കനൽ : ഭാഗം 33
എഴുത്തുകാരി: Tintu Dhanoj
ദൈവമേ ഇതിന് എന്ത് ഉത്തരം കൊടുക്കും ..”ആ നഴ്സ് ന് വേറെ എവിടെയോ കുറച്ചൂടെ നല്ല ജോലി കിട്ടി പോയി. കിരൺ പറഞ്ഞു കേട്ടത് ആണ്..” പെട്ടെന്ന് വന്നൊരു കള്ളം പറഞ്ഞ് ഞാൻ പ്രിയയെ നോക്കി.. ഞാൻ പറഞ്ഞത് വിശ്വാസം ആയി എന്ന് പ്രിയയുടെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു..പിന്നെയും എന്തൊക്കെയോ പ്രിയ പറയുന്നുണ്ടായിരുന്നു.. എനിക്ക് എന്ത് കൊണ്ടോ അതൊന്നും കേൾക്കാൻ കഴിയുന്നില്ല..
എന്റെ മനസ്സ് എവിടേക്കോ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് .ഞാൻ പോലുമറിയാതെ.. “ഞാൻ പിന്നെ വരാം പ്രിയ ..”എന്നും പറഞ്ഞ് ഞാൻ ഇറങ്ങി..എങ്ങനെയോ അ റൂമിൽ നിന്നും ഇറങ്ങിയതും പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ ഓടി.. എന്താണോ ഞാൻ മറക്കാൻ ആഗ്രഹിക്കുന്നത്,ആരെയാണോ കാണാൻ കഴിയാത്തത് അവള് തന്നെ വീണ്ടും എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. അത് ഓർക്കും തോറും മനസ്സ് വിങ്ങും പോലെ.. കുറച്ച് സമയം കഴിഞ്ഞപ്പോൾ കിരൺ എന്റെ അടുത്തേക്ക് വന്നു..അപ്പോഴും കരഞ്ഞ് കൊണ്ടിരിക്കുന്ന എന്നെ നോക്കി വിളിച്ചു..”ലക്ഷ്മി എന്താ?എന്താ കരയാൻ?”
അത് പൂർത്തിയാക്കും മുൻപെയുള്ള എന്റെ നോട്ടം കണ്ടതും കിരൺ അവിടെ നിന്നും പിൻവാങ്ങി. എനിക്കെന്തോ കിരണിന്റെ അടുത്ത് എന്റെ സങ്കടങ്ങൾ ഒന്നും പങ്ക് വയ്ക്കാൻ തോന്നുന്നില്ല..കിരൺ എന്നല്ല പുറത്ത് നിന്ന് ആരുടെ അടുത്തും.. അത് കൊണ്ട് തന്നെ കിരൺ വിഷമത്തോടെ പോയത് പോലും ഞാൻ കാര്യമാക്കിയില്ല.അങ്ങനെ കുറച്ച് സമയം ഇരുന്നു..കുറെ കഴിഞ്ഞപ്പോൾ പ്രിയയുടെ ഡോക്ടർ വിളിക്കുന്നു എന്ന് കിരൺ പറഞ്ഞു.. അതനുസരിച്ച് ഞാൻ അങ്ങോട്ടേക്ക് ചെന്നു..”അമ്മു അല്ലേ?”അത് ചോദിച്ച് കൊണ്ട് ഡോക്ടർ എന്റെ മുഖത്തേക്ക് നോക്കി..
