നാഗമാണിക്യം: ഭാഗം 2

Spread the love

എഴുത്തുകാരി: സൂര്യകാന്തി

വീട്ടിലെ അടുക്കളയിലെത്തി അമ്മ ഒഴിച്ചു വെച്ച സംഭാരത്തിൽ നിറയെ കാന്താരി മുളക് ചേർത്തെടുത്ത് പുറത്തേക്ക് നടക്കുമ്പോഴും പത്മ പിറുപിറുക്കുന്നുണ്ടായിരുന്നു. “എന്താ അയാളുടെ വിചാരം.. മനയ്ക്കലെ തമ്പുരാനാണെന്നോ? , കാശിന്റെ അഹങ്കാരം, അല്ലാണ്ടെന്താ, ഈ പത്മയെ അയാൾക്ക് ശരിക്കും അറിയില്ല്യാ ” “എന്താടി പിറുപിറുത്തുകൊണ്ട് നടക്കണേ? ” മുറ്റത്തു നിന്ന് കയറി വന്ന സുധർമ്മ പത്മയോട് ചോദിച്ചു. “അമ്മ ഒന്നങ്ങട് മാറി നിന്നേ, കോലോത്തെ പുതിയ തമ്പുരാന് സംഭാരം വേണത്രേ…. ” ബാക്കി അവൾ ശബ്ദമില്ലാതെയാണ് പറഞ്ഞത്. “കുടിപ്പിക്കാം ഞാൻ.. ”

“ദേ പെണ്ണേ, നീ വെറുതെ ആ കുട്ടിയോട് കുറുമ്പൊന്നും കാണിക്കാൻ നിക്കണ്ടാട്ടൊ. അച്ഛന് ദേഷ്യം വന്നാൽ നിനക്കറിയാലോ ” “ഈ അച്ഛനും അമ്മയും ന്തിനാ ഇപ്പോഴും ഈ മനയ്ക്കലെ ആൾക്കാരുടെ മുന്നിൽ ഓച്ഛാനിച്ചു നില്ക്കണെന്ന് നിക്ക് ഇപ്പോഴും മനസിലാവണില്ല്യ ” ദേഷ്യത്തോടെ പറഞ്ഞിട്ട് പുറത്തേക്ക് നടക്കുന്ന പത്മയെ നോക്കി നിൽക്കുമ്പോൾ സുധർമ്മയുടെ മനസ്സൊന്നു പിടച്ചു. നിനക്ക് അറിയാത്ത കാര്യങ്ങളാണേറെയും നിന്റെ ജീവിതത്തിൽ… മനസ്സിൽ പറയവേ ഭാഗീരഥി തമ്പുരാട്ടിയുടെ വാക്കുകൾ സുധർമ്മയുടെ മനസ്സിൽ വീണ്ടുമുയർന്നു വന്നു.

എന്തോ ഓർത്തെന്ന പോലെ ഒരു നീർതുള്ളി കൺകോണിൽ ഉരുണ്ടു കൂടി. നാഗക്കാവിനരികിലൂടെ ഇല്ലത്തേക്ക് നടക്കുമ്പോഴും പത്മയുടെ മുഖത്ത് തെളിച്ചം വന്നില്ല. എന്തോ അനന്തപത്മനാഭനെ അവൾക്കു ഇഷ്ടമായില്ല. കണ്ടാൽ ഏത് പെണ്ണുമൊന്ന് നോക്കിപ്പോവും. പക്ഷേ ഒരു മാതിരി ആക്കി കൊണ്ടുള്ള സംസാരവും പുച്ഛഭാവവും ഒന്നും പത്മയ്ക്ക് ദഹിച്ചിട്ടില്ല. എന്തെങ്കിലും പണി ഒപ്പിക്കുമ്പോൾ വരുംവരായ്കകളെ കുറിച്ച് ആലോചിക്കുന്ന പതിവും അവൾക്കില്ല…

ചുണ്ടിലൊരു ചെറു ചിരിയുമായി, ചവിട്ടി തുള്ളി നടന്നു പോയ പത്മയെ നോക്കി നിന്നിട്ടാണ് അനന്തൻ നാഗകാളി മഠത്തിന്റെ പൂമുഖത്തേക്ക് കയറിയത്. മാധവൻ തുറന്നിട്ട അകത്തേയ്ക്കുള്ള വാതിലിന്റെ പടി ചവിട്ടിയതും ഉള്ളിലെവിടെയോ അടച്ചിട്ടൊരു അറവാതിലിന്റെ താഴൊന്നനങ്ങി .അതിനുള്ളിലെ ചുമരിൽ ചിത്രത്തിൽ ചുറ്റിക്കിടന്ന കുഞ്ഞു നാഗം തലയുയർത്തി. മുറിയിൽ നിറയെ, പൊടി പിടിച്ചു കിടന്നിരുന്നെങ്കിലും, വർണ്ണങ്ങൾ വാരി തൂവിയ ക്യാൻവാസുകൾ ഉണ്ടായിരുന്നു.

