞു നോക്കി പറഞ്ഞു. “ഡീ.. ” പത്മ തിരിഞ്ഞു നോക്കിയില്ല. “അവിടെ നിൽക്കെടി.. ” പത്മ വേഗത്തിൽ നടന്നു.. “എല്ലാത്തിനും ചേർത്താണ് തമ്പുരാട്ടി അനുഭവിക്കാൻ പോണത്, നോക്കിക്കോ.. ” പത്മ പൂമുഖത്തു നിന്നും അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ അനന്തൻ പുറകിൽ നിന്നും പറഞ്ഞു.

“എടോ, തന്റെ ഫ്രണ്ട്സിനു ട്രീറ്റ്‌ കൊടുക്കാമെന്ന് പറഞ്ഞത് ഇന്നാണ്. രണ്ടു തവണ മാറ്റി വെച്ചതാണ്. ഇന്നും മുടങ്ങിയാൽ അതുങ്ങൾ എന്നെ നാറ്റിക്കും, തന്റെയല്ലേ കൂട്ടുകാർ.. സോ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കുറച്ചൂടെ കഴിഞ്ഞു നമുക്കിറങ്ങാം.. ” പത്മ ചിരിയോടെ തലയാട്ടി അകത്തേക്ക് നടന്നു… ഭക്ഷണം ഒക്കെ കഴിഞ്ഞു ഹാളിൽ അരുന്ധതിയോട് സംസാരിച്ചിരിക്കുമ്പോഴാണ് അനന്തൻ റെഡി ആവാൻ വന്നു പറഞ്ഞത്. പത്മ ഡ്രസ്സ് ഒക്കെ മാറ്റി റെഡി ആയിട്ടും അനന്തനെ കണ്ടില്ല.താഴെ എല്ലായിടത്തും നോക്കിയിട്ടും ആളെ കാണാനില്ല. മുകളിലേക്കുള്ള ഗോവണിപ്പടികൾ കയറുമ്പോഴേ ഒരു തേങ്ങി കരച്ചിൽ കേട്ടു. ഹാളിൽ അനന്തന്റെ നെഞ്ചിൽ ചേർന്നു നിന്നു കരയുന്ന അഞ്ജലി.

എന്തൊക്കെയോ പറഞ്ഞു അവളുടെ മുടിയിൽ തഴുകി ആശ്വസിപ്പിക്കുന്നുണ്ട് അനന്തൻ. ഇടയ്ക്ക് അവനൊന്നു മുഖമുയർത്തിയപ്പോളാണ് ഗോവണി കയറി വന്ന പത്മയെ കണ്ടത്. ഒന്നും മിണ്ടാതെ പത്മ പതിയെ പടികളിറങ്ങി റൂമിലേക്ക് നടന്നു. ഇത്തിരി കഴിഞ്ഞു അനന്തൻ റൂമിലേക്ക് വന്നപ്പോൾ പത്മ കട്ടിലിൽ ഇരിക്കുകയായിരുന്നു. അവൻ അരികെ വന്നിരുന്നിട്ടും പത്മ മുഖമുയർത്തുകയോ അവനെ നോക്കുകയോ ചെയ്തില്ല… “തനിക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ…? ” പത്മ ഒന്നും മിണ്ടിയില്ല.. “എന്നെ വിശ്വാസമില്ലേ…? ” “വിശ്വാസമാണ്.. ന്നെക്കാളേറെ.. പക്ഷേ…” “പക്ഷേ..? ” “അഞ്ജലിയുടെ സ്ഥാനത്ത് വീണയായിരുന്നെങ്കിൽ ഒരു പക്ഷെ നിക്ക്.. അഞ്ജലി അനന്തേട്ടനെ ആഗ്രഹിക്കുന്നവളാണ്.. ”