അല്ല ആദി ലക്ഷ്മി എന്ന് പറയണം എന്ന് ഉണ്ടായിരുന്നെങ്കിൽ പോലും അത് ഞാൻ പുറത്ത് പറഞ്ഞില്ല.. “സീ അമ്മു, ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം..കുട്ടി വിചാരിച്ചാൽ പ്രിയയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാം..തന്റെ പ്രസൻസ് അതവൾക്ക് ഉണ്ടാക്കുന്ന ആശ്വാസം ചെറുതല്ല..അതിന്നു എനിക്ക് തിരിച്ചറിയാൻ ആയത് കൊണ്ടാണ് ഞാൻ ഇത് പറയുന്നത്..” “അത് കൊണ്ട് തന്നെ പറ്റുന്നതും അമ്മു തന്നെ പ്രിയയെ നോക്കിയാൽ മതിയെന്ന് ആണ് എന്റെ ഒരു അഭിപ്രായം..പിന്നെ അമ്മു ഇല്ലാത്ത സമയം നമുക്ക് വേറെ ആരെയെങ്കിലും ഇടാം..അമ്മുവിന് കൂടുതൽ സമയം നിൽക്കാൻ പറ്റുമെങ്കിൽ കുറച്ച് കൂടെ നല്ലത്..”
“മനസ്സ് കൈവിട്ടു പോയ ഒരാളെ തിരികെ കൊണ്ട് വരിക എന്ന് പറയുന്നത് എത്ര വലിയ കാര്യമാണെന്ന് ഞാൻ പറയാതെ അമ്മുവിന് അറിയാമല്ലോ?” ഞാൻ കിരണിന്റെ മുഖത്തേക്ക് ഒന്ന് നോക്കി..എന്റെ മനസ്സ് വായിച്ച പോലെ കിരൺ പറഞ്ഞു.”സാർ ഡ്യൂട്ടി ഉള്ള സമയം മതി..അല്ലാതെ ചെയ്യാൻ അമ്മുവിന് ബുദ്ധിമുട്ടാകും..അമ്മ തനിച്ചാണ് ആ കുട്ടിയുടെ വീട്ടിലും. അത് കൊണ്ട് ..”അത്രയും പറഞ്ഞ് കിരൺ നിർത്തി.. “കിരൺ ഇവിടെ ഞാൻ ചിന്തിക്കുന്നത് എത്ര വേഗം പ്രിയയെ തിരികെ കൊണ്ട് വരാം എന്ന് മാത്രമാണ്..
അപ്പൊൾ കുറച്ച് ബുദ്ധിമുട്ടുകൾ അനുഭവപ്പെടും എല്ലാവർക്കും..പക്ഷേ ഞാൻ അതിനെക്കുറിച്ച് അല്ലാ ചിന്തിക്കുന്നത്..പ്രിയ ചെറുപ്പം മുതൽ എനിക്ക് അറിയുന്ന കുട്ടിയാണ്..അവളെ എത്രയും വേഗം എനിക്ക് തിരികെ കൊണ്ട് വരണം.എങ്കിൽ മാത്രമാണ് ആ കുടുംബത്തോട് എനിക്കുള്ള ബന്ധം അതിൽ അർത്ഥമുള്ളൂ .”ഡോക്ടറുടെ വാക്കുകൾ എനിക്കെന്തോ അംഗീകരിക്കാൻ ആവുന്നില്ലായിരുന്നു.. “സാർ പറയൂന്നത് കൊണ്ട് ഒന്നും തോന്നരുത്..കൂടുതൽ സമയം ഒന്നും എനിക്ക് കഴിയില്ല..ഡ്യൂട്ടി സമയത്ത് കൂടെ നിൽക്കാം.
അതിൽ കൂടുതൽ ഒന്നും ദയവു ചെയ്ത് എന്നോട് പറയരുത്..എനിക്ക് ബുദ്ധിമുട്ടാണ്..”അത്രയും പറഞ്ഞ് ഞാൻ നിന്നു.. പക്ഷേ വിടാൻ ഭാവമില്ലാത്ത പോലെ വീണ്ടും അയാള് പറഞ്ഞു തുടങ്ങി..”ഒരു സഹജീവിയോട് ചെയ്യുന്ന കരുണ അത്രയും കരുതിക്കൂടെ അമ്മു..ഇനിയതല്ല പൈസ ആണ് പ്രശ്നം എങ്കിൽ കിരൺ വേണ്ടത് ചെയ്യും..” അത്രയും ആയപ്പോൾ എന്റെ സമനില തെറ്റി..”സാർ നിങ്ങൾക്കൊക്കെ ഒരു വിചാരം ഉണ്ട്..പാവങ്ങൾ എന്ന് വെച്ചാൽ കാശ് കാണിച്ചാൽ എന്ത് വേണേലും ചെയ്യും എന്ന്..എന്നാൽ അങ്ങനെയല്ല..