അപൂർണ്ണമായൊരു ചിത്രത്തിൽ മാത്രം നേർത്തൊരു പട്ടു തുണി ഇട്ടിരുന്നു… ഹാളിൽ കയറി ചുറ്റും നോക്കി അനന്തൻ ഉള്ളിലേക്ക് നടന്നു. അവന്റെ കണ്ണുകളിൽ വിവേചിച്ചറിയാനാവാത്തൊരു ഭാവം നിറഞ്ഞു നിന്നിരുന്നു.. പത്മ ഇത്തിരി നേരം പാത്രവുമായി മുറ്റത്ത്‌ നിന്നു. പിന്നെ മടിയോടെയാണെങ്കിലും പൂമുഖപ്പടികൾ കയറി. അവളുടെ കണ്ണുകൾ നാഗകാളിയമ്മയുടെ ചിത്രത്തിൽ പരതി. ഉള്ളിലെവിടെയോ ഉയർന്നു തുടങ്ങിയ പേടിയെ അവഗണിച്ചു പത്മ ഉള്ളിലേക്ക് കയറി. ചിത്രങ്ങൾ നിറഞ്ഞ അറയിലെ കുഞ്ഞു നാഗം ഞെട്ടിയെന്ന പോലെ പത്തി വിടർത്തി.

അപൂർണ്ണമായ ആ ചിത്രത്തിന്റെ മേലുള്ള പട്ടു തുണി പതിയെ നിലത്തേക്ക് വീണു… നിറക്കൂട്ടുകൾ കൊണ്ടു ജീവസ്സുറ്റ ആ ചിത്രത്തിൽ നാഗക്കാവിനുള്ളിൽ തൊഴുതു നിൽക്കുന്ന സുന്ദരിയായ ഒരു കന്യകയുടെ രൂപം ഉണ്ടായിരുന്നു. അവൾക്കു മുൻപിലെ നാഗകാളി പ്രതിഷ്ഠയ്ക്കു മുകളിലായി പത്തി വിടർത്തി നിൽക്കുന്ന നാഗരാജാവിന്റെ ശിരസ്സിൽ ഒരു തിളക്കവും… എന്നാൽ അവൾ കാണാതെ, അറിയാതെ വള്ളിപ്പടർപ്പുകൾക്കിടയിൽ പരസ്പരം കാണാതെ രണ്ടു പേരുണ്ടായിരുന്നു.

ഒരാളുടെ കണ്ണുകൾ അവളിലായിരുന്നു. മറ്റെയാൾ സർപ്പഗന്ധിയ്ക്കുമപ്പുറത്തുള്ള കാഞ്ഞിരത്തിന്റെ മറവിലായിരുന്നു. അയാളുടെ ചിത്രം കഴുത്തിനു മുകളിലേക്ക് അപൂർണ്ണമായിരുന്നു. നീണ്ട മുടിയിഴകളും തിളങ്ങുന്ന കണ്ണുകളോടെയുള്ള മുഖത്തിന്റെ രൂപരേഖയും മാത്രമേ അതിലുണ്ടായിരുന്നുള്ളൂ… പത്മ ആ വലിയ ഹാളിന്റെ നടുവിൽ നിന്ന് കൗതുകത്തോടെ ചുറ്റും നോക്കുകയായിരുന്നു. കൊത്തുപണികളോടുള്ള അറവാതിലുകളും ഒരു സൈഡിലായുള്ള നടന മണ്ഡപവുമെല്ലാം.