“അതിന് ഞാൻ അവളെയല്ലല്ലോ ആഗ്രഹിക്കുന്നത്.. ലുക്ക്‌ പത്മ.. അഞ്ജലിയും ഞാനും ഒരുമിച്ചു കളിച്ചു വളർന്നതാണ്. അതിന്റെ ഒരു അഫക്ഷൻ എനിക്ക് എപ്പോഴും അവളോട്‌ ഉണ്ടാകും.. പക്ഷെ ഞാൻ പ്രണയിക്കുന്നത് പത്മയെ മാത്രമാണ്.. ” അവൾ ഒന്നും പറയാതെ എഴുന്നേറ്റു.. “അവിടെ നില്ലെടി.. തന്റെ മുഖം ഇപ്പോഴും തെളിഞ്ഞിട്ടില്ലല്ലോ.. ” അനന്തൻ അവളെ നെഞ്ചോട് ചേർത്തു നിർത്തി. പത്മ പതിയെ പറഞ്ഞു. “നിക്ക്.. നിക്ക് ഇഷ്ടമല്ല.. ഞാനല്ലാതെ ആരും ഇങ്ങനെ ഈ നെഞ്ചിൽ ചേർന്നു നിൽക്കുന്നത്.. ” അനന്തൻ പതിഞ്ഞ ശബ്ദത്തിൽ ചിരിച്ചു.. “ഓ… പിന്നെ? ” “പിന്നെ….” പറഞ്ഞു തീരുന്നതിനു മുൻപേ പത്മ അനന്തന്റെ നെഞ്ചിൽ ഇടിച്ചു. അടുത്ത നിമിഷം അവൾ ഓടി മാറാൻ ശ്രമിച്ചെങ്കിലും അനന്തൻ പുറകിൽ നിന്നും അവളെ കരവലയത്തിൽ ഒതുക്കി.

അവളുടെ കവിളിൽ മുഖം ചേർത്തു കൊണ്ടു പറഞ്ഞു. “ഈ കുശുമ്പ് കാണാനൊരു ചേലൊക്കെയുണ്ട്..ഇടയ്ക്ക് വേറെ ആരെയെങ്കിലും പോയി ചേർത്ത് പിടിച്ചാലോന്ന് ആലോചിക്കുകയാണ് ഞാൻ..” അനന്തൻ പറഞ്ഞതും പത്മ അവന്റെ കൈകൾക്കുള്ളിൽ നിന്നും മാറി വാതിൽക്കലേക്ക് നടന്നു. “അതേയ്, ഈ പത്മയ്ക്ക് ഭദ്രകാളിയാവാനും അധികം സമയം ഒന്നും വേണ്ടാ ട്ടൊ.. പോവുമ്പോൾ അത് കൂടെ ഒന്നോർത്താൽ നന്ന് ” അനന്തൻ ചിരിയോടെ അവളെ നോക്കി കൈകൾ പിണച്ചു വെച്ചു നിന്നു.വാതിൽ പടി കടക്കുമ്പോൾ ആ നുണക്കുഴി ചിരി കണ്ടതും പത്മ തിരികെ ഓടി വന്നു അവനെ കെട്ടിപിടിച്ചു നെഞ്ചിൽ തല ചേർത്തു വെച്ചു. ഇത്തിരി കഴിഞ്ഞാണവൻ പറഞ്ഞത്. “ആ കൈയൊന്ന് അയച്ചിരുന്നുവെങ്കിൽ എനിക്കൊന്ന് ശ്വാസം വിടാമായിരുന്നു ” പത്മയുടെ മുഖം ചുവന്നു.

കൈകൾ വലിക്കാൻ ശ്രമിച്ച അവളെ അതിനനുവദിക്കാതെ അനന്തൻ പറഞ്ഞു. “ഇപ്പോഴാണ് ഞാൻ ആഗ്രഹിക്കുന്നത് പോലെ താൻ എന്നെ സ്നേഹിക്കാൻ തുടങ്ങിയത്. അനന്തൻ പത്മയെ സ്നേഹിക്കുന്നത് പോലെ, പത്മ അനന്തനെ സ്നേഹിക്കുന്നത്.. ” അവൾ മുഖം ആ നെഞ്ചിൽ ചേർത്ത് വെച്ച് നിന്നതേയുള്ളൂ. “അതേയ്, ഇനി എന്റെ തമ്പുരാട്ടി പെണ്ണ് പുറത്തേക്ക് നടന്നോ, ഇല്ലെങ്കിൽ നമ്മുടെ യാത്ര ക്യാൻസൽ ആവും.. ” അനന്തൻ അവളെ നോക്കി കണ്ണിറുക്കി. പത്മ ചിരിയോടെ തന്നെ പുറത്തേക്ക് നടന്നു. കാറിൽ അനന്തനരികെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു പത്മ. മെടഞ്ഞിട്ട നീണ്ട മുടി മുന്നിലേക്കെടുത്തിട്ട് തെരുപിടിച്ചു കൊണ്ടിരുന്നു അവൾ.. “എന്താണ് മാഡം, വല്യ ആലോചനയിലാണല്ലോ..? ”