കാശിനു ബുദ്ധിമുട്ട് ഉണ്ട് ശരിയാ .പക്ഷേ ഇതെനിക്ക് പറ്റില്ല..” “പിന്നെ കരുണ അതിനെപ്പറ്റി ,അതും ഇവൾക്ക് വേണ്ടി കരുണയെപ്പറ്റി സംസാരിക്കാൻ നിങ്ങൾക്ക് എന്ത് അവകാശമുണ്ട് സാർ?നിങ്ങൾക്ക് അറിയാമോ അവളുടെ വാശിയിലും, ധാർഷ്ട്യത്തിലും ജീവിതം നഷ്ടമായ ,ഒരു കുടുംബം മുഴുവൻ തകർന്നു പോയത് കാണേണ്ട വന്ന ഒരു പെൺകുട്ടിയാണ് ഞാൻ..23,ആം വയസ്സിൽ വിധവയാകേണ്ടി വന്നവൾ, ആ പ്രായത്തിൽ ജീവിതത്തിന്റെ നിറം കെട്ട് പോയവൾ.” “എന്നിട്ടും ഇപ്പോഴും ജീവിതത്തോട് പൊരുതി പിടിച്ച് നിൽക്കുന്നത് പോലും അവസ്ഥ അതായത് കൊണ്ടാണ്.
എന്നിട്ടും ജീവിതം തകർത്തവളോട് ക്ഷമിക്കാൻ,അവളുടെ ജീവിതം തിരികെ കൊണ്ട് വരാൻ ഞാൻ തയ്യാറായി.. അവളുടെ സാന്നിധ്യം എന്റെ മനസ്സിൽ ഒരുപാട് വിഷമം ഉണ്ടാക്കുന്നുണ്ട്..എന്നിട്ടും ഇത്രയും ഞാൻ ചെയ്യുന്നില്ലേ?ഇതിൽ കൂടുതൽ ഒന്നും എന്നോട് പറയരുത് ..എനിക്ക് കഴിയില്ല”.. എന്ന് പറഞ്ഞു തീർത്ത് ഞാൻ ആ മുറി വിട്ടോടുക ആയിരുന്നു..ഇനിയും സഹിക്കാൻ ആവില്ല എന്ന് തോന്നിയപ്പോൾ മാത്രമാണ് അത്രയും പറഞ്ഞത്..പക്ഷേ പറഞ്ഞ് കഴിഞ്ഞപ്പോൾ അതെന്നിൽ ഒരുപാട് കുറ്റബോധം നിറച്ചു.. അന്നത്തെ ദിവസം എങ്ങനെയോ ഡ്യൂട്ടി തീർത്ത് ഞാൻ വീട്ടിലേക്ക് പോയി.
വീട്ടിലെത്തി കഴിഞ്ഞും എനിക്കാരോടും സംസരിക്കാൻ കഴിഞ്ഞില്ല..എന്റെ മൗനം എല്ലാവരെയും സങ്കടത്തിലാക്കി എന്നെനിക്ക് മനസ്സിലായി.. എങ്കിലും എന്തോ എന്റെ സങ്കടങ്ങൾ മാഞ്ഞു പോകുന്നില്ല എന്നെനിക്ക് തോന്നി..മാളു അന്ന് രാത്രി വീട്ടിലേക്ക് വന്നു.എനിക്ക് പെട്ടെന്ന് എന്ത് പറ്റിയെന്നുള്ള ആധിയായിരുന്നു അവളുടെ ഉള്ളിൽ.. ഇവരുടെയൊക്കെ സ്നേഹത്തിന് മുന്നിൽ ഞാൻ തോറ്റു പോകുന്നു. ഹോസ്പിറ്റലിൽ ഉണ്ടായത് മുഴുവൻ അവളോട് പറഞ്ഞ് തീർത്തപ്പോൾ എനിക്കെന്തോ ഭാരം ഒഴിവായത് പോലെ തോന്നി..