സ്വപ്നത്തിലെന്ന പോലെ നടന്നെത്തിയത് വിശാലമായ നടു മുറ്റത്തേയ്ക്കാണ്, ഒത്ത നടുക്ക് ഉണ്ടായിരുന്ന ചെറിയൊരു ആമ്പൽകുളത്തിന്റെ ശേഷിപ്പുകൾ കാണാം. ചിത്രപ്പണികൾ നിറഞ്ഞ ഉരുളൻ തൂണുകൾക്കരികിലൂടെ നടുമുറ്റത്തേയ്ക്കുള്ള കരിങ്കല്ലിൽ കൊത്തിയെടുത്ത പ്ടികൾ ഇറങ്ങുമ്പോൾ പാവാടത്തുമ്പ് മുകളിലെ പടിയിലുടക്കി. പാത്രവുമായി മുഖമടച്ചു വീഴേണ്ടതായിരുന്നു. ബലിഷ്ടങ്ങളായ രണ്ടു കരങ്ങൾ അരക്കെട്ടിലൂടെ ചുറ്റി അവളെ നേരേ നിർത്തി. ഇറുകെയടച്ച മിഴികൾ പത്മ തുറന്നതു അനന്തന്റെ കണ്ണുകളിലേക്കാണ്. അവന്റെ നിശ്വാസം അവളുടെ കവിളിലും തട്ടി.

അപ്പോഴും അനന്തൻ അവളിലെ പിടി വിട്ടിട്ടില്ലായിരുന്നു. അവന്റെ കണ്ണുകളിലെ ഭാവം പത്മയെ അസ്വസ്ഥയാക്കി. ഇത്തിരി ബലമായി തന്നെ പത്മ അവനിൽ നിന്ന് കുതറി മാറി അനന്തനെ തുറിച്ചു നോക്കി. “ഹാ എന്താടീ നോക്കി പേടിപ്പിക്കുന്നെ… വീഴാൻ പോയപ്പോൾ പിടിച്ചു നിർത്തിയതിന് ഒരു നന്ദി പോലും പറയാതെ ” “തന്നോടാരെങ്കിലും പറഞ്ഞോ എന്നെ കേറിപ്പിടിക്കാൻ, വിളച്ചിൽ പത്മയുടെ അടുത്ത് വേണ്ട ” അനന്തന്റെ ഭാവം മാറി കുസൃതി നിറഞ്ഞിരുന്ന കണ്ണുകൾ അവൻ ഇറുകെ അടച്ചു തുറന്നു.

ഒരു നിമിഷം ഒന്ന് പകച്ചെങ്കിലും പത്മ അവിടെ തന്നെ നിന്നു. അവൻ അവളെ പിടിക്കാൻ കൈ നീട്ടിയതും മാധവന്റെ ശബ്ദം കേട്ടു. “നീ ആ പാത്രവും പിടിച്ചു നിൽക്കാതെ അത് അനന്തനങ്ങട് കൊടുക്കൂ പത്മേ ” പത്മ ഓട്ടു മോന്ത അനന്തന്റെ നേരേ നീട്ടി.ഒരു വഷളൻ ചിരിയോടെ അവളുടെ കൈകളിൽ പിടിച്ചു കൊണ്ടാണ് അവനത് വാങ്ങിയത്. പത്മയുടെ മുഖം കനത്തു. മാധവൻ മണ്ഡപത്തിനരികിലെ ജനൽ പാളികൾ തുറക്കാൻ ശ്രമിക്കുകയായിരുന്നു. കുറച്ചു വായിലൊഴിച്ചതും അവന്റെ മുഖം മാറിയത് പത്മ കണ്ടു.

ആ കണ്ണുകളിൽ ദേഷ്യത്തോടൊപ്പം മറ്റെന്തോ ഒരു ഭാവവും പത്മ കണ്ടു. അവൾ ചിരിയടക്കി നിൽക്കവേ ഒന്നും പറയാതെ അവനത് മുഴുവനും കുടിച്ചു. അത്ഭുതത്തോടെ അവനെ നോക്കി നിന്ന പത്മയുടെ കൈകളിലേക്ക് ഒഴിഞ്ഞ പാത്രം വെച്ചു കൊണ്ടു അനന്തൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. “പാമ്പിന്റെ പകയാണെനിക്ക്. പൊന്നുമോൾ കാത്തിരുന്നോ. കിട്ടിയത് ഇരട്ടിയായി അനന്തൻ തിരിച്ചു തന്നിരിക്കും ” അവന്റെ ഭാവം ഉള്ളിൽ ഭയമുണർത്തിയെങ്കിലും അത് പുറത്തു കാണിക്കാതെ ചുണ്ട് കോട്ടിക്കൊണ്ട് പത്മ പുറത്തേക്ക് നടന്നു. തിരിഞ്ഞു നോക്കാതെ അവൾ പറഞ്ഞു.