അനന്തന്റെ ചോദ്യം കേട്ട് പത്മ അവനെ നോക്കി ചിരിച്ചു. “എന്നെ പറ്റിയാണോ ആലോചിച്ചത്…? ” “പിന്നേ.. ” “ശരിയ്ക്കും…? ” അനന്തൻ അവളെ നോക്കി പുരികം ഉയർത്തി. പത്മ പതിയെ അവന്റെ കൈയിൽ പിടിച്ചുയർത്തി കൈപ്പത്തിയിൽ ചുണ്ടമർത്തി. “ഔച്ച്.. എന്റെ പ്രിയതമയുടെ ആദ്യ ചുംബനം.. ” അവളെ നോക്കി, അനന്തൻ അവൾ ചുംബിച്ച അതേ സ്ഥാനത്തു ചുണ്ടുകൾ ചേർത്തു. പത്മയുടെ മുഖത്ത് നാണം നിറഞ്ഞു. പുഞ്ചിരിയോടെ അവൾ പുറത്തേക്ക് നോക്കിയിരുന്നു. “തനിക്ക് ഇന്നൊരു സർപ്രൈസ് ഉണ്ട്.. ” പത്മ സംശയത്തോടെ അവനെ നോക്കിയതും അനന്തൻ മിഴികൾ ചിമ്മി കാണിച്ചു.. ഇത്തിരി കഴിഞ്ഞ് അവൻ സ്റ്റീരിയോ ഓൺ ചെയ്തു. “തിര നുരയും ചുരുൾ മുടിയിൽ…. ”

കാറിൽ പ്രണയം നിറഞ്ഞു.. “അനന്തേട്ടന് ഈ പാട്ട് അത്രയും ഇഷ്ടമാണോ..? ” “പാട്ട് ഇഷ്ടമാണ്.. പക്ഷെ അതിനേക്കാളുപരി തന്നെ കാണുമ്പോഴൊക്കെ എനിക്ക് ഈ പാട്ട് മൂളാൻ തോന്നും… ആദ്യമായി കണ്ടത് മുതൽ… ” ടൗണിലെ വലിയൊരു ഷോപ്പിംഗ് മാളിലേക്കാണ് പോയത്. വണ്ടി പാർക്കിങ്‌ ഏരിയയിൽ ഇട്ട് ഉള്ളിലേക്ക് കടന്നപ്പോൾ കൃഷ്ണയും ശ്രുതിയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവരുടെ കെട്ടിപിടുത്തവും വിശേഷം പറച്ചിലും തുടരുന്നതിനിടെ അനന്തൻ അവരെയും കൂട്ടി റെസ്റ്റോറന്റിലേക്ക് നടന്നു. റിസർവേഷൻ ഏരിയയിൽ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്തുള്ള മൂന്ന് നാല് ടേബിളുകളിലും റിസേർവ്ഡ് എന്ന കാർഡ് വെച്ചിരുന്നു. വേണ്ടതൊക്കെ ഓർഡർ ചെയ്തോളാൻ പറഞ്ഞിട്ട് അനന്തൻ ഫോണിൽ സംസാരിച്ചു കൊണ്ടു നടന്നു പോയി.