എല്ലാം പറഞ്ഞു തീർത്ത് പൊട്ടിക്കരഞ്ഞു ഞാൻ അവളുടെ നെഞ്ചിലേക്ക് വീണു..അങ്ങനെ എത്ര സമയം കരഞ്ഞെന്ന് എനിക്കറിയില്ല.. ഞാൻ ഒരുവിധം നേരെയായിന്ന് കണ്ടതും മാളു വീട്ടിലേക്ക് പോയി ..നാളെ കാണാം എന്ന് പറഞ്ഞ്.. അങ്ങനെ കുറെ ദിവസങ്ങൾ പോയി..ഞാൻ ഓഫ് ഒന്നും എടുക്കാതെ ഡ്യൂട്ടി ചെയ്തു..എനിക്ക് ഒരു 3,4 ദിവസം ലീവ് വേണം..അത് കൊണ്ട് ഓഫ് ഇടണ്ട എന്ന് ഞാൻ മേരി ചേച്ചിയോട് പറഞ്ഞിരുന്നു.പ്രിയ മാത്രം ആയിരുന്നു എന്റെ പേഷിയന്റ്..അവളെ കുറെയൊക്കെ മാറ്റി എടുക്കാൻ എനിക്ക് കഴിഞ്ഞു .മാത്രമല്ല ഞാനും ,അവളും തമ്മിലൊരു സൗഹൃദ ബന്ധം രൂപം കൊണ്ടിരുന്നു.. “നാളെ മുതൽ കുറച്ച് ദിവസം ഞാൻ ഉണ്ടാകില്ല പ്രിയ..എനിക്ക് കുറച്ച് അത്യാവശ്യം ഉണ്ട്.
അത് കൊണ്ടാണ് .ഇനി വരുമ്പഴെക്കും ഡിസ്ചാർജ് ആവാൻ റെഡി ആയിരിക്കണം കേട്ടോ..കുറച്ച് ദിവസം കഴിഞ്ഞ് കാണാം..”എന്നും പറഞ്ഞു ഞാൻ പ്രിയയെ നോക്കാതെ ആ മുറി വിട്ടിറങ്ങി . അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു എന്നറിഞ്ഞ് കൊണ്ട് ഞാൻ അവിടെ നിന്നും പോന്നു..ഇല്ലെങ്കിൽ എനിക്കൊരിക്കലും ലീവ് എടുക്കാൻ കഴിയില്ല..എന്റെ മനസ്സ് അതിനു അനുവദിക്കില്ല എന്നെനിക്ക് നന്നായി അറിയാം. വീട്ടിലെത്തി അന്ന് തന്നെ ഞങ്ങൾ പാലക്കാട്ടേക്ക് യാത്ര തിരിച്ചു.. വെളുപ്പിന് അവിടെ എത്തിയാൽ നീഹാരിക സേഫ് ആയിരിക്കും.അത് കൊണ്ട് തന്നെയാണ് ആ സമയത്ത് യാത്ര തീരുമാനിച്ചത്..