“അച്ഛാ ഞാൻ ഇറങ്ങുവാണ്.. ” “മോളെ, ഊണ് വേഗം റെഡി ആക്കിക്കോളൂട്ടോ. അമ്മയെ ഞാൻ വിളിച്ചു പറഞ്ഞിരുന്നു ” ഓ കൊച്ചു തമ്പുരാന് ഇനി ഊണും ചുമന്നു കൊണ്ടു വരണോ ആവോ.. മനസ്സിൽ പറഞ്ഞുകൊണ്ട് പൂമുഖത്തു നിന്ന് പുറതേക്ക് നടക്കുമ്പോൾ അവൾ കേട്ടു. “എന്തിനാ മാധവേട്ടാ അവരെ വെറുതെ ബുദ്ധിമുട്ടിക്കുന്നത്, ഒരു നേരം കഴിച്ചില്ലെങ്കിലും എനിക്ക് കുഴപ്പമില്ല ” “അങ്ങനെയല്ല മോനെ, ഞങ്ങൾ ഇവിടെ ഉണ്ടായിട്ടും മനയ്ക്കലെ ഒരാൾ പട്ടിണി കിടക്കാന്നു വെച്ചാൽ.. ” “എനിക്ക് വേണ്ടി സ്പെഷ്യൽ ആയിട്ടൊന്നും ഉണ്ടാക്കേണ്ട.ചോറും കുറച്ചു തൈരും കൂടെ കാന്താരി മുളകും മതി.”

വീട്ടിലേയ്ക്ക് നടക്കുമ്പോൾ പത്മ ആലോചനയിലായിരുന്നു. വേണ്ടിയിരുന്നില്ല ഒന്നും. വെറുതെ എടുത്തു ചാടി എന്തൊക്കെയോ ചെയ്തു, ആരാണെന്നോ ഏതാണെന്നോ ഒന്നുമറിയില്ല. പക്ഷേ അയാൾ അവസാനം പറഞ്ഞത് ഒരു തമാശയായി തോന്നിയില്ല. ഒന്നറിയാം അയാളുടെ സാമീപ്യം തന്റെ മനസ്സിനെ അസ്വസ്‌ഥമാക്കുന്നുണ്ട്. പലപ്പോഴും പിടിയിലൊതുങ്ങാതെയാണ് പ്രതികരിച്ചു പോവുന്നത്. അടുക്കളയിൽ അമ്മ തിരക്കിട്ട പാചകത്തിലാണ്. അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തെടുക്കുന്ന മണം നിറയുന്നുണ്ടായിരുന്നു. ഓ കൊച്ചു തമ്പുരാന് പായസമടക്കമുള്ള വിഭവസമൃദ്ധമായ സദ്യയാണല്ലോ ഒരുക്കുന്നത്..

എന്തു കൊണ്ടാണ് അയാളോട് തനിക്കിത്ര നീരസം തോന്നുന്നത്..? അമ്മയെ സഹായിക്കുമ്പോഴും പത്മ നിശബ്ദയായിരുന്നു. “എന്ത് പറ്റി നിനക്ക്?, ഇങ്ങനെ പതിവുള്ളതല്ലാലോ, വായ പൂട്ടി വെക്കാറില്ലല്ലോ? ” “ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഇവിടെ ആർക്കെങ്കിലും ഒരു വിലയുണ്ടോ? ” കറികളൊക്കെ കഴിക്കാനുള്ള പാത്രങ്ങളിലേക്ക് നിറയ്ക്കുന്നതിനിടെയാണ് പത്മ ചോദിച്ചത്. “ഓ അതിനിപ്പോ എന്തിനു കാര്യത്തിനാ നിനക്ക് വില തരാത്തത് ” ” അച്ഛൻ ഇങ്ങനെ ആ അനന്തന്റെ പിന്നാലെ നടക്കുന്നതെന്തിനാ? അയാൾ മനയ്ക്കലെ തമ്പുരാൻ ഒന്നുമല്ലല്ലോ… ആരാ, ഏതാന്നു പോലും അറിയില്യ. വല്ല കള്ളനുമാണെങ്കിലോ? ”