കൃഷ്ണയും ശ്രുതിയും മെനു പഠിച്ചു കൊണ്ടിരിക്കുകയാണ്. എക്സാമിനു പോലും അവർ ഇത്രയും ആത്മാർത്ഥമായി അധ്വാനിച്ചിട്ടില്ലെന്ന് പത്മയ്ക്ക് തോന്നി. കുറച്ചു കഴിഞ്ഞു അനന്തനൊപ്പം കയറി വന്ന ആൾക്കാരെ കണ്ടു പത്മ അന്തം വിട്ടു. അരുണും അഞ്ജലിയും അടക്കം അഞ്ചു പേരും.. കൃഷ്ണയ്ക്കും ശ്രുതിയ്ക്കും അവരെ പരിചയപെടുത്തിയിട്ട് അനന്തൻ അവരെ തൊട്ടടുത്ത ടേബിളിൽ ഇരുത്തി. പതിവില്ലാതെ അഞ്ജലി പത്മയെ നോക്കി ഒന്ന് ചിരിച്ചിരുന്നു. ആ ചിരിയിൽ വിദ്വേഷം കണ്ടില്ല. തിരികെ അനന്തൻ അവളുടെ അരികിൽ വന്നിരുന്നപ്പോൾ പത്മ പതിയെ ചോദിച്ചു. “ഇതെന്താ ഇവരൊക്കെ ഇവിടെ..? ” “അതോ, ഇവിടുത്തെ സൗന്ദര്യധാമത്തെ ഞാൻ സ്വന്തമാക്കിയ സ്ഥിതിയ്ക്ക് അവന്മാർക്കും ആരെയെങ്കിലും ഒക്കെ വായ്‌നോക്കാനെങ്കിലും സഹായിക്കണ്ടേ, അതുകൊണ്ട് തന്റെ തോഴിമാരെ പരിചയപെടുത്തി കൊടുക്കാമെന്നു വെച്ചു…”

“നിങ്ങളുടെ ആ പൂവൻ കോഴികളുടെ പപ്പും പൂടേം പറിച്ചു ഇവളുമാര് എണ്ണയിലിട്ട് വറുത്തെടുക്കും ” “ഹാ അത് അവന്മാരുടെ വിധിയെന്ന് ഞാനങ്ങു സമാധാനിക്കും ” “എന്താണ് ഭാര്യയും ഭർത്താവും ഒരു സ്വകാര്യം ” ശ്രുതി ചോദിച്ചു. “ഞങ്ങൾ ഈ പൂജയൊക്കെ കഴിഞ്ഞിട്ട് ഹണിമൂണിനു പോവേണ്ട സ്ഥലങ്ങളെ പറ്റി ഒന്ന് ഡിസ്‌കസ് ചെയ്യുകയായിരുന്നു ” അനന്തൻ പറഞ്ഞതും പത്മ അവന്റെ കൈയിൽ നുള്ളി. കൈ തിരുമ്മി കൊണ്ടിരിക്കുന്ന അനന്തനെ നോക്കി ചിരിയോടെ ശ്രുതി പറഞ്ഞു. “എന്തായാലും ഇവൾക്ക് പറ്റിയ കെട്ട്യോൻ തന്നെ.. മെയ്ഡ് ഫോർ ഈച്ച് അദർ… ” “അതേല്ലോ.. ” പത്മയെ ചേർത്ത് പിടിച്ചു കൊണ്ടു അനന്തൻ പറഞ്ഞു. “അതേയ്.. ആ ചേട്ടൻ അനന്തേട്ടന്റെ കൂടെ പഠിച്ചതാണോ..? ”

അരുണിനെ നോക്കി കൃഷ്ണ ചോദിച്ചു. കണ്ടപ്പോൾ മുതൽ രണ്ടുപേരും ഇടയ്ക്കിടെ പരസ്പരം നോക്കുന്നത് പത്മ അനന്തന്റെയും ശ്രുതിയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു. കൃഷ്ണ അറിയാതെ… “ഒന്നും വിചാരിക്കരുത്… ഇക്കണ്ട കാലം മുഴുവൻ ഗേൾസ് സ്കൂളിലും വിമൻസ് കോളേജിലുമൊക്കെ പഠിച്ചതിന്റെ ആക്രാന്തമാ കൊച്ചിന്.. വാക്കിലേയുള്ളൂ.. പ്രവൃത്തിയിൽ ഇല്ല ” ശ്രുതി പറഞ്ഞതും അനന്തൻ പൊട്ടിച്ചിരിച്ചു.. താഴെ നിന്നും കയറി അവർക്കരികിലേക്ക് വരുന്ന ആളുകളെ കണ്ടതും പത്മയുടെ കണ്ണുകൾ മിഴിഞ്ഞു..

(തുടരും )

നാഗമാണിക്യം: ഭാഗം 23

-

-

-

-

-