ഇൗ പ്രാവശ്യം മാത്രം മാളു എന്‍റെയോപ്പം വന്നില്ല..ഞങ്ങള് മൂന്ന് പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ..ശ്രേയ ഇതിന് മുൻപേ തിരികെ പോയിരുന്നു..അവിടെത്തിയാൽ നീഹാരികയെ ഞങൾ തന്നെ ശ്രേയയുടെ അടുത്ത് എത്തിക്കാം എന്ന് പറഞ്ഞിരുന്നു.. അച്ഛനോട് മാത്രം ഞങ്ങൾ വരുന്ന കാര്യം പറഞ്ഞു..അമ്മയെ അറിയിച്ചാൽ അമ്മ ഉറങ്ങാതെ നോക്കി ഇരിക്കും .അത് അറിയുന്നത് കൊണ്ട് തന്നെ അറിയിച്ചില്ല.. ഇവിടെ നിന്നും ഇറങ്ങി കുറച്ച് കഴിഞ്ഞതും എന്തൊക്കെയോ ചിന്തിച്ച് ഞാൻ ഉറങ്ങി പോയിരുന്നു..നീഹാരിക കണ്ണേട്ടനൊപ്പം മുന്നിൽ തന്നെയിരുന്നത് കൊണ്ട് അവര് തമ്മിൽ സംസാരിച്ച് ഇരിക്കുക ആയിരുന്നു..
എനിക്ക് ഓർമിക്കാൻ ഒരുപാട് ഉള്ളത് കൊണ്ടു തന്നെ എല്ലാ ചിന്തകളും ഉറക്കത്തിൽ പോലും എന്നെ അലട്ടി..ഇപ്പോഴത്തെ ചിന്തകൾ മുഴുവൻ കണ്ണേട്ടൻ,നീഹാരിക അവരുടെ കല്യാണം..പിന്നെ പ്രിയ രോഗം ഭേദമായി ആശുപത്രി വിടുക എന്നതും ആയിരുന്നു.. “അമ്മു ഇറങ്ങി വാ, വീടെത്തി ..”കണ്ണേട്ടന്റെ വാക്കുകൾ എന്നെ അതിൽ നിന്നെല്ലാം ഉണർത്തി..വീട്ടിലേക്ക് എത്തിയതും കണ്ടു ..ഞങ്ങളെ കാത്ത് ഉറങ്ങാതെ ഇരിക്കുന്ന അച്ഛൻ. “അച്ഛാ അമ്മ?” എന്റെ ചോദ്യം കേൾക്കാതെ അച്ഛന്റെ കണ്ണുകൾ നീഹാരികയുടെ മുഖത്തേക്ക് പോയി.. അത് കണ്ടു ഞാൻ പറഞ്ഞു..”എല്ലാം ഞാൻ പറയാം..
കുറച്ച് കൂടെ കഴിയട്ടെ.അമ്മ കൂടെ ഉള്ളപ്പോൾ പോരെ?”എന്റെ വാക്കുകൾക്ക് അച്ഛൻ സമ്മതം എന്നു തലയാട്ടി. കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാൻ നീഹാരികയുടെ കൈ പിടിച്ച് അകത്തേക്ക് നടന്നു .”വലത് കാൽ വച്ച് കയറിക്കോളൂ”പതിയെ അവളുടെ ചെവിയിൽ മൊഴിഞ്ഞു കൊണ്ടാണ് ഞാൻ അവളുമായി കയറിയത്.. ഇവർക്ക് എല്ലാ ഐശ്വര്യങ്ങളും,സന്തോഷങ്ങളും നൽകണമേ ഭഗവാനെ .എന്ന് മനസ്സിൽ പ്രാർത്ഥിച്ചു ഞാൻ.. കണ്ണേട്ടൻ മുറിയിലേക്ക് പോയി …നീഹാരികയെ ഞാൻ ഞങ്ങടെ മുറിയിലേക്ക് കൂട്ടി..”പോയി ഫ്രഷ് ആവണമെങ്കിൽ ആയിക്കൊളു..”എന്ന എന്റെ വാക്കുകൾ കേട്ടതും ഡ്രസും എടുത്ത് അവള് ബാത്റൂമിൽ കയറി..