ഡൈനിങ്ങ് ടേബിളിൽ ഭക്ഷണം വെച്ച് തിരിയുമ്പോഴാണ് ഹാളിലെ സോഫയിൽ ഇരിക്കുന്ന ആളെ അവൾ കണ്ടത്. അനന്തൻ… “അച്ഛൻ ഒന്നും കാണാതെ അങ്ങനെയൊന്നും ചെയ്യില്ലെന്റെ പത്മേ, എന്തേലും കാരണം കാണും ” സുധർമ്മ അടുക്കളയിൽ നിന്ന് പറയുന്നതൊന്നും പത്മ കേട്ടില്ല.അവളുടെ കണ്ണുകൾ അനന്തനിൽ ആയിരുന്നു. അവനും അവളെ നോക്കുകയായിരുന്നു. ആ കണ്ണുകളിലെ പുച്ഛവും ചുണ്ടിലെ ചിരിയും പത്മയിൽ വീണ്ടും ദേഷ്യത്തിന് തിരി കൊളുത്തുന്നുണ്ടായിരുന്നു. അവൾ അനന്തനടുത്തെത്തി.

“താനെന്താ ഇവിടെ? ” “ശോ വീട്ടിൽ വരുന്ന അതിഥികളെ ഇങ്ങനെയാണോ സ്വീകരിക്കേണ്ടത് പപ്പിക്കുട്ടി? ” “ഡോ.. ” പത്മ അനന്തന് നേരേ കൈ ചൂണ്ടിയതും അവൻ പതിയെ എഴുന്നേറ്റു. “ഞാൻ ആരാണെന്നും എന്താണെന്നും അടുത്ത് തന്നെ നീയറിയും, ഞാൻ അറിയിക്കും. കാത്തിരുന്നോ നീ ” അനന്തന്റെ കണ്ണുകളിൽ ചുവപ്പ് പടരുന്നുണ്ടായിരുന്നു. “വെറുതെ എന്നെ ചൊറിയാൻ വരാതിരിക്കുന്നതാണ് നിനക്ക് നല്ലത് ” പത്മ മറുപടി പറയാൻ തുടങ്ങിയതും മാധവൻ പൂമുഖ വാതിൽ കടന്നു വന്നു.

“ഇങ്ങോട്ട് വരണില്ല്യാന്ന് പറഞ്ഞതാ, ഞാൻ നിർബന്ധിച്ചു വിളിച്ചു കൊണ്ടു വന്നതാ, മോളു പോയി എല്ലാം എടുത്തു വെയ്ക്ക് ” “ഓ കൊച്ചു തമ്പുരാന് ഇവടെയൊന്നും പിടിച്ചു കാണില്ല്യ ” പറഞ്ഞത് മെല്ലെയാണെങ്കിലും അനന്തൻ അത് കേട്ടെന്ന് തലയൊന്നു തിരിച്ചപ്പോൾ പത്മ കണ്ടു. തനിയ്‌ക്കെന്താ പറ്റിയത്..?. ആരെയും കൂസാതെ വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറയാറുണ്ട്. പക്ഷേ ആരോടും അങ്ങോട്ട്‌ ചെന്നു മുട്ടാറില്ല. പക്ഷേ ഇത്…. അനന്തൻ കഴിക്കാനിരുന്നപ്പോൾ സുധയോടൊപ്പം പത്മയും വിളമ്പാൻ നിന്നു. “എന്തിനാ ഇത്രയും വിഭവങ്ങളൊക്കെ അമ്മേ, മാധവേട്ടനോട് ഞാൻ പറഞ്ഞിരുന്നല്ലോ.

” അമ്മയോ? വാ തുറന്നു നിൽക്കുന്ന പത്മയെ പുച്ഛത്തോടെ ഒന്ന് നോക്കി അനന്തൻ കഴിക്കാൻ തുടങ്ങി. കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മാധവൻ പത്മയോട് അനന്തന് രസം എടുത്തു ഒഴിച്ചു കൊടുക്കാൻ പറഞ്ഞത്. നല്ല ചൂടുണ്ടെന്ന് അറിഞ്ഞിട്ട് തന്നെയാണ് അവളത് അവന്റെ കൈയിലേക്ക് ഒഴിച്ച് കൊടുത്തത്. അവളെ ഒന്ന് നോക്കിയതല്ലാതെ അവന്റെ മുഖത്ത് ഭാവഭേദമൊന്നുമുണ്ടായില്ല. കഴിച്ചെണീറ്റ്, കോലായിൽ അനന്തൻ മാധവനുമായി സംസാരിച്ചിരിക്കുമ്പോഴാണ് പത്മ രണ്ടു ഗ്ലാസ്സുകളിൽ പായസവുമായി എത്തിയത്.

ഒന്ന് മാധവന്റെ കൈയിൽ കൊടുത്തു മറ്റേ ഗ്ലാസ്സ് അനന്തന് നേരേ നീട്ടുമ്പോൾ പത്മയുടെ നോട്ടം അവന്റെ കണ്ണുകളിലെത്തി. അടുത്ത നിമിഷം ഗ്ലാസ്സ് പത്മയുടെ കൈയിൽ നിന്ന് താഴെ വീണു ചിതറി. പായസം പകുതിയും അവന്റെ മുണ്ടിലേക്കാണ് തെറിച്ചത്. മാധവൻ ചാടിയെഴുന്നേറ്റു. “എന്താ പത്മേ നീ ഈ കാണിച്ചത്? ” “അത് അച്ഛാ, ഗ്ലാസ്സ് കൈയിൽ നിന്ന് വഴുതിപ്പോയതാ ” മാധവൻ പിന്നെയുമെന്തോ പറയാൻ തുടങ്ങിയതും അനന്തൻ പറഞ്ഞു. “സാരമില്ല മാധവേട്ടാ, പത്മയെ വഴക്ക് പറയണ്ട, അറിയാതെ പറ്റിയതല്ലേ ” പറഞ്ഞതങ്ങിനെ ആണെങ്കിലും ആ കണ്ണുകളിൽ മിന്നി മാഞ്ഞ ദേഷ്യം പത്മ കണ്ടിരുന്നു.

“നീ അനന്തന് ആ ബാത്റൂം ഒന്ന് കാണിച്ചു കൊടുത്തേ പത്മേ, ഇനിയിപ്പോ ആരും അതിൽ ചവിട്ടി കാലു മുറിയണ്ട ” ശബ്ദം കേട്ടു വന്ന സുധർമ്മ പറഞ്ഞു. പിന്നാലെയുള്ള അനന്തനെ നോക്കാതെ ഇടനാഴിയിലേക്ക് നടക്കുമ്പോഴാണ് സുധർമ്മ വിളിച്ചു ചോദിച്ചത്. “ഇതെങ്ങടാ പത്മേ കൂട്ടി കൊണ്ടു പോണേ, നിന്റെ റൂമിലെ ബാത്‌റൂമിൽ നിന്ന് കഴുകിയാൽ മതി ” പത്മയുടെ മുഖമിരുണ്ടെങ്കിലും അനന്തന്റെ ചുണ്ടിൽ ചിരി വിടർന്നു. അവളുടെ റൂമിനകത്ത് കയറിയതും ചുറ്റും നോക്കി കൊണ്ടു അനന്തൻ പറഞ്ഞു.

“ഇതാണോ തമ്പുരാട്ടിയുടെ പള്ളിയറ, കൊള്ളാം ആ സ്വഭാവം പോലെ തന്നെ ” “താനെനിക്ക് സ്വഭാവസർട്ടിഫിക്കറ്റ് തരാൻ വന്നതാണോ? വേണേൽ പോയി കഴുകി വാടോ ” അവളെ ഒന്ന് നോക്കി അനന്തൻ ബാത്‌റൂമിൽ കയറിയതും പത്മ തലയിൽ കൈവെച്ചു ഒന്ന് ചുറ്റും നോക്കി. എല്ലാം വാരി വലിച്ചിട്ടിരിക്കുകയാണ്. രണ്ടു ദിവസമായി അടുക്കിപ്പെറുക്കി വെക്കണമെന്ന് കരുതുന്നു. മടി… ആ അലവലാതിയ്ക്ക് വന്നു കയറാൻ കണ്ട സമയം.. അനന്തനുള്ള ടവൽ എടുത്തു തിരിയുമ്പോഴാണ് പുറകിൽ നിന്ന് രണ്ടു കരങ്ങൾ അവളെ ചുറ്റിപ്പിടിച്ചത്.