ആ സമയം ഞാൻ എന്റെയും,കിച്ചുവേട്ടന്റെയും ഓർമകളിലേക്ക് ചേക്കേറി.അവിടെ എത്തിയാൽ ഇത് പതിവാണ്..നീഹാരിക കുളിച്ച് വന്നതും ഞാനും പോയി കുളിച്ചു .”ഇനി ഒന്ന് ഉറങ്ങാം..അമ്മ 5 മണിക്ക് എഴുന്നേൽക്കും..അപ്പൊൾ കാണാം.” എന്ന് പറഞ്ഞ് ഞങ്ങൾ കിടന്നു.. കിടന്നത് അറിയാതെ നീഹാരിക ഉറങ്ങി..പക്ഷേ ഞാൻ മാത്രം ഉറക്കം ഇല്ലാതെ എന്തൊക്കെയോ ചിന്തിച്ച് കിടന്നു..രാവിലെ അലാറം അടിച്ചതും ഞാൻ അവളെ വിളിച്ചുണർത്തി.. “വാ അമ്മയെ കാണാം..”എന്ന് പറഞ്ഞ് ഞാൻ മുറിക്ക് പുറത്തേക്ക് എത്തിയതും അമ്മ മുറിയുടെ വാതിൽക്കൽ നിൽക്കുന്നു.. ”
അമ്മു എഴുന്നേറ്റ് വന്നോ?അച്ഛൻ ഇപ്പൊൾ പറഞ്ഞു അമ്മുവും,കണ്ണനും വന്നുന്ന് ..അതാ അമ്മ ഓടി വന്നത്.”.അത്രയും പറഞ്ഞ് തീർത്ത് അമ്മയുടെ കണ്ണുകൾ നീഹാരികയുടെ മുഖത്തേക്ക് പതിച്ചു… അമ്മ നോക്കുന്നത് കണ്ട് അവൾ അമ്മയെ ഒന്ന് പുഞ്ചിരിച്ച് കാണിച്ചു..തിരിച്ചു അമ്മയും..”ഇതാരാ, അമ്മുവിന്റെ കൂട്ടുകാരി ആണോ?”അമ്മയുടെ ചോദ്യം കേട്ട് ഞാൻ അമ്മയെയും കൊണ്ട് പതിയെ നടന്നു. “എല്ലാം പറയാം..വാ രണ്ടാളും..”ഞാൻ പറഞ്ഞത് കേട്ട് അവര് എന്റൊപ്പം വന്നു.. എല്ലാവരെയും കിച്ചുവേട്ടന്റെ ഫോട്ടോയ്ക്ക് അടുത്തായി കൊണ്ട് ഇരുത്തി ഞാൻ..എന്നിട്ട് ഞാൻ പറഞ്ഞു തുടങ്ങി..
“അമ്മേ ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൽ ഒരിക്കൽ അമ്മയുടെ കിച്ചു നിങ്ങളോട് പറയാൻ ഇരുന്നത് ആണ്..പക്ഷേ അത് പൂർത്തിയാക്കാതെ കിച്ചു പോയി..അത് കൊണ്ടാണ് ഇപ്പൊൾ ഞാൻ പറയേണ്ട വന്നത്..” എന്റെ വാക്കുകൾ കേട്ട് അച്ഛനും,അമ്മയും ഒന്നും മനസ്സിലാകാതെ എന്നെ നോക്കി..ഞാൻ പതിയെ നീഹാരികയെ അടുത്തേക്ക് വിളിച്ചു..അവളുടെ കൈ എടുത്ത് അമ്മയുടെ കൈയിൽ കൊടുത്തു.. “അമ്മയുടെ കൂടെ ഇൗ വീട്ടിൽ ഇനി ഉണ്ടാവേണ്ട കുട്ടിയാണ് ഇവള്..നീഹാരിക..നമ്മുടെ കണ്ണേട്ടന്റെ ഭാര്യ ആയി ,എന്റെ അച്ഛന്റെയും,അമ്മയുടെയും മകളായി ഇവളുണ്ടാകും ഇവിടെ..