ഞെട്ടലോടെ കുതറി മാറാൻ ശ്രമിച്ചെങ്കിലും പത്മയ്ക്ക് അനങ്ങാൻ സാധിച്ചില്ല. “നിന്നോട് ഞാൻ പറഞ്ഞതാണ് എന്നെ ഇറിറ്റേറ്റ് ചെയ്യാൻ വരരുതെന്ന്, പിന്നെ ഞാൻ എന്താ ചെയ്യുകയെന്ന് എനിക്ക് തന്നെ പറയാൻ പറ്റില്ല ” പത്മയുടെ നീണ്ട മുടിയിഴകൾ വകഞ്ഞു മാറ്റി പിൻകഴുത്തിൽ മുഖം ചേർത്തു കൊണ്ടാണവൻ പറഞ്ഞത്.കഴുത്തിൽ മുഖം അമർത്തിയതും പത്മയുടെ മിഴികൾ ജ്വലിച്ചു. ഒരു നേർത്ത സീൽക്കാരം കേട്ടത് പോലെ അനന്തന് തോന്നി. പിടി വിട്ടപ്പോൾ പത്മയും ചുറ്റും കണ്ണോടിക്കുന്നത് അവൻ കണ്ടു .

തോന്നിയതാവുമെന്ന് കരുതി നേർത്ത ചിരിയോടെ പുറത്തേക്ക് നടക്കുന്നതിനിടയിൽ അനന്തൻ തിരിഞ്ഞു അവളെ നോക്കി പറഞ്ഞു. “ഇനി എന്റടുത്തു മുട്ടാൻ വരുമ്പോൾ കൊച്ചു തമ്പുരാന്റെ ഈ സ്വഭാവം കൂടെ പപ്പിക്കുട്ടി ഓർത്തു വെച്ചേക്കണം ” “നിന്നെ ഞാൻ കൊല്ലുമെടാ… ” പത്മ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞത് കേട്ടിട്ടും ചുണ്ടിൽ ഒരു ചിരിയോടെ അനന്തൻ കോലായിലേക്ക് നടന്നു. അവിടെ പത്മയുടെ മുറിയിൽ, ഒരു കോണിൽ ഫ്ലവർ സ്റ്റാൻഡിൽ, പത്തി വിടർത്തി ചുറ്റി കിടന്ന കരിനാഗത്തെ അവൾ കണ്ടില്ല.

കൈയിലെ ടവ്വൽ വലിച്ചെറിഞ്ഞു കട്ടിലേക്കിരുന്ന പത്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു… താമരക്കുളത്തിന്റെ പടവുകളൊന്നിൽ വിടർന്നു നിൽക്കുന്ന പൂവുകളിലേക്ക് നോക്കിയിരിക്കുമ്പോൾ അനന്തന്റെ കണ്ണുകൾ പുകയുന്നുണ്ടായിരുന്നു. “അനന്തപത്മനാഭൻ എത്തിയിരിക്കുന്നു. ഒരുപാട് കണക്കുകൾ തീർക്കാനുണ്ട്… പിന്നെ ജീവനേക്കാൾ പ്രിയ്യപ്പെട്ട ചിലതൊക്കെ സ്വന്തമാക്കാനും… ” കുളത്തിന്റെ ആഴങ്ങളിലേക്ക് നോക്കി അവൻ മന്ത്രിക്കുമ്പോൾ ഇലഞ്ഞിപ്പൂമണം നിറഞ്ഞൊരു തെന്നൽ അവനെ തലോടി. അവനുള്ള മറുപടിയെന്നോണം കുളത്തിൽ കുമിളകൾ ഉയരുന്നുണ്ടായിരുന്നു.

പത്മ കിടക്കുകയായിരുന്നു. അവളെ വന്നു നോക്കിയിട്ട് സുധ പറഞ്ഞു. “മോളെ ഞാൻ മറന്നു പോയതാ നേരത്തെ പറയാൻ, ശ്രുത്രി വിളിച്ചിരുന്നു നിന്നെ ” പിടഞ്ഞെണീറ്റു കൊണ്ടു പത്മ ചോദിച്ചു. “എപ്പോൾ? ന്നിട്ട് അമ്മയെന്താ ന്നോട് പറയാതിരുന്നെ? ” “അത് ഞാൻ, അപ്പോഴത്തെ തിരക്കിൽ വിട്ടു പോയതാ കുട്ട്യേ ” മൊബൈൽ എടുത്തു നോക്കിയതും നാലു മിസ്സ്‌ഡ് കാൾ. നിരാഹാരം കിടന്നും അച്ഛന്റെ കാലു പിടിച്ചും വാങ്ങിച്ചെടുത്തതാണ് ഈ മൊബൈൽ. എന്നാലും നിയന്ത്രണങ്ങളേറെയുണ്ട്.

ശ്രുതിയുടെ ഫോൺ സ്വിച്ച്ഡ് ഓഫ്‌. കൃഷ്‌ണയെ വിളിച്ചപ്പോൾ റിംഗ് ചെയ്യുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല. ചെറുപ്പത്തിലേയുള്ള കൂട്ടാണ് പത്മയും ശ്രുതിയും കൃഷ്ണയും. എല്ലാ തല്ലുകൊള്ളിത്തരങ്ങളും പ്ലാൻ ചെയ്യുന്നത് ഒരുമിച്ചാണ്. ശ്രുതിയുടെ വീട്ടിലാണ് കൂടിച്ചേരാറുള്ളത്. ശ്രുതിയുടെ അച്ഛനും അമ്മയും നേരത്തേ മരിച്ചു പോയതാണ്. ആകെയുള്ളത് ഒരേട്ടനാണ്. വൈശാഖൻ. നാട്ടിൽ തന്നെയുള്ള സ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ… പത്മയ്ക്ക് അയാളോടുള്ളത് പ്രേമമാണോ അതോ അയാളുടെ കഴിവിനോടുള്ള ആരാധനയാണോ എന്ന് അവൾക്കു തന്നെ അറിയില്ല.

എന്തായാലും വൈശാഖൻ മാഷ് പത്മയുടെ മുഖത്ത് നേരാംവണ്ണം നോക്കിയിട്ട് തന്നെയുണ്ടാവില്ല. തന്റെ അനിയത്തിയും ചിത്ര രചനയും മാത്രമാണയാളുടെ ലോകം. നെഞ്ചിടിപ്പോടെയാണവൾ ശ്രുതിയുടെ വീട്ടിലെ ലാൻഡ്ഫോൺ നമ്പർ ഡയല് ചെയ്തത്. “ഹലോ ” സൗമ്യമായ പുരുഷശബ്ദം കേട്ടതും പത്മയ്ക്ക് വാക്കുകൾ തൊണ്ടയിൽ കുടുങ്ങി പോയി. “ഞാൻ… ഞാൻ പത്മയാണ്.. ശ്രുതി.. അവളുടെ മൊബൈൽ ഓഫ്‌ ആണല്ലോ? ” “പത്മാ, ശ്രുതി ഇവിടെയില്ല. വല്യമ്മയുടെ വീട്ടിലാണ്, തന്നെ വിളിക്കാൻ ഞാൻ പറയാം” “ശരി.. ”

വൈശാഖൻ വെച്ചിട്ടും പത്മ ഫോൺ കൈയിൽ പിടിച്ചു നിന്നു… “പത്മേ, ശ്രീക്കുട്ടൻ ഇല്ല്യാട്ടോ, കാവിൽ ചുറ്റിത്തിരിയാണ്ട് വേഗം തിരി വെച്ച് പോന്നോളൂ ” സന്ധ്യയ്ക്ക് പത്മ കാവിലേക്ക് നടക്കുമ്പോൾ സുധർമ്മ പിറകിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. വെക്കേഷൻ ആയത് കൊണ്ടു സുധർമ്മയുടെ അനിയത്തിയുടെ വീട്ടിൽ പോയതാണ് ശ്രീനാഥ്‌. കാവിൽ പതിവില്ലാത്തൊരു വെളിച്ചമുണ്ടായിരുന്നു.

കാവിനുള്ളിലേക്കുള്ള വഴിയിലെ പേരാലിന്റെ ഇലകളെ തഴുകിയെത്തുന്ന കാറ്റിൽ ഇലഞ്ഞിപ്പൂവിന്റെ ഗന്ധം നിറഞ്ഞിരുന്നു. തിരി തെളിച്ചു, അസ്വസ്ഥമായ മനസ്സോടെ, നാഗകാളിയ്ക്ക് മുൻപിൽ പത്മ കൈകൾ കൂപ്പി. തൊഴുതു തിരിഞ്ഞതും, തനിക്ക് പിറകിൽ, ദേവദാരുവിൽ ചാരി, കൈകൾ മാറിൽ പിണച്ചു വെച്ച് അവളെ നോക്കി നിൽക്കുന്ന അനന്തനെ പത്മ കണ്ടു. വള്ളിപ്പടർപ്പുകളിൽ നിന്ന് താഴേക്കിറങ്ങിയ കരിനാഗം അവർക്കരികിലേക്ക് എത്തുന്നുണ്ടായിരുന്നു…

(തുടരും )

നാഗമാണിക്യം: ഭാഗം 1

-

-

-

-

-