അമ്മു ഇല്ലേലും അതിൻറെ ഒരു കുറവും അറിയിക്കാതെ ഇവള് നിങ്ങളെ നോക്കും..” “ഇതെല്ലാം നിങ്ങളെ പറഞ്ഞ് സമ്മതിപ്പിക്കാം എന്ന് കണ്ണേട്ടന് വാക്ക് കൊടുത്ത ആള് എല്ലാം എന്നെ ഏല്പ്പിച്ചു യാത്രയായി..അത് കൊണ്ടാണ് ഇപ്പൊൾ എനിക്ക് നിങ്ങളോട് ഇതൊക്കെ പറയാനായി നിൽക്കേണ്ടി വന്നത്..” ഇത്രയും പറഞ്ഞിട്ടും അവർക്ക് ഒന്നും മനസ്സിലായില്ല എന്ന് കണ്ട് ബാക്കി കാര്യങ്ങൽ മുഴുവൻ ഞാൻ അവരോട് പറഞ്ഞു.. കണ്ണേട്ടൻ സ്നേഹിക്കുന്ന പെൺകുട്ടി ആണെന്നും, ബാക്കി സംഭവങ്ങളും എല്ലാം കേട്ട് അമ്മ ഞങ്ങളെ രണ്ടു പേരെയും ചേർത്ത് കെട്ടിപിടിച്ചു… “അമ്മു,എന്റെ മോളോട് അമ്മ എന്താ പറയുക?അമ്മയ്ക്ക് സന്തോഷമായി..
ഒത്തിരി സന്തോഷം ഇനി ഇൗ നിമിഷം മരിച്ചാൽ പോലും കുഴപ്പമില്ല..ഇൗ കുടുംബം ഇങ്ങനെ തിരികെ കൊണ്ട് വരാൻ എന്റെ കുഞ്ഞ് ഒരുപാട് കഷ്ടപ്പെടുന്നുണ്ട്..അമ്മയ്ക്ക് അറിയാം അത്..” ഇത്രയും പറഞ്ഞ് അമ്മ കരഞ്ഞു തുടങ്ങി..”അയ്യേ ഇതെന്താ അമ്മക്കുട്ടി കരയുന്നോ?നിങ്ങളെ കരയിച്ചാൽ നിങ്ങടെ കിച്ചു എന്നെ വഴക്കു പറയും..നിങ്ങളെ സന്തോഷത്തോടെ ഇരുത്താൻ അല്ലേ ഞാൻ ഇതെല്ലാം ചെയ്യുന്നേ..” അതും പറഞ്ഞു ഞാൻ അമ്മയെ പിടിച്ച് സോഫയിൽ ഇരുത്തി..”ഇത് സന്തോഷം കൊണ്ടാണ് മക്കളെ”..എന്നും പറഞ്ഞു അമ്മ എന്റെ കയ്യിൽ പിടിച്ചു..ശേഷം നോട്ടം നീഹാരികയുടെ നേരെയായി..”മോള് ഇങ്ങ് വാ “എന്ന് പറഞ്ഞ് കൈകാട്ടി വിളിച്ചു..
ഞാൻ അവളെ പിടിച്ച് അവിടെ അച്ഛന്റെയും, അമ്മയുടെയും നടുവിലായി കൊണ്ടിരുത്തി..അവര് സംസാരിക്കുന്നത് കണ്ട് നോക്കി നിന്നു..പിന്നെ തിരിഞ്ഞ് കിച്ചുവേട്ടനെ നോക്കി..കിച്ചുവേട്ടൻ എന്നെ നോക്കി ചിരിക്കുന്നു എന്നെനിക്ക് തോന്നി.. കിച്ചുവേട്ടാ അമ്മൂസ് എന്നെ ഏൽപ്പിച്ച കടമകൾ നിറവേറ്റുക ആണ്..ഇവിടുത്തെ കാര്യങ്ങൾ തീർന്ന് തുടങ്ങി..ഇനി അപ്പു കൂടെ വന്നാൽ നമുക്ക് നമ്മുടെ ലക്ഷ്യങ്ങളിലേയ്ക്ക് യാത്രയാകാം കേട്ടോ…
തുടരും…